വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ സംപ്രേഷണം ചെയ്തത് സംബന്ധിച്ച മാനനഷ്ടക്കേസിൽ ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ സമൻസ്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജുഡീഷ്യറിയുടെയും ഉൾപ്പെടെ രാജ്യത്തിന്റെ യശസിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗുജറാത്ത് ആസ്ഥാനമായുള്ള എൻ ജി ഓ ആണ് കേസ് കൊടുത്തത്.
ഗുജറാത്ത് ആസ്ഥാനമായ ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന എന്‍ജിഒ ആണ് മാനനഷ്ടക്കേസ് നൽകിയത്.
ഡോക്യുമെന്ററി ഇന്ത്യയെയും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് സമന്‍സ് പുറപ്പെടുവിച്ചത്. കേസ് കൂടുതല്‍ പരിഗണനയ്ക്കായി സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
‘പ്രസ്തുത ഡോക്യുമെന്ററി രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും പ്രശസ്തിയിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും അപകീര്‍ത്തികരമായ ആക്ഷേപങ്ങളും ജാതി അധിക്ഷേപങ്ങളും ഉന്നയിക്കുന്നുവെന്നാണ് വാദം. അനുവദനീയമായ എല്ലാ വഴികളിലൂടെയും പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുക,’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ദത്ത പറഞ്ഞത്.
ബിബിസി പുറത്തുവിട്ട രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ജുഡീഷ്യറി ഉൾപ്പെടെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് എൻജിഒയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ഡോക്യുമെന്ററി അപകീർത്തികരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഹരീഷ് സാൽവെ വാദിച്ചു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ കോടതി പറഞ്ഞത്. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ബിബിസി പുറത്തുവിട്ടതിന് പിന്നാലെ രാജ്യത്ത് വലിയ വിവാദം ഉയർന്നിരുന്നു. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി.
ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റർ പോസ്റ്റുകളും വീഡിയോകളും തടയാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
ബിബിസി ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ, ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസത്തോളം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ഉണ്ടായി. തുടർന്ന് രാജ്യത്തിന് പുറത്തും അന്താരാഷ്ട്രതലത്തിലും വിഷയം ചർച്ചയായിരുന്നു.