Connect with us

Hi, what are you looking for?

Kerala

വിജിലൻസ് തന്നെ മുഖ്യന് പാര പണിതു, കുഴൽനാടൻ ഹൈക്കോടതിയിലേക്ക്, ഇനി കളിയുടെ ലെവൽ മാറും

ഒടുവിൽ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ വിജിലൻസ് അദ്ദേഹത്തെ വെട്ടിലാക്കി. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന വിജിലൻസ് വാദമാണ് മുഖ്യമന്ത്രിയെ കുഴപ്പിക്കാൻ പോകുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലേക്ക് മുഖ്യമന്ത്രിയെയും മകളെയും എറിഞ്ഞുകൊടുക്കുന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് വിജിലൻസ് ഡയറക്ടർ. വിജിലൻസിനെതിരെ മാത്യു കുഴൽ നാടൻ ഹൈക്കോടതിയെ സമീപിക്കും.

ഹൈക്കോടതിയിൽ സമാനമായ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രനായതിനാൽ മാത്യുവിന്റെ ഹർജിയും ദേവൻ രാമചന്ദ്രൻ തന്നെ പരിഗണിക്കും. അങ്ങനെ വന്നാൽ അത് മുഖ്യമന്ത്രിക്ക് കുരുക്കായി മാറും. അതും ഇലക്ഷൻ കാലത്ത്.അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാ ണെന്നാണ് മാത്യുവിന്റെ വാദം. കാരണം മുഖ്യമന്ത്രിയാണ് വിജിലൻസ് കേസിലെ യഥാർത്ഥ പ്രതി. മകളല്ല.സമാനമായ ആരോപണങ്ങളുള്ള ഹർജി ഹൈക്കോടതിയുടെയും പരിഗണനയിലാണെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു. ഇവിടെയാണ് കുരുക്ക്. ഈ സാഹചര്യത്തിൽ ഹ‍ർജി തള്ളണമെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു.ഹർജി തള്ളാനല്ല ഹൈക്കോടതിക്ക് കൈമാറാനായിരിക്കും വിജിലൻസ് കോടതി തീരുമാനിക്കുക. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഉത്തരവ് നൽകും.

മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിജിലൻസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഹർജി വാദം കേള്‍ക്കാൻ 27ലേക്ക് മാറ്റി. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.

മാത്യുവിന്റെ ഹർജി ഹൈക്കോടതിയിലെത്തുകയും അത് വിജിലൻസി നോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ മുഖ്യമന്ത്രിക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വരുമോ? വിജിലൻസിന്റെ ത്വരിതാന്വേഷണം വരുമെന്നാണ് മനസിലാക്കുന്നത്. മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മാത്യു കുഴല്‍നാടന്‍ എം എല്‍ എ നൽകിയ കത്ത് വിജിലൻസ് ആസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. കുഴൽ നാടൻ വിജിലൻസ് മേധാവിയെ നേരിൽകണ്ട് കത്ത് നൽകുകയായിരുന്നു. അവധിയെടുത്ത് അമേരിക്കയിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ. മുഖ്യമന്ത്രി അദ്ദേഹത്തെ പോകാൻ അനുവദിച്ചില്ല.

വിനോദ് കുമാർ പോയാൽ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനെ യായിരിക്കും സർക്കാരിന് നഷ്ടമാവുക. അഴിമതിക്കെതിരായ പോരാട്ടത്തില്‍ തനിക്ക് പാര്‍ട്ടിയുടെ പിന്തുണയും അനുമതിയു മുണ്ടെന്ന് പറഞ്ഞാണ് മാത്യു വിജിലൻസിന് കത്ത് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണം കേവലം മാധ്യമശ്രദ്ധയ്‌ക്ക് വേണ്ടിയല്ല ഉന്നയിച്ചതെന്നും കൃത്യമായ തെളിവുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. ആരോപണങ്ങള്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാത്തിനെതുടര്‍ന്നാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്ന് മാത്യു പറഞ്ഞു.

കത്തിലെ പി.വി താനല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കും. മാസപ്പടിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ വ്യക്തതയുള്ള തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍.

മാത്യുകുഴൽ നാടൻ വിജിലൻസിന് പരാതി നൽകിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ആദ്യം വിജിലൻസിന് അതു കഴിഞ്ഞ് ഹൈക്കോടതിയിൽ. ഇതാണ് മാത്യുവിന്റെ ലക്ഷ്യം. വിജിലൻസിൽ അദ്ദേഹം പരാതി നൽകിയത് ഒന്നും സംഭവിക്കില്ലെന്ന ഉറപ്പോടെ യാണ്. എന്നാൽ തന്റെപരാതിയിൽ നടപടിയെടുക്കാതിരുന്നാൽ ആ ഉദ്യോഗസ്ഥന് പണി കൊടുക്കുമെന്ന് കുഴൽനാടനുമായി ബന്ധമുള്ളവർ പറയുന്നു. ഹൈക്കോടതിയിൽ കേസ് നടത്തിയിരുന്ന ഒരാളെന്ന നിലയിൽ നിയമവശം ശരിക്കും പഠിച്ച ശേഷമാണ് മാത്യുവിന്റെ നീക്കം. ഹൈക്കോടതിയിൽ മാത്യുവിനുള്ള വൻ സ്വാധീനവും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.

ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ടി.കെ.വിനോദ് കുമാർ കേരളം വിടാൻ തീരുമാനിച്ചത് ഏതാനും മാസങ്ങൾക്ക് മുമ്പാണ് . അമേരിക്കയിൽ ഫോറൻസിക് സയൻസിൽ അധ്യാപകനാകാൻ ക്ഷണം ലഭിച്ച വിനോദ് കുമാർ, രണ്ടു വർഷത്തെ അവധിക്ക് അപേക്ഷിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു.. രണ്ടു വർഷത്തെ സർവീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാറിന്‍റെ നീക്കം.

ക്രിമിനൽ ജസ്റ്റിസിൽ ഡോക്ടറേറ്റ് ഉള്ള വിനോദ്, ഇന്റലിജൻസ് മേധാവിയായി തിളങ്ങിയിരുന്നു. പിന്നീടാണ് വിജിലൻസ് തലപ്പത്ത് എത്തിയത്. തിരഞ്ഞെടുപ്പ് അടക്കം നിർണായക ഘട്ടത്തിലേക്ക് സർക്കാർ കടക്കുമ്പോൾ വിശ്വസ്തനായ വിനോദ് കുമാറിൻ്റെ കൊഴിഞ്ഞുപോക്ക് നഷ്ടമാകും എന്നാണ് വിലയിരുത്തപ്പെട്ടത്. നേരത്തെ ഇന്ത്യാന സർവ്വകലാശാല സൗത്ത് ബെൻഡിൽ ക്രിമിനൽ ജസ്റ്റിസ് വിഭാഗം അസി. പ്രഫസറായി വിനോദ് കുമാർ സേവനം ചെയ്തിരുന്നു. 2013-ൽ ഇദേഹത്തിൻ്റെ പബ്ലിക്ക് ഈവന്റ്സ് ആൻഡ് പോലീസ് റെസ്പോൺസ് എന്ന പുസ്തകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയത് റിക്കാർഡ് വിൽപ്പന നേടിയിരുന്നു.

മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യാഗസ്ഥരിൽ ഒരാളായി മാറിയത് കഴിഞ്ഞ പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലാണ്. വീണ്ടും ഇടതു സർക്കാർ തന്നെ തിരിച്ചു വരുമെന്ന് സീറ്റു കണക്ക് സഹിതം കൃത്യമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇന്റലിജന്‍സ് മേധാവി എന്ന നിലയിൽ ഇതടക്കം നിരവധി ഇടപെടലുകളിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് വല്ലാതെ പഴികേട്ട പോലീസ് ഭരണം ഭേദപ്പെട്ട നിലയിലെത്തിക്കാൻ വിനോദ് കുമാറിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് നിർണായകമായത്. ഇങ്ങനെയല്ലാം വിശ്വസ്തനായ ഒരാളെ കൈവിടാൻ മുഖ്യമന്ത്രി തയാറായില്ല.

എന്നാൽ തനിക്ക് ഇഷ്ടമുള്ള വിഷയത്തിൽ അധ്യാപനം നടത്താൻ അതിയായ താൽപ്പര്യമുണ്ടെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതേ സ്വാധീനമാണ് ഇപ്പോഴത്തെ റിപ്പോർട്ടിലുമുള്ളത്. മാത്യു കുഴൽനാടനെ വെറുപ്പിക്കാൻ സർക്കാരിന് താത്പര്യമില്ല. കത്തിൽ പ്രസ് ചെയ്യരുതെന്ന ആവശ്യം കുഴൽനാടന് മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ ആളെ സർക്കാർ തിരഞ്ഞു. എന്നാൽ കുഴൽ നാടൻ വഴങ്ങിയില്ല. എന്നാൽ തിരികെ ചില സഹായങ്ങൾ നൽകി മാത്യുവിനെ കൈയിലെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

മാത്യുവിന് എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണം സർക്കാർ മരവിപ്പിക്കാൻ ശ്രമിച്ചു. ത്വരിതാന്വേഷണം നടത്തി ഫയൽ ക്ലോസ് ചെയ്യാനും സർക്കാർ ആലോചിച്ചു. മാത്യു തന്റെ പരാതിയിൽ പ്രസ് ചെയ്താൽ കാര്യങ്ങൾ കുഴയും. എന്നാൽ മാത്യു വഴങ്ങിയില്ല. മാത്യു കുഴൽനാടൻ എംഎൽഎയുടെ ആദ്യ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം . സംസ്ഥാന സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായവാദമാണ് ഇതിനായി നേതാക്കൾ മുന്നോട്ട് വച്ചത്.

കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന് ഉള്ളത്. ഏതായാലും വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുമോ എന്ന് കണ്ടറിയാം. അങ്ങനെ തള്ളാതിരുന്നാൽ മാത്യു മേൽകോടതിയെ സമീപിക്കും. ഡയറക്ടറുടെ റിപ്പോർട്ട് കോടതി സ്വീകരിച്ച് തീരുമാനം ഹൈക്കോടതിക്ക് വിടാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

https://youtu.be/t-F5KrCQHFw?si=4GSFIGSMbsnLD7aM

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...