ഇടുക്കി . രാജമലയിൽ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി ബസിന്റെ ചില്ല് തകർത്തു. തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർടിസിയുടെ മൂന്നാർ - ഉദുമൽപേട്ട ബസ് രാജമല എട്ടാം മൈയിലിൽവച്ചാണ് പടയപ്പ തടഞ്ഞു നിർത്തി ചില്ലു തകർക്കുകയായിരുന്നു.
കുറച്ചുസമയം ആന ബസിന്റെ മുന്നിൽനിന്നശേഷം ചില്ല് തകർത്തു. ബസിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ല. അര മണിക്കൂറിനുശേഷം ആന കാട്ടിലേക്ക് മടങ്ങി. ആർആർടി സംഘം എത്തി കാട്ടാനയെ പിന്നീട് ഉൾക്കാട്ടിലേക്ക് തുരത്തി. നിലവിൽ കാട്ടിലാണ് ആനയുള്ളത്.
തലയാറിലാണ് ഞായറാഴ്ച ആന ഉണ്ടായിരുന്നത്. ഇവിടെനിന്നും മടങ്ങി പോകുമ്പോഴാണ് റോഡിൽ കണ്ട ബസിന്റെ ചില്ലു തകർക്കുന്നത്. ആന ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനപാലകർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.