പത്തനംതിട്ട . പത്തനം തിട്ടയിൽ അനിൽ ആന്റണിക്ക് എ കെ ആന്റണിയുടെ വോട്ട് വേണ്ടെന്നും, എന്നാൽ ഒരു മകൻ എന്ന നിലയിൽ അനിലിനെ അനുഗ്രഹിക്കണമെന്നും എ കെ അന്റണിയോട് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അനിൽ ആന്റണി ജയിക്കില്ലെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെ ടുത്തിയെന്ന് പറഞ്ഞ രാജ്നാഥ് സിംഗ്, ആന്റണിയുടെ മകനാണ് അനിൽ എന്നും, അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവായ അദ്ദേഹത്തോട് എനിക്ക് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്റണി പറഞ്ഞത്. പക്ഷേ ആന്റണിയോട് താൻ പറയുന്നു, ആന്റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആന്റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.
ബിജെപിയിൽ അനിലിന് വലിയ ഭാവിയുണ്ട്. മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം. കേരളത്തിൽ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല.അനിൽ ആന്റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളിൽ ജയിലിൽ പോയിട്ടുണ്ട്. ഭാരതത്തിന്റെ ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാൽ കോൺഗ്രസിന്റെ രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും രാജ്നാഥ് സിംഗ് പരിഹസിക്കുകയുണ്ടായി.