വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിരവധി ഓര്‍മ്മകളാണ് ഇവിടെയുള്ളതെന്ന് സൂചിപ്പിച്ച മോദി സെന്‍ട്രല്‍ ഹാള്‍ വൈകാരിതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു. ഇത് നമ്മളെ വികാരഭരിതരാക്കുന്നുണ്ട് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രചോദിപ്പിക്കുന്നുണ്ട്; മോദി പറഞ്ഞു. പഴയ മന്ദിരം ഇനി സംവിധാൻ സദൻ (ഭരണഘടനാ സഭ)എന്ന് അറിയപ്പെടുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ചരിത്രത്തില്‍ സെന്‍ട്രല്‍ ഹാളിന് നിര്‍ണ്ണായക ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണെന്നും അനുസ്മരിച്ചു. നിരവധി അധികാരകൈമാറ്റത്തിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി. ഇരുസഭകളിലുമായി 4000 നിയമങ്ങള്‍ പാസാക്കി. ദേശീയഗാനത്തിലും ദേശീയ പതാകക്കും അംഗീകാരം നല്‍കിയത് ഇവിടെയാണ്’; നരേന്ദ്രമോദി പറഞ്ഞു.
മുസ്ലിം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പാര്‍ലമെന്റ് കാരണം നീതി ലഭിച്ചു. മുത്തലാഖിനെ എതിര്‍ക്കുന്ന നിയമം ഇവിടെയാണ് പാസാക്കിയത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും നീതി ഉറപ്പാക്കുന്ന നിയമങ്ങളും ഇവിടെ പാസാക്കി’; പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. അത് ഭീകരവാദത്തിനെതിരായ പ്രധാനപ്പെട്ടൊരു നീക്കമായിരുന്നു. ഇന്ത്യയുടെ ഭരണനിര്‍വഹണം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ഇന്ത്യ ഉടന്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും വ്യക്തമാക്കി.
‘പുതിയ പാര്‍ലമെൻ്റ് മന്ദിരത്തില്‍, ഒരു പുതിയ ഭാവിക്കായി ഞങ്ങള്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ചെറിയ ക്യാന്‍വാസില്‍ ഒരു വലിയ ചിത്രം നിര്‍മ്മിക്കാന്‍ കഴിയുമോ? ഇന്ത്യ അതിന്റെ ശരിയായ സ്ഥലത്ത് എത്താന്‍ ഇപ്പോള്‍ വലിയ ക്യാന്‍വാസിലേക്ക് മാറണം, ചെറിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമില്ല.’; നരേന്ദ്രമോദി സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സെന്‍ട്രല്‍ ഹാള്‍ ചടങ്ങിന് മുമ്പായി മൂന്ന് വ്യത്യസ്ത ഗ്രൂപ്പ് ഫോട്ടോസെഷനുകള്‍ നടന്നു. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാരും ഒരുമിച്ചിരുന്ന സെഷന്‍ ആയിരുന്നു ആദ്യത്തേത്. രണ്ടാമത്തെ സെഷനില്‍ രാജ്യസഭാ അംഗങ്ങളും മൂന്നാമത്തെ സെഷനില്‍ ലോക്‌സഭാ അംഗങ്ങളും ഫോട്ടോയ്ക്ക് അണിനിരന്നു
