Connect with us

Hi, what are you looking for?

India

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറി? രാജ്യം ഉറ്റുനോക്കുന്നു

തമിഴ്നാട്ടിലെ മുപ്പത്തൊമ്പതു മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും പത്തൊമ്പതിനു ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടുപ്പു നടക്കുകയാണ്. പതിനേഴു സംസ്ഥാനങ്ങളിലും നാലു കേന്ദ്ര‌ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. ഈ മാസം മുപ്പതിനു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ ഈ മണ്ഡലങ്ങളിൽ പ്രചാരണച്ചൂട് മൂർധന്യതയിലാവും. തമിഴ്‌നാട്ടിലെ ജനവിധി എന്താവുമെന്ന ആകാംക്ഷയിലാണ് ഈ സാഹചര്യത്തിൽ മലയാളികൾ.

വർഷങ്ങളായി ദ്രാവിഡ പാർട്ടികൾ തമ്മിൽ മാറ്റുരക്കപെടുന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് ഏറെ വ്യസ്ഥതയുമായാണ് തമിഴകം ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്നലെ വരെ ഡി എം കെ യും – എ ഐ ഡി എം കെയും ഏറ്റുമുട്ടിയിരുന്ന മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. ദ്രാവിഡ പാർട്ടികൾ തമ്മിലാണ് തമിഴകത്ത് ഏത് തെരഞ്ഞുപ്പുകളിലും പോരാട്ടം നടക്കാറുള്ളത്. ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും ചേരികളിലായി ദേശീയ പാർട്ടികൾ അടക്കം അണിനിരക്കുകയാണ് പതിവ്. ഈ പതിവാണ് തമിഴ്‌നാട്ടിൽ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിനിടെ എടപ്പാടിയുടെ അണ്ണാ ഡിഎംകെ പിന്നിലേക്ക് തള്ളപ്പെടുകയാണ്.

അണ്ണാ ഡിഎംകെയുമായുള്ള സഖ്യം മതിയാക്കി സ്വയം ശക്തി തെളിയിക്കാൻ ഇറങ്ങിയ ബിജെപിക്ക് പതിവിലും മികച്ച പ്രകടനം ഇക്കുറി കാഴ്ചവയ്ക്കാനാവുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ഇക്കുറി മൊത്തം 400 സീറ്റുകൾ കടക്കുക എന്ന ലക്ഷ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണുവച്ചിരിക്കുന്ന പ്രധാന സംസ്ഥാനവും തമിഴ്നാട് തന്നെയാണ്. തമിഴ്നാടും കേരളവും അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പല തവണ മോദി പ്രചാരണത്തിനു എത്തിയതും ഈ സാഹചര്യത്തിലാണ്. ഇനിയും രണ്ടു സംസ്ഥാനങ്ങളിലേക്കും മോദി പ്രചാരണത്തിനായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജയലളിതക്ക് ശേഷം കരുത്തുറ്റ നേതൃത്വം ഇല്ലാതെ പോയത് അണ്ണാ ഡിഎംകെയെ പ്രതികൂലമായി ബാധിച്ചു. ശേഷിച്ച നേതാക്കൾ തമ്മിലുള്ള പോരും കസേരകൾക്കായുള്ള കിടമത്സരങ്ങളും പാർട്ടിയെ തകർച്ചയിലേക്ക് കൂപ്പു കുത്തിക്കുകയായിരുന്നു. കേന്ദ്രത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷയില്ലാത്തവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തിനു ജയിപ്പിക്കണം എന്ന ചോദ്യത്തിനു മുന്നിൽ എടപ്പാടിയും കൂട്ടരും പകച്ചു നിൽക്കുകയാണ്.

അണ്ണാ ഡിഎംകെയ്ക്കു വോട്ടു ചെയ്താൽ അതു തമിഴ്നാടിന് ഒരു ഗുണവും ചെയ്യില്ല എന്ന പ്രചാരണം ജങ്ങൾക്കിടയിൽ പൊതുവെ ഉണ്ടായതും എ ഐ എ ഡി എം കെ ക്ക് കനത്ത തിരിച്ചടിയായി. സംസ്ഥാനത്തു നിന്ന് കൂടുതൽ ബിജെപി എംപിമാരുണ്ടായാൽ കേന്ദ്രഭരണത്തിൽ കൂടുതൽ സ്വാധീനം തമിഴ്നാടിനു കിട്ടുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണു ഈ അവസരം ബി ജെ പി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ.അണ്ണാമലൈയുടെ സംസ്ഥാന വ്യാപകമായ ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന പദയാത്ര വലിയ ജനപിന്തുണ നേടുമ്പോഴും പരിപാടികളിൽ കൂടുതൽ അണിനിരന്നതും പഴയ എ ഐ ഡി എം കെ പ്രവർത്തകരായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനത്തിൽ താഴെയായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇക്കുറി 15 ശതമാനത്തിനു മുകളിലേക്ക് എത്തുമെന്ന് ആണ് രാഷ്ട്രീയ നിരീക്കാകർ ഒന്നടങ്കം പറയുന്നത്. വടക്കൻ തമിഴ്നാട്ടിൽ സ്വാധീന ശക്തിയായ പിഎംകെ പോലുള്ള സഖ്യകക്ഷികളുടെ വോട്ടു കൂടിയാവുമ്പോൾ ബി ജെ പി ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ വർധിക്കും. അണ്ണാമലൈ സൃഷ്ടിച്ച ആ‍ൾക്കൂട്ടങ്ങൾ വോട്ടായി മാറുമോ എന്നതാണു തമിഴക രാഷ്‌ട്രീയം ഇപ്പോൾ ഉറ്റുനോക്കുന്നത്. ദീർഘകാലത്തെ ദ്രവീഡിയൻ ഭരണം മടുത്തുകഴിഞ്ഞ തമിഴ്നാട്ടുകാർ മാറ്റത്തിനു കാത്തിരിക്കുന്നുവെന്നാണ് ബിജെപി നേതാക്കൾ ഇക്കാര്യത്തിൽ അവകാശപ്പെടുന്നത്.

പളനിസ്വാമിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി പിടിച്ചുനിൽക്കുക എന്നത് മാത്രമാണ്. 2014ൽ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ ഒറ്റയ്ക്കു മത്സരിച്ച് തമിഴകം തൂത്തുവാരിയ അണ്ണാ ഡിഎംകെ. മുപ്പത്തൊമ്പതിൽ മുപ്പത്തേഴു സീറ്റും സ്വന്തമാക്കിയിരുന്നു. ബിജെപിയും പിഎംകെയും അന്നും ഒന്നിച്ചായിരുന്നു മത്സരിച്ചത്. രണ്ടു പാർട്ടികൾക്കും അന്ന് ഓരോ സീറ്റ് ആണ് കിട്ടിയത്. കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണനും ധർമപുരിയിൽ അൻപുമണി രാംദോസും ആണ് അന്ന് വിജയിക്കുന്നത്. അന്ന് ബിജെപിയുടെ വോട്ട് വിഹിതം വെറും 5.5 ശതമാനം മാത്രമായിരുന്നു. സീറ്റ് നിലയിൽ ഡിഎംകെ അന്ന് വട്ടപ്പൂജ്യമായിരുന്നു. ജയലളിതയുടെ കാലത്തെ സ്വപ്നതുല്യമായ മുന്നേറ്റം ചൂണ്ടിക്കാട്ടി എല്ലാം ജനങ്ങളാണു നിശ്ചയിക്കുന്നത് എന്ന് സമാധാനിക്കുകയാണ് ഇപ്പോൾ പളനിസ്വാമി.

ബിജെപിക്കെതിരേ കേന്ദ്രത്തിൽ ബദൽ സർക്കാരുണ്ടാക്കാൻ ‘ഇന്ത്യ’ മുന്നണിക്കു മാത്രമേ കഴിയൂ എന്നാണു സ്റ്റാലിൻ ഇപ്പോൾ ജനങ്ങളോട് പറയുന്നത്. അതിനായി ഡിഎംകെയെയും കോൺഗ്രസ് അടക്കം മുന്നണി കക്ഷികളെയും ജയിപ്പിക്കണമെന്നാണ് സ്റ്റാലിന്റെ അഭ്യത്ഥന. ഇതിനാൽ ബിജെപി സർക്കാരിനോട് എതിർപ്പുള്ളവരുടെ വോട്ടുകൾ അണ്ണാ ഡിഎംകെയ്ക്കു കിട്ടില്ല. കേന്ദ്രത്തിൽ മൂന്നാം തവണയും മോദി തന്നെ വരുമെന്നു കരുതുന്നവരാണു ഏറെയും. അങ്ങനെയെങ്കിൽ ബിജെപി മുന്നണിക്കു വോട്ടു ചെയ്യുന്നതല്ലേ നല്ലത് എന്ന ചോദ്യമാണ് തമിഴക രാഷ്ട്രീയത്തിൽ നിലവിലുള്ളത്. ബിജെപിക്കു വോട്ട് കൂടാനുള്ള സാധ്യതക്ക് ഇത് പച്ചക്കൊടി കാട്ടുകയാണ്. പ്രമുഖ ദ്രാവിഡ കക്ഷികളുടെ അഴിമതി അടക്കം ശക്തമായ വിഷയങ്ങൾ ബിജെപി തമിഴകത്ത് ഉയർത്തി വരുകയാണ്. ദേശീയ തലത്തിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കോൺഗ്രസിന് എന്നതും ബിജെപി വാദിക്കുന്നുണ്ട്.

സ്റ്റാലിന്‍റെ നേതൃത്വത്തിൽ കൈവരിച്ച വൻ മുന്നേറ്റത്തിന്‍റെ തുടർച്ച ഈ തെരഞ്ഞെടുപ്പിലും ഡിഎംകെ പ്രതീക്ഷിക്കുന്നു. 2019ൽ മുപ്പത്തെട്ടു സീറ്റും നേടിയത് ഡിഎംകെയുടെ മുന്നണിയായിരുന്നു. ഒരൊറ്റ സീറ്റിലാണ് അന്ന് അണ്ണാ ഡിഎംകെ വിജയിക്കുന്നത്. അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന ബിജെപിക്ക് ഒരു സീറ്റും അന്ന് കിട്ടിയിരുന്നില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ഗംഭീര വിജയം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ച സ്റ്റാലിൻ തനിക്കിപ്പോൾ യാതൊരു വെല്ലുവിളിയും നേരിടാനില്ല എന്ന ആത്മവിശ്വാസത്തിൽ ആണുള്ളത്.

ഇന്ത്യ മുന്നണിയിൽ 21 സീറ്റിലാണ് ഡിഎംകെ ഇക്കുറി മത്സരിക്കുന്നത്. തമിഴ്നാട്ടിലെ ഒമ്പതും പുതുച്ചേരിയിലെ ഒന്നും അടക്കം കോൺഗ്രസിനു 10 സീറ്റുകൾ ആണ് നൽകിയിട്ടുള്ളത്. സിപിഎമ്മും സിപിഐയും വിസികെയും രണ്ടു വീതം സീറ്റിൽ മത്സര രംഗത്ത് ഉണ്ട്. ഐയുഎംഎൽ, എംഡിഎംകെ, കെഎംഡികെ കക്ഷികൾക്ക് ഒരു സീറ്റ് വീതമാണ് നൽകിയിട്ടുള്ളത്. ഡിഎംകെ 21 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കനിമൊഴി ഉൾപ്പെടെ മൂന്നു വനിതകൾ ആണ് ലിസ്റ്റിലുള്ളത്. പതിനൊന്നു പുതുമുഖങ്ങളെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തി എന്നതാണു ഇക്കുറി ശ്രദ്ധേയമായിരിക്കുന്നത്.

സ്റ്റാലിന്‍റെ പ്രകടന പത്രികയും ദേശീയതലത്തിൽ ശ്രദ്ധ നേടി. ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാൽ പാചക വാതക വില സിലിണ്ടറിന് 500 രൂപയാക്കുമെന്നാണു ഒരു വാഗ്ദാനം. പെട്രോൾ ലിറ്ററിന് 75 രൂപയും ഡീസൽ ലിറ്ററിന് 65 രൂപയുമായി കുറയ്ക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശ‍യം ഉപേക്ഷിക്കും, സിഎഎ പിൻവലിക്കും, പുതുച്ചേരിക്കും ജമ്മു കശ്മീരിനും സംസ്ഥാന പദവി നൽകും, നീറ്റ് പരീക്ഷ വേണ്ടെന്നുവയ്ക്കും, ഗവർണറെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്കും അധികാരം നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ കൊണ്ടാണ് ഡി എം കെ ഇന്ത്യയുമായി ചേർന്ന് ബി ജെ പിയുമായി ഏറ്റുമുട്ടുന്നത്.

ഡിഎംഡികെ, എസ്ഡിപിഐ, പുതിയ തമിഴകം തുടങ്ങിയ കക്ഷികളുമായാണ് എടപ്പാടിയുടെ അണ്ണാ ഡിഎംകെ സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഡിഎംഡികെ അഞ്ചു സീറ്റിലാണു മത്സരിക്കുന്നത്. മറ്റു രണ്ടു കക്ഷികൾക്കും ഓരോ സീറ്റ് വീതം നൽകിയിരിക്കുന്നു. 16 സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റും അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചു. ആറു പാർട്ടികളുമായുള്ള സീറ്റ് പങ്കിടൽ ബിജെപി പൂർത്തിയാക്കി. പത്തിടത്താണ് പിഎംകെ മത്സരിക്കുന്നത്. ടിടിവി ദിനകരന്‍റെ എഎംഎംകെയ്ക്ക് രണ്ടു സീറ്റ് നൽകി. ഐജെകെ, പിഎൻകെ, ടിഎംഎംകെ, ഐഎംകെഎംകെ എന്നീ ചെറുകക്ഷികൾ ഓരോ സീറ്റിലാണു ജനവിധി തേടുന്നത്. ജി.കെ. വാസന്‍റെ തമിഴ് മാനില കോൺഗ്രസ് പാർട്ടിയുമായുള്ള സീറ്റ് ധാരണ ഇതുവരെ അന്തിമമായിട്ടില്ല. ദക്ഷിണേന്ത്യയിൽ ആധിപത്യം നേടാനുള്ള ബിജെപിയുടെ പരിശ്രമങ്ങളിൽ ഏറെ പ്രധാന മത്സരമാണ് തമിഴ്‌നാട്ടിൽ ഇത്തവണ നടക്കുക. ഒരു പക്ഷെ തമിഴ്നാട്ടിൽ രാഷ്‌ട്രീയ മാറ്റം ഉണ്ടാവാനുള്ള സാധ്യതകളും കാണുന്നുണ്ട്. അത് സംഭവിക്കുമോ എന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...