തുടർച്ചയായി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനാൽ സൗദിയിലെ ബാങ്കുകളിൽ തിരക്കാണ്. നാല്, അഞ്ചുദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യമാണ്. രണ്ടു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം അന്താരാഷ്ട്ര വിപണിയിൽ രേഖപെടുത്തിയത്. ഒരു സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ അതിന്റെ തൊട്ടടുത്ത ദിവസം 20 രൂപയ്ക്ക് മുകളിൽ വരെ ലഭിച്ചിരുന്നു.
രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരിക്കാണ് അനുഭവപ്പെടുന്നത്. വാരാന്ത്യ അവധി ദിവസം കൂടി ആയതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പണമയക്കാൻ വരുന്നവരെ വൻ തിരക്കാണ് ഇന്ന് കാണപ്പെട്ടത്. ഓൺലൈൻ സൈറ്റുകളിൽ രേഖപ്പെടുത്തിയത് പ്രകാരം, സൈബ് ഫ്ലക്സിലാണ് 20 രൂപക്ക് മുകളിൽ നൽകിയത്. തൊട്ടുപിറകിലായി എ.എൻ.ബി ടെലി മണിയും, വെസ്റ്റേൺ യൂണിയനും 19 രൂപ 95 പൈസ വരെ നൽകി. ഇൻഞ്ചാസിൽ 19 രൂപ 94 പൈസയും, ബിൻയാലയിൽ 19 രൂപ 92 പൈസയുമാണ് നൽകിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചത് രൂപയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്. അതുകൂടാതെ ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായി കണക്കാക്കുന്നത്.