നടന് ജോജു ജോര്‍ജ്ജിന്റെ പ്രതികരണവും കാര്‍ തല്ലിപൊളിച്ചതിനെയും കുറിച്ച് പ്രതികരിച്ച് മുന്‍ എംഎല്‍എ വിടി ബല്‍റാം. ഒരുമാന്യമായിട്ടുള്ള ഇടപെടല്‍ അല്ല ജോജുവില്‍ നിന്ന് ഉണ്ടായതെന്നും ഒരു കാന്‍സര്‍ രോഗിക്ക് പോവാന്‍ വഴി ഒരുക്കണമെന്ന് സൗഹാര്‍ദ്ദപരമായി പറഞ്ഞിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും വി.ടി ബല്‍റാം പറയുന്നു. പോലീസിന് ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാം. ഞങ്ങള്‍ ക്രിമിനല്സിനെ ഒരു മാളത്തിലും കൊണ്ടുപോയി ഒളിപ്പിക്കുന്നില്ല. പിണറായി ചെയ്യുന്നതു പോലെയെന്നാണ് വിടി ബല്‍റാം പറയുന്നത്.
ജോജു ജോര്‍ജ് തട്ടിക്കയറുകയായിരുന്നു. പ്രതീക്ഷിക്കാത്ത രീതിയുള്ള പ്രതികരണമുണ്ടായത്. ശരിയാണോ തെറ്റാണോ എന്ന് ഏകപക്ഷീയമായി ചര്‍ച്ചയിലേക്ക് പോകും മുമ്പ് അതിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കണം. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമായിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നോ. ജോജുജോര്‍ജിന്റെ രാഷ്ടീയം ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ നിരന്തരം സി.പി.ഐ.എമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നെന്നും വി.ടി ബല്‍റാം ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്നങ്ങളുണ്ടായത്. അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത് കൈയേറ്റം ചെയ്യപ്പെട്ടു എന്നതാണ്. സത്യം അതല്ല. ഉന്തുതള്ളുമൊക്കെയാണ് ഉണ്ടായത്. ഇതിന് ശേഷം അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമാ സുഹൃത്തുകള്‍ എത്തി ഇതൊരു വലിയ ചര്‍ച്ചാവിഷയമാക്കുന്നു. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് സ്വഭാവികമായും സംശയിക്കുമെന്നും വി.ടി ബല്‍റാം പറയുന്നു.