ഒടുവിൽ ബിബിസി സമ്മതിച്ചിരിക്കുന്നു തങ്ങൾ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന്. അതും ചില്ലറ വെട്ടിപ്പല്ല നടത്തിയിരിക്കുന്നത്. നാല്പത് കോടിയുടെ വെട്ടിപ്പാണ്. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് അയച്ച ഇ മെയിലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.
നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. അതായത് വരുമാനം കുറച്ചു കാണിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്.
വരുമാനം, ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ കണക്കുകളല്ല സമർപ്പിച്ചതെന്ന് ബിബിസി മെയിലിൽ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബിബിസിക്ക് പുതിയ ആദായനികുതി വിശദാംശങ്ങൾ സമർപ്പിക്കേണ്ടി വരും. കൂടാതെ മുൻ കാലങ്ങളിൽ അടയ്ക്കാതെ വെട്ടിച്ച പണത്തിന് അനുപാതികമായ തുക അടച്ച് തുടർ നിയമനടപടികളിൽനിന്ന് മോചിതരാകേണ്ടി വരുമെന്നുമാണ് റിപ്പോർട്ട്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററി ജനുവരി 17നു ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ ബിബിസിക്ക് എതിരെയുള്ള പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ബിബിസിക്ക് എതിരായ റെയ്‌ഡ് ഇന്ത്യൻ മാധ്യമങ്ങളെ വരുതിയിൽ ആകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു എം പിയും പിണറായി സ്തുതി പാഠകനുമായ ജോൺ ബ്രിട്ടാസ് പ്രതികരിച്ചിരുന്നു. മഹാമേരുവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൊട്ടുകളിക്കാൻ ആർക്കാണ് ധൈര്യമെന്നാണ് ഈ റെയ്ഡിലൂടെ ബി ജെ പി ചോദിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. പലപ്പോഴായി മോദിക്കെതിരെയും ബിബിസി റെയ്‌ഡിനു എതിരെയും പ്രതികരിച്ച് കേന്ദ്രത്തെ വെട്ടിലാക്കാൻ ശ്രമിച്ച ബ്രിട്ടാസിനിപ്പോൾ നാവ് അനക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ബിബിസി എന്നാൽ ബയാസ്ഡ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ എന്നാണ് ബ്രിട്ടനിലെ തന്നെ വിമർശകർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയൊരു വിഭാഗം ബിബിസി റിപ്പോർട്ടിങ്ങിന്റെ ആരാധകർ ആയിരിക്കെ ആണ് ലോകത്തെ ഏറ്റവും വലിയ വാർത്തമാധ്യമങ്ങളിൽ ഒന്നായ ബിബിസിക്ക് ജന്മനാട്ടിൽ അത്ര വലിയ ആരാധക വൃന്ദത്തെ ലഭിക്കാത്തത് . അത് എന്തുകൊണ്ടെന്ന് മോഡി വിരുദ്ധർ ഇതുവരെയും ചികഞ്ഞിട്ടില്ല.
എക്സ്‌ക്ലൂസിവ് അഭിമുഖം കിട്ടാൻ പലപ്പോഴും നിലവാരം കുറഞ്ഞ കളികൾ കളിച്ച സ്ഥാപനമാണ് ബിബിസി. എന്നാൽ മോഡി വിരുദ്ധരായവർ ഒത്തു ചേർന്ന് ബിബിസിയെ ആനപ്പുറത്തു ഇരുത്തുന്ന കാഴ്ചയാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കാണാൻ കഴിഞ്ഞത്.
ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിൽ എക്കാലത്തും മുൻവിധിയോടെയുള്ള സമീപനമാണ് ബിബിസി നടത്തിയിട്ടുള്ളത് എന്ന ആക്ഷേപം ഉയർത്തുന്നത് അവരുടെ ബ്രിട്ടനിലെ പ്രേക്ഷകരും വായനക്കാരും തന്നെയാണ്.പതിമൂന്ന് വർഷം മുൻപ് ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് റിപ്പോർട്ടിങ്ങിനു പോയ വാർത്ത സംഘം ഡൽഹിക്ക് പുറത്തെ ചേരികൾക്ക് ഗെയിംസിനെക്കാൾ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇത്തരം റിപ്പോർട്ടുകളിൽ ബിബിസി നേരിടുന്ന ഏറ്റവും വലിയ വിമർശനം വായനക്കാർ നൽകുന്ന കമന്റുകൾ തന്നെയാണ്.
ഇന്ത്യയെ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ പതിവായി കാശ്മീർ ഉൾക്കൊള്ളാത്ത മാപ്പ് നൽകുന്നതും ബിബിസിയുടെ വിനോദമാണ്. സ്ത്രീകളും പെൺകുട്ടികളും ആക്രമിക്കപ്പെടുന്ന കാര്യങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന അതേ ആവേശം സമാനമായ സംഭവം ബ്രിട്ടനിൽ ഉണ്ടാകുമ്പോൾ ബിബിസി കാട്ടുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എന്നാൽ ഇത്രകാലവും ആക്ഷേപം മാത്രമായി നിലനിന്നിരുന്ന ആരോപണങ്ങൾ ഇനി തീരാ കളങ്കമായിട്ടാകും ബിബിസിക്ക് മേൽ ചാർത്തപ്പെടുക. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ ആദായ നികുതി ഓഫിസ് ബിബിസിയിൽ റെയ്ഡ് നടത്തുമ്പോൾ ലോകമൊട്ടാകെ ബിബിസി ആരാധകർ കരുതിയത് മോദിയെ കുറ്റപ്പെടുത്തും വിധം പ്രക്ഷേപണം ചെയ്ത ഗുജറാത്ത് ഡോക്യൂമെന്ററിയോട് ഇന്ത്യൻ സർക്കാരിന്റെ പ്രതികാര നടപടി എന്നായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ ബിബിസിയെ തള്ളിപ്പറയുന്ന നിലപാടിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ ബിബിസി അധികൃതർ 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്ന കുറ്റസമ്മതം നടത്തുമ്പോൾ വർധിത ആവേശത്തോടെയാണ് വിമർശകർ രംഗത്ത് വന്നിരിക്കുന്നത്. എങ്കിൽ ഈ ഒരു തട്ടിപ്പിൽ തീരുന്നതാണോ ബിബിസി യുടെ ഇരട്ടത്താപ്പുകൾ എന്നതാണ് പ്രധാന ചോദ്യം. ഇന്ത്യയിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ നടത്തിയ നികുതി വെട്ടിപ്പ് ആയിരുന്നു 40 കോടിയുടേത് എന്ന് ബിബിസി വെളിപ്പെടുത്തുമ്പോൾ അവർ ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടനിലും കണക്കു പറയേണ്ടി വരും എന്നുറപ്പ്. ബിബിസി ഡൽഹി, മുംബൈ ഓഫിസുകളിൽ റെയ്ഡ് നടന്നപ്പോൾ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിനാൽ ഒന്നും പേടിക്കാനില്ല എന്നായിരുന്നു ജീവനക്കാർക്ക് നൽകിയ ഇമെയിൽ സന്ദേശം.
നികുതി വെട്ടിപ്പ് നടത്തിയ ബിബിസി മറ്റേതൊക്കെ നിയമ ലംഘനം നടത്തിയിട്ടുണ്ടാകാം എന്ന ആശങ്കയും വിമർശകരുടേതായി എത്തുന്നുണ്ട്. ഇതിനൊന്നും തത്കാലം ബിബിസിയിൽ നിന്നും മറുപടി ഇല്ലെന്നു മാത്രമല്ല, ഫെബ്രുവരിൽ റെയ്ഡിനെ കുറിച്ച് ലോകമൊട്ടാകെ തങ്ങളുടെ വാർത്ത ചാനലും ഓൺ ലൈൻ പോർട്ടലും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്ത ബിബിസി ഇപ്പോൾ വെട്ടിപ്പ് നടത്തി എന്ന വാർത്ത സൗകര്യപൂർവം മറച്ചു വയ്ക്കുകയാണ്.
സാധാരണക്കാരായ മലയാളികൾക്കും മറ്റും ബിബിസി എന്നാൽ ജനകീയതയും വിശ്വാസ്യതയും ഉള്ള മാധ്യമ സ്ഥാപനം എന്നതായിരിക്കും. എന്നാൽ ടാബ്ലോയിഡ് വലുപ്പത്തിൽ പുറത്തു വരുന്ന ഗൗരവ വായനയുടെ പത്രമായ ഐ ആറുവർഷം മുൻപ് നടത്തിയ സർവേയിൽ ബിബിസിയിൽ വിശ്വാസ്യത കാണുന്നത് വെറും 37 ശതമാനം പേരു മാത്രമാണ്.
ഏറ്റവും ഒടുവിലായി ബിബിസി കേരളത്തിൽ നിന്ന്എ ചെയ്ത തട്ടിപ് വാർത്ത ത്രിവല്ലയിൽ നിന്നായിരുന്നു. തിരുവല്ലയിലെ കുമ്പനാട് എന്ന പ്രദേശത്ത് എത്തി ഈ ഗ്രാമം പ്രേത പ്രദേശമായി മാറുകയാണ് എന്ന റിപ്പോർട്ടാണ് ബിബിസി നൽകിയത്. വിഷയം ചെറുപ്പക്കാർ വിദേശത്തും വീടിനുള്ളിൽ വൃദ്ധർ മാത്രമായി മാറുന്നു എന്നതുമായിരുന്നു. എന്നാൽ മണിക്കൂറുകളോളം സന്തോഷപൂർവം വർത്തമാനം പറഞ്ഞു ചിത്രങ്ങൾ എടുപ്പിച്ച ശേഷം ഒരു വീട്ടിലെ വൃദ്ധ മാതാവിനെ ആകുലയായി ജനലിൽ പിടിച്ചു ദൂരേയ്ക്ക് നോക്കി നിൽക്കുന്ന ചിത്രം ഫോട്ടോ ഷൂട്ടാക്കി എടുത്തു വാർത്തയ്‌ക്കൊപ്പം നൽകുന്ന രീതിയാണ് ബിബിസി സ്വീകരിച്ചത്. ഇവരുടെ വിദേശത്തുള്ള മക്കൾ ഈ സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
