കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒരു എം.എൽ.എയ്ക്കും, മുൻ എം.പിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി. മുൻ എം പി യുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണം ലഭിച്ചുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇ ഡി കോടതിയിൽ പറഞ്ഞു. കേസിൽ അറസ്റ്റിലായ സതീഷ് കുമാർ പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷികളുടെ മൊഴിയുണ്ട്. രണ്ടു കോടി നൽകുന്നത് കണ്ടുവെന്നാണ് കളക്ഷൻ ഏജൻ്റിൻ്റെ മൊഴി. മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയുമുണ്ട്. പ്രതികളായ പി പി കിരൺ, പി സതീഷ് കുമാർ എന്നിവരെ 19 വരെ റിമാൻഡ് ചെയ്തു.
കേസിൽ അറസ്റ്റിലായ പി. സതീഷ്‌കുമാറിനെതിരെ പ്രധാന കണ്ടെത്തലുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും. കരുവന്നൂരിന് സമാനമായ തട്ടിപ്പ് സതീഷ് മറ്റിടങ്ങളിലും നടത്തിയതായി ഇ.ഡി കണ്ടെത്തി. സ്ഥിര നിക്ഷേപം നടത്തിയവരുടെ വ്യാജരേഖകൾ ചമച്ച് തട്ടിച്ചത് നിക്ഷേപത്തുകയുടെ 90% വരെയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 30 കോടി രൂപ സതീഷ് കരുവന്നൂരിൽ വെളുപ്പിച്ച് തിരിച്ച് കടത്തിയെന്നും അന്വേഷണ സംഘം പറയുന്നു.
പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സതീഷ്‌കുമാറിന്റെ ഇടപാടുകളിൽ വിശദപരിശോധനയ്ക്ക് ഒരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കിൽ അംഗത്വം പോലുമില്ല. ബാങ്കിൽനിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയിൽ ലഭിച്ചതായി ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. 51 പേരുടെ രേഖകൾ അവർ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നൽകിയത്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം.
