Connect with us

Hi, what are you looking for?

India

ഇ ഡി അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിൽ, കരുവന്നൂരിൽ ഇ ഡി എന്താണ് ചെയ്യുന്നത്?

തിരുവനന്തപുരം . സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ ആർക്ക് വേണ്ടി? എന്തിനു വേണ്ടി എന്ന ചോദ്യങ്ങളാണ് സത്യത്തിൽ ഉയർത്തുന്നത്.

അന്വേഷണം നടത്തുന്ന മിക്ക കേസുകളിലും അറസ്റ്റിലായവരുടെയും അറസ്റ്റിലാകേണ്ടവരുടെയും ചട്ടുകങ്ങളായി ചില ഉദ്യോഗസ്ഥന്മാർ മാറിയോ? ഈ ചോദ്യം ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. എൻ ഐ എ ഒഴികെ ഒരു കേന്ദ്ര ഏജൻസിയും നടത്തുന്ന അന്വേഷണങ്ങൾ ഒരു തീരത്ത് അടുക്കുന്നില്ല. ഇത് സംബന്ധിച്ച് കോടതികളിൽ നിന്ന് ചോദ്യശരങ്ങൾ ഉയരുമ്പോൾ പോലും ആഴങ്ങളിൽ മുങ്ങി തപ്പുകയാണവർ. ഇതെന്ത് വിരോധാഭാസമാണ്? അഴിമതി രഹിത ഭരണം എന്ന ദൃഢ പ്രതിജ്ഞയുമായി മുന്നോട്ടു പോകുന്ന മോദി സർക്കാരിന് അപവാദമാണിത്.

അധികാര കസേരകളിരിക്കുന്ന ഉദ്യോഗസ്ഥ തൻപ്രമാണിത്തം ആരെയാണ് കബളിപ്പിക്കുന്നത് ? ജനത്തെയോ? അതോ നരേന്ദ്ര മോദിയെയോ? എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനം ചർച്ച ചെയ്യുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച സി പി എം നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിരുന്നതും ഈ സാഹചര്യത്തിലാണ്. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതിലാണ് കോടതിയുടെ വിമര്‍ശനം. ‘ഈ കേസില്‍ എന്താണ് ഇ ഡി ചെയ്യുന്നത്’ എന്നാണു കോടതി ചോദിച്ചിരിക്കുന്നത്. അന്വേഷണം മന്ദഗതിയാലകരുത് എന്നും ഹൈക്കോടതിക്ക് പറയേണ്ടി വന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കണം എന്നും അന്വേഷണ ഏജന്‍സിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നുമാണ് ഇ ഡിയുടെ നിലപാട്. അതേസമയം അന്വേഷണത്തിനിടയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായിട്ടാണ് ഇ ഡി കോടതിയിൽ കാരണം പറഞ്ഞിരിക്കുന്നത്. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി. രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്റ്റേ നേടി എന്നും ഇ ഡി പറഞ്ഞിരിക്കുന്നു.

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും ഇ ഡി വ്യക്തമാക്കി. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ ഡി അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും സമന്‍സ് അയക്കുന്നുണ്ട്.

എന്നാല്‍ എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല എന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത് എന്നും കോടതി ഇ ഡി യോട് പറഞ്ഞിരിക്കുന്നത് ഈ കേസിൽ നിർണായകമാണ്. നിക്ഷേപകര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ് എന്ന് ഓർമ്മിപ്പിക്കാനും കോടതി മറന്നിട്ടില്ല.

അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നാണ് ഇ ഡി യോട് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്നാണ് ഇ ഡി പറയുന്നത്. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിലുമായി 6.60 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളത് എന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) 2023 നവംബർ 1 നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കുറ്റങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്.

സിപിഐ എം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിആർ അരവിന്ദാക്ഷൻ, സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയായ പി.സതീഷ്കുമാർ, ബാങ്കിലെ അക്കൗണ്ടൻ്റ് സി.കെ.ജിൽസി, തൃശൂർ സ്വദേശി പി.പി.കിരൺ എന്നിവരെയാണ് ഇഡി നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ആദ്യം arestt ചെയ്യുന്നത്.

ബാങ്ക് അധികൃതരുടെ ഒത്താശയോടെ പ്രതികൾ ബാങ്കിൽ നിന്ന് വ്യാജ വായ്പയെടുത്ത് ഉണ്ടാക്കിയ പണം തട്ടിയെടുത്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സൊസൈറ്റിയിലെ അംഗങ്ങൾ അറിയാതെ ഒരേ വസ്‌തുവിൽ നിരവധി തവണ ബാങ്ക് നിരവധി വ്യാജ വായ്പകൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അംഗങ്ങളല്ലാത്ത നിരവധി പേർക്ക് ബിനാമി വായ്പ അനുവദിച്ചു, അതും വർധിപ്പിച്ച സ്വത്ത് മൂല്യനിർണയത്തിൽ. ഇപ്രകാരം അനുവദിച്ച വായ്പകൾ പ്രതികൾ തട്ടിയെടുക്കുകയും വെളുപ്പിക്കുകയും ഉണ്ടായി.

സിപിഐ(എം) നേതാക്കളുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാരുമായും ബന്ധമുള്ളതാണീ കേസ്. കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് പ്രമുഖ സിപിഐഎം നേതാക്കളായ എ സി മൊയ്തീനെയും എം കെ കണ്ണനെയും ഇഡി ചോദ്യം ചെയ്തിരുന്നതാണ്. തുടർന്ന് ഇവർക്കെതിരെയുള്ള നടപടികൾ ഇപ്പോഴും ഒച്ചിനെക്കാൾ കഷ്ടമായി ഇഴയുകയാണ്. ഇവിടെ വരെ എത്തി നിൽക്കുകയാണ് കരുവന്നൂരിൽ സി പി എം നേതാക്കൾ ഉൾപ്പടെ കൈയ്യിട്ടു വാരിയ ബാങ്ക് കൊള്ള.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...