ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ ജാനകി ഈശ്വർ
സംഗീതസംവിധായകന് ഡി.ഇമ്മന്റെ സംഗീതത്തിൽ തമിഴ് സിനിമക്കായി പാടും. പാർഥിപന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ജാനകി ഗാനം ആലപിക്കുന്നത്.
സംഗീതസംവിധായകന് ഡി.ഇമ്മൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യകുറിപ്പിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കൗമാരക്കാരിയായ ജാനകിയെ തന്റെ പാട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇമ്മൻ കുറിച്ചിരിക്കുന്നു. ജാനകിയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ചിത്രങ്ങളും ഇമ്മൻ പങ്കുവച്ചിരിക്കുകയാണ്.
ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മിന്നുന്ന താരമാണ് ജാനകി ഈശ്വർ. ഓഡീഷനിൽ ‘മാതേ മലയധ്വജ’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഗാനമാണ് ജാനകി ആലപിക്കുന്നത്. ഇതിന്റെ വിഡിയോ വൈറൽ ആയ പിറകെ ഗ്രാമി ജോതാവ് ബില്ലി ഐലിഷിന്റെ ‘ലവ്ലി’ എന്ന ഗാനം പാടുന്നതിന്റെ വിഡിയോയും പുറത്ത് വരുകയായിരുന്നു.
ജാനകി ദ് വോയ്സ് ഷോയുടെ പത്താം സീസണിലായിരുന്നു മത്സരിക്കാനെത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരൻ – ദിവ്യ ദമ്പതികളുടെ മകളാണ് ജാനകി. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. അനൂപും സംഗീത രംഗത്ത് തന്നെ സജീവമാണ്.