ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഒരു വനിതയെ നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷായോട് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ. മാത്രമല്ല ഫെഡറേഷനിൽ ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാർ ഉണ്ടാവരുതെന്നും ജൂൺ 9 നു മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതായും റിപോർട്ടുകൾ ഉണ്ട്. ശനിയാഴ്ച അമിത് ഷായെ കണ്ടപ്പോഴാണ് ഗുസ്തി താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു.
ബ്രിജ് ഭൂഷണെതിരായ പരാതിയിൽ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുകയാണെന്നും കായിക രംഗത്തിൻ്റെയും കായികതാരങ്ങളുടെയു പുനരുദ്ധാരണത്തിനായി സർക്കാർ എപ്പോഴും ശ്രമിക്കുകയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
പരാതി അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക കമ്മറ്റി ഗുസ്തി താരങ്ങളുമായി 14 തവണ കൂടിക്കാഴ്ച നടത്തിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഓരോ താരത്തിനും അവരുടെ കാര്യം പറയാൻ അവസരം ലഭിച്ചു. റിപ്പോർട്ട് വന്നപ്പോൾ ഞങ്ങൾ അത് ഡൽഹി പൊലീസിന് കൈമാറി. പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സുപ്രിം കോടതിയെ വിവരമറിയിച്ചു. അന്വേഷണം ആരംഭിച്ചു. താരങ്ങളുടെയും ബ്രിജ് ഭൂഷണിൻ്റെയും മൊഴികൾ രേഖപ്പെടുത്തി. കുറ്റപത്രത്തിനനുസരിച്ച് നടപടി സ്വീകരിക്കും. അന്വേഷണം കഴിയും വരെ കാക്കണം. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണം എന്നും അനുരാഗ് ഠാക്കൂർ തുടർന്നു.
