കോഴിക്കോട് . വടകരയിലെ കുഞ്ഞിപ്പള്ളിയില്‍ ഏറെക്കാലമായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍ നിന്ന് തലയോട്ടി കണ്ടെത്തി. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുമ്പോഴാണ് തലയോട്ടി കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും പേപ്പറുകള്‍ക്കും ഇടയിൽ തലയോട്ടി കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസ് തിരക്കി വരുന്നു. ഫോറന്‍സിക് സംഘം അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കടമുറി കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. തലയോട്ടി കണ്ടെത്തിയ കടയുടെ അടുത്തേക്ക് ദീര്‍ഘനാളായി ആരും എത്തിയിരുന്നില്ല.