നെല്ലിന്റെ വിലയായ ഒരു ലക്ഷം കിട്ടാതായതിനെ അമ്പലപ്പുഴയിലെ കൃഷിക്കാരന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്ന അതേ ദിവസം തന്നെയാണ് കോടികള്‍ മുടക്കി കൃഷിമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സെക്രട്ടറിയേറ്റ് അനക്സ് 2 വിലെ കൃഷിമന്ത്രി പി.പ്രസാദിന്‍റെ ഓഫീസ് അടക്കമുള്ള നാല് മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് പുതിയ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനാണ് രണ്ടരക്കോടി അനുവദിച്ചത്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫീസിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്.
അനക്‌സ് -2 വിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താന്‍ പുതിയ സി.സി.റ്റി.വിഅടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് . 2.53 കോടിരൂയ്ക്ക് ഭരണാനുമതി നല്‍കിയത്. കൊച്ചിയിലെ ഇന്‍ഫോകോം എന്ന സ്ഥാപനമാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഈ കമ്പനിയ്ക്ക് ആദ്യ ഘട്ടം എന്ന നിലയില്‍ ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുന്നൂറ്റി ഇരുപത്തിയേഴ് രൂപയാണ് അനുവദിച്ചത്. 5 ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, 2 ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, 101 ക്യാമറകള്‍ ഉള്‍കൊള്ളുന്നതും 6 മാസത്തെ വിവര സംഭരണശേഷിയുള്ളതുമായ നിരീക്ഷണ ക്യാമറ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ അത്യാധുനിക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പനെന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ദിവസം തന്നെയാണ് മന്ത്രിമാരുടെ സുരക്ഷക്കായി നിര്‍മ്മിച്ച സി.സി.റ്റി.വി ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് 2.53 കോടി അനുവദിച്ചത്. രാജപ്പനും മകന്‍ പ്രകാശനും ചേര്‍ന്നാണ് നെല്‍കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ കൊടുത്ത നെല്ലിന്റെ വില ഇതുവരെ കിട്ടിയില്ല. രാജപ്പനും മകന്‍ പ്രകാശനും കൂടി സിവില്‍സപ്ലൈസില്‍ നിന്നും 1,14,395 രൂപ കിട്ടാനുണ്ട്. കാന്‍സര്‍ ബാധിതനായ പ്രകാശന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഒരുപാട് പണം ചിലവാക്കേണ്ടി വന്നു. ഇതോടെ കുടുംബം സാമ്പത്തിക പ്രയാസത്തിലായി. സിവില്‍സപ്ലൈസില്‍ നിന്നുള്ള നെല്ലിന്റെ പണം കിട്ടാതായതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രാജപ്പന്‍. ഞായറാഴ്ചയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ രാജപ്പനെ കണ്ടത്.
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ കൃഷി ചെയ്ത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് ഉള്ളത്.
അതേസമയം രാജപ്പൻ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അമ്പലപ്പുഴ നാലുപാടം പാടശേഖരത്തിലെ കർഷകരിൽ പലർക്കും അക്കൗണ്ടിൽ നെല്ലുവിലയെത്തി. തിങ്കളാഴ്ച രാജപ്പന്റെ മകൻ പ്രകാശന്റെ അക്കൗണ്ടിലും പണമെത്തി.
നാലുപാടത്ത് രാജപ്പനു രണ്ടേക്കറിലും പ്രകാശന് ഒരേക്കറിലുമാണ് കൃഷിയുള്ളത്. രാജപ്പന് 1,02,045 രൂപയും പ്രകാശന് 55,054 രൂപയുമാണു കിട്ടാനുള്ളത്. ഓണത്തിനു മുൻപ് രാജപ്പന് 28,000-ഓളം രൂപയും മകനു 15,000-ഓളം രൂപയും കിട്ടി. എന്നാൽ, നെല്ലെടുത്ത് നാലുമാസം കഴിഞ്ഞും ബാക്കിത്തുക കിട്ടിയിരുന്നില്ല. അതിനിടെ, വായ്പയ്‌ക്കായി രാജപ്പൻ ഒരു ബാങ്കിനെ സമീപിച്ചിരുന്നതായും മറ്റൊരു കർഷകർ പറഞ്ഞു.
പ്രതിസന്ധിമൂലം ഏതാനും ആഴ്ചമുൻപ് കൃഷിഭൂമി വിൽക്കുന്നതിനെക്കുറിച്ച് രാജപ്പൻ ആലോചിച്ചിരുന്നു. പാടശേഖരസമിതി ഭാരവാഹികളാണ് അതിൽനിന്നു പിന്തിരിപ്പിച്ചത്. വീടിന്റെ ആശ്രയമായ മകൻ പ്രകാശൻ അസുഖത്തെത്തുടർന്ന് ചികിത്സയിലായതും രാജപ്പനെ തളർത്തി. രണ്ടു പെൺമക്കൾ കൂടിയുണ്ട് ഇദ്ദേഹത്തിന്. അവർ വിവാഹിതരെങ്കിലും ഒരാളുടെ ഭർത്താവു മരിച്ചു.
പ്രകാശൻ പന്തൽപ്പണിക്കുപോയി കിട്ടുന്ന കൂലിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം. മൂന്നുമാസം മുൻപ് പ്രകാശൻ അർബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതുടങ്ങി.
എന്നാൽ കെ.ആർ. രാജപ്പൻ ജീവനൊടുക്കിയതു നെല്ലുവില കിട്ടാത്തതു മൂലമാണെന്നതു വ്യാജപ്രചാരണമെന്ന് അധികൃതർ പറഞ്ഞു. 3,261 കിലോ നെല്ലാണ് രാജപ്പൻ സപ്ലൈക്കോയ്ക്കു നൽകിയത്. അതിന്റെ പേ ഓർഡർ മേയ് 22 ആണ്. എന്നാൽ, മേയ് 17 മുതൽ പേ ഓർഡർ ആയ കർഷകരിൽ 50,000-ൽ താഴെയുള്ളവർക്കെല്ലാം ഓണത്തിനു മുൻപു തുകനൽകി.
50,000-നു മുകളിലുള്ളവർക്ക് കൈകാര്യച്ചെലവും സംസ്ഥാനവിഹിതവും ചേർത്ത് കിലോയ്ക്ക് 7.92 രൂപവെച്ച് അക്കൗണ്ടിലേക്കു നൽകി. രാജപ്പൻ രജിസ്റ്റർ ചെയ്ത ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 28,678 രൂപയാണു നൽകിയത്.
കിലോയ്ക്ക് 20.40 രൂപ പ്രകാരം കർഷകർക്കുള്ള ബാക്കിത്തുക പി.ആർ.എസ്. വായ്പയായി കാനറ, എസ്.ബി.ഐ. ബാങ്കുകൾ വഴിയാണു നൽകിയത്. രാജപ്പന്റെ പേര് എസ്.ബി.ഐ. ലിസ്റ്റിലാണ്. ഓഗസ്റ്റ് 24-ന് ഇതുസംബന്ധിച്ച പട്ടിക സപ്ളൈകോ, എസ്.ബി.ഐ.ക്കു നൽകിയിട്ടുണ്ട്.
രാജപ്പനെ പലതവണ ബാങ്കിൽനിന്നു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നു ബാങ്കധികൃതർ അറിയിച്ചതായി പാഡി ഓഫീസർ പറഞ്ഞു. മകൻ പ്രകാശനു ബാക്കിയുള്ള 39,658 രൂപ അക്കൗണ്ടിൽ എത്തിയെന്നും പാഡി ഓഫീസർ പറഞ്ഞു.
