കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിന് പോലീസ് സംരക്ഷണം നൽകാൻ നിർദേശം നൽകി ഹൈക്കോടതി. കോളജ് നൽകിയ ഹർജിയിലാണ് കോളജിന് സംരക്ഷണമൊരുക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്കും കോടതി നിർദേശം നൽകിയത്. ഒരു മാസത്തേക്ക് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക്​ ചെയ്തിരുന്നു. ഇതേ തുടർന്നാണ് കോളേജ് സംഘർഷ ഭൂമി ആയത്.
ഇതിനിടെ കോളജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനാണ് കേസ്. കണ്ടാലറിയുവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു.വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
ശ്രദ്ധയുടെ ആത്‌മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തുവന്നു. ആത്‌മഹത്യാ കുറിപ്പെന്ന പേരിൽ പൊലീസ് പുറത്തുവിട്ടത് 2022ൽ കുട്ടി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണെന്ന് തെളിവുസഹിതം കുടുംബം ആരോപിക്കുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിനൽകുമെന്നും കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു.