ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും അക്രമം. തൗബാല്‍ ജില്ലയിലെ ലിലോംഗ് പ്രദേശത്ത് അജ്ഞാതരായ സായുധരായ അക്രമികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തൗബാല്‍ ജില്ലയിലെ ലിലോംഗിലാണ് സംഭവം. സംഭവത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. സായുധരായ അക്രമികള്‍ സാധാരണക്കാര്‍ക്ക് നേരെ വെടി വെക്കുകയായിരുന്നു. തൗബാല്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ അക്രമത്തെ തുടര്‍ന്ന് വീണ്ടും ഇതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
‘ജില്ലയില്‍ ക്രമസമാധാന നില ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരി ക്കുന്നതിന് മുന്‍കരുതല്‍ നടപടിയായും 2023 ഡിസംബര്‍ 31 ലെ കര്‍ഫ്യൂ ഇളവ് ഉത്തരവ് റദ്ദാക്കി സമ്പൂര്‍ണ കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ എല്ലാ മേഖലകളിലും കര്‍ഫ്യു ഉടനടി പ്രാബല്യത്തില്‍ വരും.’ ഇംഫാല്‍ വെസ്റ്റിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് സമാധാന ആഹ്വാനവുമായി സംഭവത്തിന് പിന്നാലെ രംഗത്തെത്തി. ഇനി ഒരു അക്രമവും’ ഉണ്ടാക്കരുതെന്നും പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം ലിലോംഗ് നിവാസികളോട് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ നിസാരമായി എടുക്കില്ല. കുറ്റവാളികളെ പിടികൂടാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിക്കും. ഒരു വീഡിയോ സന്ദേശത്തില്‍ എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.