Connect with us

Hi, what are you looking for?

Crime,

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി.

ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ലെന്ന വാശി പിടിച്ച ഡൽഹി മുഖ്യനെ വീട്ടിലെത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു പുറമേ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്‌രിവാള്‍. സിസോദിയയുടെ മുന്‍ സെക്രട്ടറി സി.അരവിന്ദ് നല്‍കിയ മൊഴിയും എഎപിക്കു തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ.

ഇ ഡി നൽകിയ സമൻസുകളൊക്കെ ഓരോ തവണയും കേജ്‌‌‌രിവാൾ തള്ളുകയായിരുന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻമുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേ കേസിൽ അറസ്റ്റു ചെയ്തപ്പോഴും ലവലേശം കുലുങ്ങാതിരുന്ന കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ചതാണ് അറസ്റ്റിലേക്ക് വഴി തുറക്കുന്നത്.

ഹൈദരാബാദിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടു വിലായിരുന്നു ഇതേ കേസിൽ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ‌‌ ഒന്നിനുപിറകേ ഒന്നായി സമൻസ് വന്നുകൊണ്ടിരിക്കുമ്പോൾ ആവട്ടെ തിരഞ്ഞെടുപ്പുയോഗങ്ങളിലും കേന്ദ്രത്തിനെതിരായ സംസ്ഥാനങ്ങളുടെ സമരത്തിലുമെല്ലാം കേജ്‌രിവാൾ സജീവമായിരുന്നു. മോദിയെ തുടരെ തുടരെ കേജ്‌രിവാൾ ചീത്തവിളിച്ചുകൊണ്ടേയിരുന്നു. മോദിക്ക് വോട്ടുചെയ്യുമെന്ന് പറയുന്ന ഭർത്താക്കന്മാർക്ക് അത്താഴം വിളമ്പരുതെന്ന് ഡൽഹിയിലെ വീട്ടമ്മമാരോട് ആഹ്വാനം ചെയ്യുകയും അതിനായി 1000 രൂപ വീതം വീട്ടമ്മമാർക്ക് പഴ്‌സിൽ വച്ചുതരുമെന്ന് വാഗ്ദാനം നൽകുകയും ഉണ്ടായി. ഭാര്യ പറഞ്ഞാൽ ഏതുഭർത്താവിനാണ് കേൾക്കാതിരിക്കാനാവുകയെന്നായിരുന്നു കേജ്‌രിവാളിന്റെ ചോദ്യം. ഒരു കൂസലില്ലാതെ ബിജെപിയെയും ഇഡിയെയും കേജ്‌രിവാൾ വെല്ലുവിളിച്ചതോടെയാണ് കോടതിയെ സമീപിക്കാൻ ഇഡി തീരുമാനിക്കുന്നത്.

100 കോടിയുടെ മദ്യക്കെണിയായ ഡൽഹി മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ 15 പേരെയാണ് സിബിഐ പ്രതി ചേർത്തിരുന്നത്. ആദ്യ പ്രതി മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് മാർച്ച് 9നു ഇഡിയും മനീഷ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റ പിറകെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിക്കുകയാണ് ഉണ്ടായത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു.

ഒരു വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം പുതിയ മദ്യനയം പ്രാബല്യത്തിൽ വരുമ്പോൾ സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി നഗരത്തെ 32 സോണുകളായി തിരിക്കുകയും, ഓരോ സോണിലും 27 ഔട്ട്‌ലെറ്റുകൾ തുറക്കാൻ തീരുമാനിക്കുകയുമാണ് ഉണ്ടായത്. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് തുടർന്ന് കേജ്‌രിവാൾ സർക്കാർ നൽകി. സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം ഇതോടെ അവസാനിച്ചെങ്കിലും, ഈ നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ രംഗത്തെത്തുകയായിരുന്നു. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയിൽ മദ്യം വിതരണം ചെയ്യപ്പെടു മെന്ന് സർക്കാർ വാദിച്ചു നോക്കിയെങ്കിലും ഒന്നും ഏശിയില്ല. വിവാദങ്ങൾക്കൊടുവിൽ 2022 ജൂലൈയിൽ പുതിയ നയം റദ്ദ് ചെയ്ത് പഴയത് പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്. മദ്യവിൽപ്പനയ്ക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം വരെ ചെയ്തുവെന്നാണ് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുന്നത്.

മദ്യവിൽപ്പനയ്ക്ക് ലൈസൻസ് നേടാൻ പണം കെട്ടിവയ്ക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകുകയും, ഇതിലൂടെ സ്വകാര്യ, ചെറുകിട വ്യാപാരികൾ വൻ സാമ്പത്തിക ലാഭമുണ്ടാക്കുകയും ആയിരുന്നു. ഇത് വഴി സർക്കാർ ഖജനാവിന് വൻ സാമ്പത്തിക നഷ്ടം ആണ് ഉണ്ടായത്. ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐ ഇതേ പറ്റി പിന്നീട് കണ്ടെത്തുന്നത്. ലൈസൻസിന്റെ പേരിൽ വലിയ തുകകൾ ഉപഹാരമായി പല നേതാക്കളും കൈപറ്റി. ഇതിന്റെ ഒരു ഭാഗം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോലും ഉപയോഗിക്കപ്പെട്ടു.

ഡൽഹി ചീഫ് സെക്രട്ടറി എഴുതിയ ഒരു റിപ്പോർട്ടാണ് ഡൽഹി മദ്യനയ അഴിമതിയിലേക്ക് ആദ്യം വിരൽ ചൂണ്ടുന്നത്. 1991ലെ ജിഎൻസിടിഡി നിയമം, 1993 ലെ ട്രാൻസ്ഫർ ഓഫ് ബിസിനസ് റൂൾസ്, 2009, 2010 വർഷങ്ങളിലെ ഡൽഹി എക്സൈസ് നിയമങ്ങൾ എന്നിവ ലംഘിക്കപ്പെട്ടു എന്നായിരുന്നു ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിറകെയാണ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിടുന്നത്. 2022 ജൂലൈ 22ന് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. സിബിഐ കേസ് അന്വേഷണം ആരംഭിച്ച ശേഷമാണ് വിവാദമായ ‘100 കോടിയുടെ മദ്യക്കെണി’ യുമായി ബന്ധപെട്ടു ഇ.ഡി കേസ് റജിസ്റ്റർ ചെയ്യുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിക്ക് പിന്നിൽ നടന്നതെന്നായിരുന്നു തുടർന്നുള്ള ഇ.ഡിയുടെ കണ്ടെത്തൽ. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ.കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പിതെണ്ണം ആണ് നൽകുന്നത്. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായി രുന്നു ഈ ഇടപാട്. ഇതിലെ 12 ശതമാനത്തില്‍ നിന്ന് 6 ശതമാനം മൊത്തക്കച്ചവടക്കാരില്‍ നിന്ന് നേരെ എഎപി നേതാക്കള്‍ക്ക് ലഭിക്കുന്ന തരത്തിലായിരുന്നു ഇടപാടുകൾ നടന്നത്. ഇത്തരത്തില്‍ 100 കോടി രൂപ എഎപിക്കു ലഭിച്ചുവെന്നും ഇ.ഡി. വ്യക്തമാക്കുന്നു.

എഎപിയുടെ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചാർജ് വഹിച്ചിരുന്ന വിജയ് നായറിലേക്കായിരുന്നു പണം ഒഴുകിയത്. വിജയ് നായർ കേജ്‌രിവാളിന്റെ വിശ്വസ്തനാണെന്നും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കിയത് ഇയാളാണെന്നും ഇ.ഡി പറയുന്നു. സമീര്‍ മഹേന്ദ്രുവെ ന്ന വ്യാപാരിയുടെ മൊഴിപ്രകാരം മദ്യനയം കേജ്‌രിവാളിന്റെ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് സമീര്‍ മഹേന്ദ്രുവെന്ന വ്യാപാരിയുടെ മൊഴി തെളിവായി ഇ.ഡി വ്യക്തമാക്കുന്നു. വിജയ് നായരാണ് കേജ്‌രിവാളുമായി ബന്ധപ്പെടുത്തിയതെന്ന് സമീറിന്റെ മൊഴിയിൽ ഉണ്ട്. വിജയ് തന്റെ കുട്ടിയാണെന്നും വിശ്വസിക്കാമെന്നും കേജ്‌രിവാള്‍ വിഡിയോകോളില്‍ പറഞ്ഞതായി സമീര്‍ മൊഴി നല്‍കിഎത്തും കേജിരിവാളിനു വിനയായി.

ഇഡിയുടെ സമൻസുകൾക്ക് പുല്ലുവില കല്പിച്ചും നിയമവിരുദ്ധമെന്ന് ആരോപിച്ചും തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് ഇഡി കോടതിയെ സമീപിക്കുന്നത്. തുടർന്ന് ഇഡിയുടെ ഹർജിയിൽ അഡീഷണൽ ചീഫ് മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കേജ്‌രിവാളിന് സമൻസ് അയച്ചു. കോടതിയിൽ ഹാജരായ കേജ്‌രിവാളിന് കോടതി ജാമ്യമനുവദിച്ചതിന് പിറകേ മാർച്ച് 21ന് മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ട് ഒൻപതാമതും ഇഡി സമൻസ് അയക്കുകയായിരുന്നു. ഇതോടെയാണ് നിയമ യുദ്ധം ഹൈക്കോടതിയിലേക്കെത്തുന്നത്.

ഇ ഡിയുടെ നോട്ടിസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുന്നതും കേജ്‌രിവാളായിരുന്നു. പക്ഷേ കോടതി കേന്ദ്ര ഏജൻസിയുടെ നടപടികളെ തൃണവൽക്കരിച്ച് ഡൽഹി മുഖ്യമന്ത്രിയുടെ നടപടിയെ ശാസിക്കുകയാണ് ഉണ്ടായത്. ‘എന്തുകൊണ്ടു നിങ്ങൾക്കു ഹാജരായിക്കൂടാ? എന്താണ് നിങ്ങളെ തടയുന്നത്’ എന്നായിരുന്നു കോടതി ചോദിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണു ഇ.ഡി ആദ്യ സമൻസ് നൽകിയതെന്നു നിരീക്ഷിച്ച കോടതി എഎപി നേതാവ് രാജ്യത്തെ പൗരൻ ആണെന്ന് ഓർക്കണമെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയാണ് ഉണ്ടായത്.

ചോദ്യം ചെയ്യലിനു ഹാജരാകുന്നതിൽ തടസ്സമില്ലെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ നിന്നു ഇടക്കാല സംരക്ഷണം വേണമെന്നും ആണ് കേജ്‌രി വാൾ കോടതിയിൽ പറഞ്ഞത്. ഇതിനിടെ ഇഡിയുടെ പ്രവർത്തനരീതിയിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എഎപി നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ എന്നിവരുടെ അറസ്റ്റിന്റെ വിവരങ്ങൾ സിങ്‌വി കോടതിയിൽ പരാമർശിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കേജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ആവശ്യപ്പെട്ട കോടതി, കേജ്‌രിവാളിന്റെ വാദങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഇടക്കാല സംരക്ഷണം വേണമെന്ന കേജ്‌രിവാളിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു.

തൊട്ടു പിറകെ കേജ്‌രിവാളിന്റെ വസതിയിലേക്ക് സെർച്ച് വാറന്റുമായി ഇ ഡി സംഘം ഇരച്ചെത്തുകയായിരുന്നു. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹത്തെ അതിനോടകം വിന്യസിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഇഡി ജോയിൻ്റ് ഡയറക്ടർ കപിൽ രാജ് ഉൾപ്പടെ പന്ത്രണ്ടോളം ഇ.ഡി ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധനയും ചോദ്യം ചെയ്യലും നടത്തുന്നത്. ആരേയും അകത്തേക്ക് കടത്തി വിട്ടില്ല. മൊബൈലുകൾ വാങ്ങിവെച്ചു. എഎപി പ്രവർത്തകരും നേതാക്കളും വസതിക്ക് പുറത്ത് നിലയുറപ്പിച്ചിരിക്കെ ഒടുവിൽ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ച് എഎപി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ജയിലിനുള്ളിൽ ഇരുന്ന് ഭരിക്കുമെന്നാണ് കേജ്‌രിവാൾ പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...