ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ ഷൻ ഉണ്ടാകുന്നതായുമായുമാണ് റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നും പഠന റിപ്പോർട്ട് പറയുന്നു.
ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം.
ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേർണലില്‍ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. 291 മുതിർന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം നടത്തിയത്. വാക്സിൻ എടുത്ത് ഒരുവർഷം കഴിഞ്ഞശേഷം 926 പേരിൽ 50 ശതമാനത്തോളം പേർക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിർന്നവരിൽ നാലുപേർ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേർക്ക് ഹൈപ്പർടെൻഷനും ഉണ്ടായിരുന്നെന്നു റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.