Connect with us

Hi, what are you looking for?

Exclusive

വീണയുടെ വക്കീലിന് പിണറായി കൊടുത്തത് കോടികൾ

ഒന്നിനും കാശില്ല. പാവപ്പെട്ട രോഗികൾ മരുന്നു വാങ്ങാൻ പോലും ഗതിയില്ലാതെ വലയുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നില്ലേയില്ല. പുറമെ നിന്ന് കടമെങ്കിലും വാങ്ങാമെന്നുവച്ചാൽ അതിന് മരുന്നു കിട്ടണ്ടെ. മരുന്നുകമ്പനികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക കോടികളാണ്. എന്നാലും മരുന്നുമന്ത്രിയുടെ തള്ളിന് ഒരു കുറവുമില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടാക്കി. വികസിത രാജ്യത്തേക്കാൾ കെങ്കേമമാണ് ഇവിടുത്തെ സജ്ജീകരണങ്ങളെന്നാണ് വീമ്പടി. എന്നാൽ മുഖ്യമന്ത്രിക്ക് മൂക്കടപ്പ് വന്നാൽ ഉടൻ പറക്കണം അമേരിക്കയിലേക്ക്. കോൺഗ്രസ് നേതാവിന് ശബ്ദം കുറഞ്ഞാലും എടുത്തോടണം അമേരിക്കയിലേക്ക്. ലക്ഷങ്ങളാണ് ഇങ്ങനെ പോകുന്നവർക്ക് ചെലവ്. അതൊക്കെ സർക്കാർ ഖജനാവിൽ നിന്ന്. പണമെത്ര ചെലവായാലെന്താ, പത്രാസല്ലെ പ്രധാനം.

മന്ത്രിമാർക്ക് കണ്ണാടി വാങ്ങാൻ ആയിരങ്ങൾ ചെലവാക്കുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി കണ്ണടവാങ്ങിയതിന്റെ കാശുണ്ടെങ്കിൽ പത്തുപേർക്കുള്ള സാമൂഹ്യക്ഷേമപെൻഷൻ നൽകാമായിരുന്നു. പെൻഷൻ കിട്ടാതെ കർഷകൻ ആത്മഹത്യചെയ്യുന്നു. വികലാംഗർ ജീവൻ വെടിയുന്നു. മുഖ്യമന്ത്രിയുടെ വസതിയിലെ ഒന്നാംനിലയിൽ കയറാൻ 25 ലക്ഷം മുടക്കി ലിഫ്റ്റ്, കന്നുകാലിയെ വാങ്ങാനും തൊഴുത്തുകെട്ടാനും ചാണകക്കുഴി കുത്താനും ലക്ഷങ്ങൾ. മുഖ്യമന്ത്രി യുപിയിലേതല്ല, കേരളത്തിലേതാണെന്നോർക്കണം. യുപി മുഖ്യമന്ത്രി സംന്യാസിയാണല്ലൊ. പശുവിനെ വാങ്ങുന്നതും പോറ്റുന്നതും പുണ്യമാണെന്നും കരുതുന്നയാളാണ്. പക്ഷേ, കേരള മുഖ്യൻ സന്യാസിയല്ല, കമ്മ്യൂണിസ്റ്റ്. എന്നിട്ടും പശുക്കളോട് പ്രേമം. സംഘികളെ ചാണകമെന്നാക്ഷേപിക്കുന്നവരുടെ തൊഴുത്ത് പ്രേമം കെങ്കേമം. അതിനായി ലക്ഷങ്ങൾ മുടക്കിയാലെന്താ? അതും പത്രാസാണല്ലൊ. നീന്തൽ കുളത്തിന്റെ ചെലവ് ലക്ഷങ്ങൾ വേറെ.

27കോടി മുടക്കി തിരുവനന്തപുരത്തൊരു പത്രാസ് നടത്തി. അതിന് 10 കോടി കൂടി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സ്‌പോൺസർമാരെ കണ്ടെത്തി ശേഖരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ആ വഴിക്ക് എത്ര കിട്ടി എന്നതിന് ഒരു കൈയും കണക്കുമില്ല. അതിനുശേഷമാണ് കോടിയിലധികം മുടക്കി ആർഭാടപൂർവം ബസ് ഒരുക്കി മന്ത്രിമാരുടെ യാത്ര. അതുകൊണ്ടെന്ത് നേടി എന്നാരും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല എന്നല്ലെ ചൊല്ല്. എല്ലാ മന്ത്രിമാരും ഒരൊറ്റ ബസിൽ യാത്ര. അത് നല്ല കാര്യം തന്നെ. മന്ത്രിമാരെല്ലാരും കാറിൽ പോയാലെന്താവും ചെലവ്? ചോദ്യം അസലായി. പക്ഷേ ബസിനൊപ്പം മന്ത്രിമാരുടെയെല്ലാം കാറുമുണ്ടായിരുന്നു. വകുപ്പുദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരായ പോലീസുവണ്ടിയും മഞ്ചേശ്വരം മുതൽ പാറശാലവരെ പിന്തുടർന്നു. ഇതിനെല്ലാം കൂടി എത്രചെലവായി എന്നും ചോദിക്കുന്നു. പണം ചെലവാകട്ടെ എന്നാലല്ലെ പത്രാസ് കാണിക്കാൻ പറ്റൂ.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നത് പരാതി കേൾക്കാനും നിവേദനം സ്വീകരിക്കാനുമാണെന്നായിരുന്നു അദ്യം കേട്ടത്. പിന്നടല്ലെ ഗുട്ടൻസ് മനസ്സിലായത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു നിവേദനം പോലും നേരിട്ട് സ്വീകരിച്ചില്ല. അതിനെല്ലാം പ്രത്യേകം പ്രത്യേകം മേശയിട്ടിരിക്കുന്നു ഉദ്യോഗസ്ഥർ. നിവേദനങ്ങൾ സ്വീകരിക്കപ്പെടും എന്ന ബോഡും വച്ച് – ഇതിലെത്ര നിവേദനങ്ങൾ തീർപ്പായി എന്നതും ഒരു തമാശ എന്ന് കണക്കാക്കിയാൽ മതി. മ്യൂസിയത്തിലായിരിക്കും മന്ത്രിമാർ സഞ്ചരിച്ച ഈ ബസിന്റെ ഇരിപ്പിടം എന്ന് കേട്ടിരുന്നു. എന്നാൽ ആ ബസ് ഇപ്പോൾ തിരുവനന്തപുരത്ത് പോലീസ് ക്യാമ്പിൽ. അവരുടെ സംരക്ഷണത്തിൽ കഴിയുകയാണ്. ആരും കാണാതെയുള്ള ഈ വാസത്തിന് ചെലവൊന്നുമില്ല. പക്ഷേ പണ്ട് പറഞ്ഞതെന്തായി എന്നാരും ചോദിക്കരുത്. പത്രാസല്ലെ നമുക്ക് പ്രധാനം.

ഇനി വേറൊരു വിഷയമെടുക്കാം. സർക്കാറിന്റെയും പാർട്ടിയുടേയും കേമത്തം സംരക്ഷിക്കപ്പെടണം. പത്രാസ് സംരക്ഷിക്കുകയും വേണം. പണമില്ലെന്ന് പാടിക്കൊണ്ടിരിക്കുന്ന സർക്കാർ വാദം കേൾക്കാൻ ഭരണകക്ഷിക്ക് മാത്രമല്ല പ്രതിപക്ഷത്തിനും ബാദ്ധ്യതയില്ലെ. അത് നിയമസഭയിൽ അടിന്തിര പ്രമേയമായി നടപടികൾ നിർത്തിവച്ച് ചർച്ച നടത്തിയാൽ തീരുമോ? ഇരുപക്ഷത്തുള്ളവരും ഘോരഘോരം ചർച്ച നടത്തി. കേന്ദ്രമാണ് കേരളത്തെ ഞെക്കുന്നതെന്ന് ഭരണകക്ഷി. കേരളത്തിന്റെ നികുതി വരുമാനം കുറവാണെന്ന് പ്രതിപക്ഷം. അമ്മനിരക്കീട്ടും മോളുനിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു എന്നു പറഞ്ഞതുപോലെയായി. ഈ പേരിൽ ഫെബ്രുവരി 8ന് ദൽഹിയിൽ നടക്കുന്ന സമരത്തിന് കോപ്പുകൂട്ടാൻ പ്രതിപക്ഷത്തിന്റെ സംഭാവന നന്നായി എന്ന് മുഖ്യമന്ത്രി. അതെങ്കിലും ചെയ്ത് സർക്കാരിനെ തുണയ്‌ക്കാൻ കഴിഞ്ഞല്ലൊ എന്ന സംതൃപ്തിയിൽ പ്രതിപക്ഷവും.

ഖജനാവിൽ പണമില്ലെന്ന് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പാടിക്കൊണ്ടിരിക്കുന്ന സർക്കാരിന് വക്കീൽ ഫീസ് കൊടുക്കാൻ ഒരു ദാരിദ്ര്യവുമില്ല. പല കേസുകളിലും തോറ്റുകൊടുക്കാൻ വക്കീലിനെ കണ്ടെത്തുന്ന സർക്കാർ ചില കേസുകളിൽ മേലെയും താഴെയും നോക്കാതെ ഫീസ് കൊടുക്കും. അതിലൊന്നാണ് നിയമസഭയിലെ തമ്മിലടിക്കേസ്. അതിനെത്രയാണ് സർക്കാർ നൽകിയതെന്നല്ലെ. വെറും 16.50 ലക്ഷം മാത്രം. പ്രതികളെ രക്ഷിക്കാനാണിത്. പ്രതികളെ രക്ഷിക്കാൻ അതിലും കൂടുതൽ ചെലവാക്കിയിട്ടുണ്ട്. അതിലൊന്നാണ് പെരിയ ഇരട്ടക്കൊലക്കേസ്. ഇതിൽ ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനടക്കം 21 പ്രതികളാണുള്ളത്. യൂത്ത് കോൺഗ്രസുകാരായിരുന്നു ഇരകൾ. ശരത്‌ലാലും കൃപേഷും. ഇതിൽ പ്രതികൾക്കുവേണ്ടി ആദ്യം ഹാജരായതാരെന്നല്ലെ കോൺഗ്രസ് നേതാവ് സി.കെ. ശ്രീധരൻ. ഇതിനെതിരെ കെ.സുധാകരൻ ഉറഞ്ഞുതുള്ളുക തന്നെ ചെയ്തു. ഒടുവിൽ സുപ്രീം കോടതി വക്കീലിന്റെ സഹായം തേടി. ഒരു കോടി 14 ലക്ഷം രൂപ. മട്ടന്നൂരിലെ ഷുഹൈബ് കേസിലും ഖജനാവ് കാലിയാണോ എന്ന് നോക്കിയില്ല. 96.34 ലക്ഷം രൂപ മാർക്‌സിസ്റ്റ് പ്രതികൾക്കായി ചെലവാക്കി. സോളാർ കേസിന് 1.40 കോടി, ഇതരസംസ്ഥാന ലോട്ടറി കേസ് 1.78 കോടി, ലൈഫ് മിഷൻ കേസ് 55 ലക്ഷം. ചെറുവള്ളി എസ്റ്റേറ്റ് കേസ് 16.50 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ പ്രഗത്ഭരായ വക്കീലന്മാർക്ക് നൽകിയ ഫീസ്.

ഇതിനേക്കാൾ പ്രധാനമാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ കേസിനായി വക്കീലിനെ തേടിയത്. വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ കെഎസ്‌ഐഡിസി ഇറക്കിയത് സുപ്രീം കോടതിയിൽ അയോധ്യ രാമജന്മഭൂമി കേസിൽ രാംലല്ലയ്‌ക്കു വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ എന്ന അഭിഭാഷകനെ. ഹൈക്കോടതിയിൽ കഴിഞ്ഞ 24ന് ഓൺലൈനായി ഹാജരായ ഇദ്ദേഹം ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു കെഎസ്‌ഐഡിസിക്കു കത്തു നൽകി. പുറമേ ഓഫിസ് ചാർജും നൽകണം. തുടർന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകുമെന്നാണു സൂചന. മൊത്തം 27.75 ലക്ഷം രൂപയായത്രെ.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവാദത്തിലായ സിഎംആർഎല്ലിൽ 13.4% അഥവാ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്‌ഐഡിസിക്കുണ്ട്. എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള പണമിടപാടു സംബന്ധിച്ചു കെഎസ്‌ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെത്തുടർന്നു കമ്പനി നിയമം 210 പ്രകാരമുള്ള അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നടത്തുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹർജിയിൽ നാലാം എതിർകക്ഷിയുമാണ് കെഎസ്‌ഐഡിസി.

അന്വേഷണക്കുരുക്കു മുറുകുന്ന സാഹചര്യത്തിലാണു മുതിർന്ന അഭിഭാഷകനെ സമീപിച്ചത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിയുടെ മാനേജ്‌മെന്റ് സർക്കാർ നിർദേശമില്ലാതെ ഇതിനു മുതിരില്ല. ഈ കേസ് കുത്തിപ്പൊക്കിയ മാത്യുകുഴൽനാടനേയും ഷിബു ജോർജിനെയും പൂട്ടാൻ പറ്റാവുന്ന പണിയൊക്കെ ചെയ്യുന്നുണ്ട്. കുഴൽനാടൻ ഇടുക്കിയിൽ 50 സെന്റ് സ്ഥലം വെട്ടിപ്പിടിച്ചു എന്ന് ആക്ഷേപവും നടപടിയും തുടങ്ങി. ഇനി എന്തൊക്കെ കാണേണ്ടിവരുമെന്ന് കാത്തിരിക്കാം. എന്തോന്ന് കാത്തിരിക്കാൻ. പണം പോട്ടെ പത്രാസല്ലെ നമുക്ക് പ്രധാനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...