കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ് രംഗത്ത്. വീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഷോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് വീണയുടെ പരാതിയിൽ ആണ് കേസ്.
താൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എവിടെയാണ് പരാതിക്കാരി യേയോ അച്ഛനെയോ പരാമർശിച്ചതെന്ന് ഷോൺ ജോർജ് ചോദിക്കുന്നത്. ഫേസ്ബുക്കിലെ ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ. ‘താഴെ കാണുന്ന പോസ്റ്റിൽ എവിടെയാണ് ഞാൻ പരാതിക്കാരിയെയോ അവരുടെ അച്ഛനെയോ ഭർത്താവിനെയോ പരാമർശിച്ചത്. ഇത് കണ്ടപ്പോൾ അത് അവരെയാണ് ഉദ്ദേശിച്ചത് എന്ന് തോന്നിയെങ്കിൽ നാട്ടിൻ പുറത്തു ഒരു ചൊല്ലുണ്ട്. ‘കോഴി കട്ടവന്റെ തലയിൽ പപ്പ്. ‘’’
അച്ഛനും ഭർത്താവും സിപിഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നാണ് വീണയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.