ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്.
