Connect with us

Hi, what are you looking for?

Kerala

കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുടെ പൂരമായി വൈക്കത്തഷ്ടമി

അഷ്ടമി ദിനം വൈക്കത്തപ്പനെ ദർശിക്കുന്നത് പുണ്യമായി കരുതുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. പരമശിവൻ പാർവതീ സമേതനായി വ്യാഘ്രപാദമഹർഷിക്ക് ദർശനം നൽകിയ ദിനമാണ് വൈക്കത്തഷ്ടമി. വെളുപ്പിനു 4.30 ന് അഷ്ടമി ദർശനം ആരംഭിക്കുമ്പോൾ അഷ്ടമി ദർശനത്തിനായി കാത്തു നിൽക്കുന്ന ഭക്തരുടെ നിര ഗോപുരവാതിലും കടന്ന് പുറത്തേക്ക് നീളുന്നുണ്ടായിരുന്നു.

ആഘോഷത്തിന്റെ ദിനമാണെങ്കിലും വൈക്കത്തപ്പന് ഉപവാസത്തിന്റെയും കാത്തിരിപ്പിന്റെയും ദിനമാണന്ന്. ദേവസേനാധിപനായി താരകാസുര നിഗ്രഹത്തിനുപോയ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവിനായി കാത്തിരിക്കുകയാണ് വൈക്കത്തപ്പൻ. അന്ന് ക്ഷേത്രത്തിൽ മറ്റു ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അഭിഷേകം മാത്രമാണ് നടന്നത്. 11 മണിയോടെ ക്ഷേത്രത്തിൽ പ്രാതൽ ആരംഭിച്ചു. വൈക്കത്തപ്പന് ഇലയിൽ സദ്യ വിളമ്പിയതിനു ശേഷമാണ് സാധാരണ ദിവസങ്ങളിൽ പ്രാതൽ ആരംഭിക്കുക. എന്നാൽ അഷ്ടമി ദിവസം ഭഗവാൻ ജലപാനം കഴിക്കാതെ മകനായി കാത്തിരിക്കുന്നു എന്നതാണ് വിശ്വാസം.

തീരാത്ത കാഴ്ചയാണ് വൈക്കത്തഷ്ടമിയുടെ ഭംഗിയും എടുത്ത് പറയാവുന്ന പ്രത്യേകതയും എന്ന് തന്നെ പറയണം. കൊടിയേറ്റോടെ ആരംഭിച്ച് 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളും ഐതിഹ്യങ്ങളും മറ്റ് ഉത്സവങ്ങളിൽ നിന്നും അഷ്ടമിയെ വേറിട്ടതാക്കുകയാണ്. ആചാരപെരുമയോടെ നടക്കുന്ന ഋഷഭവാഹന എഴുന്നള്ളത്തും തെക്കുംചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളത്തുകളും അഷ്ടമി ദർശനവും ദേശത്തെ ദേവീദേവൻമാരുടെ സംഗമവും വിടചൊല്ലലും എന്നുവേണ്ട ചടങ്ങുകളെല്ലാം ഭക്തിനിർഭരം തന്നെ.

വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരമാണ് വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവം. ഒട്ടേറെ താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന വൈക്കത്തഷ്ടമി എല്ലാ വർഷവും ഡിസംബർ അഞ്ചിനാണ് നടക്കുക. ക്ഷേത്രമതിൽ കെട്ടിനകത്തു നടക്കുന്ന കലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും എന്ന് വേണ്ട, അങ്ങനെ അഷ്ടമി നാളുകളിലെ കാഴ്ചകൾ ഏറെയാണ്. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുടെ പൂരമാണ് വൈക്കത്തഷ്ടമി എന്ന് തന്നെ പറയണം. ഓരോ വർഷം കഴിയുന്തോറും അഷ്ടമിക്ക് ഭംഗിയേറി വരുകയാണ്.

ദർശന സാഫല്യത്തിലേക്ക് നട തുറക്കുന്ന വൈക്കത്തഷ്ടമിക്ക് തുടക്കം കുറിക്കുന്നത് പുള്ളി സന്ധ്യവേലയോടെയായിരിക്കും. അഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയ്ക്ക് മുന്നോടിയായി കോപ്പു തൂക്കൽ ഉണ്ടാവും. ദേവസ്വം ഭരണാധികാരി നന്ധ്യവേലയുടെ ചടങ്ങിന് ആവശ്യമായ സാധനങ്ങള്‍ അളന്നു തൂക്കി ക്ഷേത്രകാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ഏൽപിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ക്ഷേത്ര കലവറയുടെ പൂമുഖത്ത് പ്രത്യേകം തയാറാക്കിയ ഇടത്താണ് ചടങ്ങ് നടക്കുക. മഞ്ഞളും ചന്ദനവുമാണ് കോപ്പു തൂക്കലിന് ഉപയോഗിക്കുക. സന്ധ്യവേലയ്ക്കു മുന്നോടിയായി ആചാരത്തോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പ് തൂക്കൽ. കോപ്പു തൂക്കലോടെ ഭക്തരുടെ മനസ്സിൽ അഷ്ടമി വിളക്ക് തെളിയുകയാണ്.

ഒന്നിടവിട്ട നാലു ദിവസങ്ങളിലാണ് എല്ലാവർഷവും പുള്ളി സന്ധ്യവേല നടക്കുക. പുള്ളി സന്ധ്യവേല ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റി ശ്രീബലി ഉണ്ടാവും. അഭിഷേകങ്ങൾ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ ചേർത്തല, ആലപ്പുഴ പ്രദേശങ്ങൾ യുദ്ധത്തിലൂടെ പിടിച്ചടക്കിയപ്പോൾ യുദ്ധത്തിൽ മരിച്ച അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ ഉപയോഗിച്ച് വർഷത്തിൽ ഒന്നിടവിട്ട് നാലു ദിവസങ്ങളിൽ നടത്തിയിരുന്നതാണു പുള്ളി സന്ധ്യവേല. ഇപ്പോൾ ദേവസ്വം ആണ് ഈ പുള്ളി സന്ധ്യവേല നടത്തി വരുന്നതെന്നാണ് ശ്രദ്ധേയം.

തൃണയംകുടത്തപ്പൻ പടിഞ്ഞാറേ നടയിലൂടെ വടക്കേനടയിലെത്തി ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള മറ്റ് എഴുന്നള്ളിപ്പുകൾക്കൊപ്പം വടക്കേ ഗോപുരംവഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതാണ് ഉത്സവത്തിന്റെ പ്രധാന ചടങ്. എല്ലാ ദേവീ ദേവൻമാരും നാലമ്പലത്തിന്റെ വടക്കുഭാഗത്ത് സംഗമിച്ച് കിഴക്കേ ആനപന്തലിൽ എഴുന്നള്ളി നിൽക്കുന്ന വൈക്കത്തപ്പന്റെ സമീപത്തേക്ക് എഴുന്നള്ളും. ജലപാനമില്ലാതെ മകനെകാത്തു നിൽക്കുന്ന വൈക്കത്തപ്പൻ ഉദയാനാപുരത്തപ്പന് സ്വന്തം സ്ഥാനം നൽകി അനുഗ്രഹിക്കുന്നു. ദേശത്തെ ദേവീദേവൻമാരുടെ സംഗമത്തിന് ജന ലക്ഷങ്ങൾ സാക്ഷിയാവും. ക്ഷേത്ര മതിൽക്കകം വിശ്വാസ സമൂഹത്തെ കൊണ്ട് നിറയും.

എല്ലാ എഴുന്നള്ളിപ്പും നാലമ്പലത്തിന് ഒരു വലംവച്ചശേഷം ദേവി ദേവൻമാർ ഓരോരുത്തരായി വൈക്കത്തപ്പനോട് യാത്ര ചോദിച്ച് അതത് ക്ഷേത്രങ്ങളിലേക്ക് മടങ്ങും. കൂടിഎഴുന്നള്ളിപ്പ് സമയം അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവർ പല്ലക്കിൽ എഴുന്നള്ളി ആദ്യ കാണിക്കയായ സ്വർണ ചെത്തിപ്പൂ നൽകുന്നതാണ്. ഒടുവിൽ പുത്രനായ ഉദയനാപുരത്തപ്പൻ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്ന ചടങ്ങ് ആണ് നടക്കുക. വിടപറയൽ സമയം എഴുന്നള്ളിക്കുന്ന ഗജവീരൻമാർ മുഖാമുഖം തിരിഞ്ഞ് തുമ്പിക്കൈ ഉയർത്തി യാത്ര പറയും.

ദുഃഖം ദുഃഖകണ്ഠാര രാഗത്തിൽ അപ്പോൾ നാഗസ്വരത്തിന്റെ ശീലുകൾ ഉയരും. വൈക്കത്തപ്പൻ വിഷാദത്തോടെ സാവധാനം ശ്രീകോവിലിലേക്ക് എഴുന്നള്ളിയെത്തും. ഇതു ഭക്തരുടെ മിഴികളെ പോലും ഈറനണിയിക്കും. ഇരുദേവൻമാർ യാത്ര ചോദിച്ച് പിരിയുന്ന വേദനയും ഉള്ളിലൊതുക്കി അടുത്ത അഷ്ടമിക്കായുള്ള കാത്തിരിപ്പിലാവും പിന്നെ ഭക്തർ. ആറാട്ടോടെയാണ് ഉത്സവത്തിന് സമാപതി കുറിക്കുക.

വൈക്കത്തഷ്ടമിയുടെ ഭംഗിയും പ്രത്യേകതയും തീരാത്ത കാഴ്ചയാണ് എന്ന് തന്നെ പറയേണ്ടി വരും. കൊടിയേറ്റോടെ ആരംഭിച്ച് 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളും ഐതിഹ്യങ്ങളും മറ്റ് ഉത്സവങ്ങളിൽ നിന്നും അഷ്ടമിയെ എന്ത് കൊണ്ടും വേറിട്ടതാക്കുകയാണ്. ആചാരപെരുമയോടെ നടക്കുന്ന ഋഷഭവാഹന എഴുന്നള്ളത്തും തെക്കുംചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളത്തുകളും അഷ്ടമി ദർശനവും ദേശത്തെ ദേവീദേവൻമാരുടെ സംഗമവും വിടചൊല്ലലും എന്നുവേണ്ട ചടങ്ങുകളെല്ലാം ഭക്തിനിർഭരം തന്നെ. ആനയും അമ്പാരിയും ദീപക്കാഴ്ചകളും തീവെട്ടികളും പതിനായിരങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേത്രമുറ്റവും വൈദ്യുതിവിളക്കുകളാല്‍ അലംകൃതമായ ക്ഷേത്ര പരിസരവും… ഭക്തിയുടെ മാത്രമായ നല്ലെണ്ണമണവും കൂവളമാലയും ആനചൂരിന്റെ ഗന്ധം പരത്തുന്ന സന്ധ്യാ വേലകളും ഒക്കെ കണ്ണും മനസ്സും നിറക്കും.

ഈ വർഷത്തെ അഷ്ടമിക്ക് മറ്റൊരു പ്രത്യേകത കൂടി എടുത്ത് പറയാനായുണ്ട്. ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത 2023 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 52 വിനോദ സഞ്ചാര ഇടങ്ങളിൽ വൈക്കത്തഷ്ടമിയും ഇടം പിടിച്ചിരിക്കുന്നു എന്നതാണത്. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ചിത്രം സഹിതമാണ് ഇക്കുറി ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലണ്ടൻ, ഓക്‌ലാൻഡ് ഉൾപ്പെടെയുള്ള ലോകോത്തര നഗരങ്ങൾക്കൊപ്പമാണ് കേരളത്തിൽ നിന്നുള്ള ‌അഷ്ടമിയും വൈക്കത്തിനടത്തുള്ള മറവൻതുരുത്തും എന്ന് ന്യൂയോർക്ക് ടൈംസ് വിളിച്ചു പറഞ്ഞിരിക്കുന്നു.

മഹാദേവ ക്ഷേത്രത്തിൽ സന്ധ്യാസമയത്ത് ചുറ്റുവിളക്കിന് തിരിതെളിക്കുന്ന മനോഹരമായ ചിത്രമടക്കമാണ് ന്യൂയോർക്ക് ടൈംസിന്റെ വാർത്ത. ക്ഷേത്രത്തിന് പുറത്ത് നാലുചുറ്റും സന്ധ്യാസമയത്ത് ചുറ്റുവിളക്ക് തെളിഞ്ഞു നിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. നീളമുള്ള ചെറുപന്തങ്ങളിൽ നിന്നും ചുറ്റുവിളക്കിലെ തിരികളിലേക്ക് അഗ്നി പകരുകയാണ് ചെയ്യാറുള്ളത്. ക്ഷേത്രത്തിലെ ജീവനക്കാരാണ് ചുറ്റുവിളക്കിൽ എണ്ണ ഒഴിച്ച് തിരികളിക്കുക. സന്ധ്യാസമയത്ത് എത്തുന്ന ഭക്തരും തിരിതെളിക്കാൻ പങ്കാളികളാകും. അഷ്ടമി നാളിൽ ലക്ഷം നാളങ്ങൾ തെളിഞ്ഞു നിൽക്കുന്ന ക്ഷേത്രം കാണേണ്ട കാഴ്ച തന്നെ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...