
വേനല്‍ചൂടിലും സാരിയും വെള്ള കോളര്‍ ബാന്‍ഡും കറുത്ത ഗൗണും തന്നെ ധരിച്ച് കോടതികളില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍. ഈ വസ്ത്രം ധരിച്ച് കനത്ത ചൂടില്‍ ജോലി ചെയ്യുക എന്നത് അസാധ്യമാണെന്നും ഇതില്‍ ഇളവു വേണമെന്നും കാണിച്ച് കേരള ഹൈക്കോടതി രജിസ്ട്രി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തിരക്കേറിയ കോടതി മുറികളില്‍ തങ്ങള്‍ക്ക് ഈ ഗൗണും ബാന്‍ഡും സാരിയും ധരിച്ച് ജോലി ചെയ്യാനാകുന്നില്ല, അതിനാല്‍ ചുരിദാര്‍ ധരിക്കാന്‍ അനുവദിക്കണമെന്നാണ് വനിതാ ഉദ്യോഗസ്ഥരുടെ അപേക്ഷ. നൂറില്‍ അധികം വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
1970 ഒക്ടോബര്‍ ഒന്നിനാണ് നിലവിലെ ഡ്രസ് കോഡായ സാരിയും വെളുത്ത കോളര്‍ ബാന്‍ഡും കറുത്ത ഗൗണും നിലവില്‍ വന്നത്. എന്നാല്‍, കാലവും കാലാവസ്ഥയും മാറി. ഈ സാഹചര്യത്തില്‍ ഡ്രസ് കോഡ് പരിഷ്‌കരിക്കണം. താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമ്പോഴും വായുസഞ്ചാരമില്ലാത്ത കോടതി മുറികളിലും തിങ്ങിനിറഞ്ഞ ഹാളുകളിലും ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കീഴ് കോടതികളടക്കമുള്ള കോടതി മുറികളില്‍ ആവശ്യത്തിന് വായു സഞ്ചാരം പോലുമില്ലാത്തവയാണ്. കടുത്ത വേനല്‍ക്കാലത്ത് വായുസഞ്ചാരമില്ലാത്ത മുറികളിലും തിങ്ങിനിറഞ്ഞ കോടതി മുറികളിലും ജോലി ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും.
കാലോചിതമായി പരിഷ്‌കരിക്കേണ്ടതാണ് എല്ലാ കാര്യങ്ങളും. കോടതി നടപടിക്രമങ്ങളില്‍ വരെ മാറ്റങ്ങള്‍ വന്നുതുടങ്ങി. പിന്നെന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാത്തതെന്നത് ആലോചിക്കേണ്ട വിഷയമാണ്.
ചൂടുള്ള സാഹചര്യങ്ങളില്‍ സാരി ധരിക്കുന്നത് വളരെ അസുഖകരവും വിഷമകരവുമാണ്. ഇതുകൊണ്ട് തന്നെ ചുരിദാറുകള്‍ ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കണം. 53 വര്‍ഷം മുമ്പ് അവതരിപ്പിച്ച ഡ്രസ് കോഡ് പരിഷ്‌കരിക്കേണ്ട സമയമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അടുത്തിടെ തെലങ്കാന ഹൈക്കോടതി കോടതി വനിതാ ഉദ്യോഗസ്ഥരുടെ ഡ്രസ് കോഡ് പരിഷ്‌കരിച്ചതും അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാരിക്ക് പുറമെ സ്ത്രീകള്‍ക്ക് സല്‍വാര്‍ / ചുരിദാര്‍ / നീളന്‍ പാവാട / പാന്റ് എന്നിവ ധരിക്കാന്‍ അനുവദിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതി അടുത്തിടെ ഡ്രസ് കോഡ് പരിഷ്‌കരിച്ചതായും വനിത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഓഫീസര്‍മാരുടെ വസ്ത്രധാരണം അവരുടെ ഓഫീസിന്റെ അന്തസ്സിനു യോജിച്ചതായിരിക്കണമെന്ന് മാത്രമാണ് തെലങ്കാന കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വേനല്‍ക്കാലത്ത് വായുസഞ്ചാരമില്ലാത്തതും തിരക്കേറിയതുമായ കോടതി ഹാളുകളില്‍ ഇരിക്കുന്നത് അങ്ങേയറ്റം ക്ഷീണമുണ്ടാക്കുന്നതും ശ്വാസംമുട്ടലുമാണെന്നുമാണ് ഒരു വനിതാ ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി നിര്‍മിച്ച കെട്ടിടങ്ങളൊഴികെ, മിക്ക കോടതി മുറികളിലും ശരിയായ വെന്റിലേഷനോ എയര്‍ കണ്ടീഷണറോ ഇല്ല. അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങളും പവര്‍ ബാക്കപ്പ് സംവിധാനങ്ങളുടെ അഭാവവും വേനല്‍ക്കാലത്ത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
ഹൈകോടതി ജഡ്ജിമാരടങ്ങുന്ന സമിതിയാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ഡ്രസ് കോഡ് പരിഷ്‌കരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഈ സമിതിയാണ്.കോഡ് പരിഷ്‌കരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഈ സമിതിയാണ്.