കൊല്ലം . എൽ പി സ്കൂളിൽ രാവിലെ നേരത്തെ എത്തുന്ന വിദ്യാർത്ഥികളെ ലൈംഗീകാതിക്രമം നടത്തി വന്ന സ്കൂൾ സ്വീപ്പർ കൊല്ലത്ത് അറസ്റ്റിലായി. വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ താത്കാലിക സ്വീപ്പർ തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാവിലെ എട്ടേമുക്കാലോടെ സ്കൂളിൽ എത്തി പത്രം വായിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനു വേണ്ടിയാണ് വിദ്യാര്‍ത്ഥികൾ നേരത്തെ എത്താറുള്ളത്. ഈ സമയത്ത് സ്കൂളിൽ അധ്യാപകർ എത്തുകയില്ല. കഴിഞ്ഞ ശനിയാഴ്ച ഒരു വിദ്യാര്‍ത്ഥി മാതാപിതാക്കളോടു താൻ നേരിട്ട അതിക്രമത്തെ പാട്ടി പരാതി പറയുകയായിരുന്നു. അവർ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ കൂടുതൽ കുട്ടികൾ സമാനമായ അതിക്രമം നേരിടുന്നതായി ബോധ്യപ്പെട്ടു. സ്കൂൾ ആരംഭിച്ച് മൂന്നാം മാസം മുതൽ ഇയാൾ കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പരാതി.
കുമാരപിള്ളക്കെതിരെ അഞ്ച് പരാതികളാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. പോക്സോ ഉൾപ്പെടെ ചുമത്തി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞു നെഞ്ചുവേദന നടിച്ച് ഇയാൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡി.വൈ.എസ്.പി ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ തുടർന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.