മറുനാടൻ ഷാജനെ കുടുക്കാൻ ഒരുങ്ങിപ്പുറപ്പെട്ട പി വി അൻവർ എം എൽ എ യ്ക്ക് വീണ്ടും കോടതിയുടെ തിരിച്ചടി.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് എടുത്ത പുതിയ കേസിൽ പരാതിക്കാരൻ പി വി അൻവർ എംഎൽഎ തന്നെയാണ് എന്നതാണ് വസ്തുത. പൊലീസിന്റെ വയർലസ് സന്ദേശം ചോർത്തിയെന്ന പേരിൽ, ഷാജനെതിരെ, തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പി വി അൻവറിന്റെ സമാനമായ കേസ് ഇതിനോടകം ഉണ്ടായിരുന്നതാണ് . ഈ സാഹചര്യത്തിൽ തന്നെയാണ് ആലുവ ഈസ്റ്റ് പൊലീസിലും അൻവർ ഇതേ കേസുമായി എത്തിയത് . പൊലീസിന്റെ വയർലസ് സന്ദേശം ചോർത്തി യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതിയിലെ ആക്ഷേപം . എന്നാൽ, തങ്ങളുടെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്‌തെന്നോ, വയർലസ് സന്ദേശം അനധികൃതമായി ടേപ്പ് ചെയ്‌തെന്നോ, പകർത്തിയെന്നോ കേരള പൊലീസ് ഒരു പരാതിയും ഇതുവരെ നൽകിയിട്ടില്ലെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചു. മൂന്നാം കക്ഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കോടതി ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ, ക്രൈം നം: 37/2023 ആയി ഷാജൻ സ്‌കറിയയ്ക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ, പൊലീസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ അനധികൃതമായി കടന്നുവെന്നും വയർലസ് സന്ദേശങ്ങൾ മോഷ്ടിച്ചുവെന്നും തന്റെ ഫേസ്‌ബുക്ക് പേജിൽ 18-04-2021 ൽ പ്രസിദ്ധീകരിച്ചുവെന്നും ആരോപിക്കുന്നു. ആ കേസ് പി വി അൻവറിന്റെ പരാതിയിലാണ് എടുത്തത്. ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം, പൊലീസിന്റെ വയർലസ് സന്ദേശം ചോർത്തി പരാതിക്കാരന്റെ യുടൂബ് ചാനലിൽ 17.04-2021 ന് പ്രസിദ്ധീകരിച്ചുവെന്നണ് കേസ്. രണ്ടുകേസിലെയും ആരോപണങ്ങൾ സമാനമാണെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. പി വി അൻവറിന്റെ രണ്ടാമത്തെ പരാതി ജൂലൈ 30 നാണ് സമർപ്പിച്ചത്. പരാതി ഓഗസ്റ്റ് 28 ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയും, ഓഗസ്റ്റ് 30 ന് കേസെടുക്കുകയും ചെയ്തു. പരാതിക്കാരനെ പീഡിപ്പിക്കാൻ വേണ്ടി മാത്രമാണ് പുതിയ കേസെന്നാണ് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ വാദിച്ചത്. ജാമ്യമില്ലാ കേസുകൾ എടുക്കുമ്പോൾ പരാതിക്കാരനെ നോട്ടീസ് മുഖാന്തിരം അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ കേസിൽ പാലിച്ചില്ലെന്നും ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരന് നോട്ടീസ് നൽകേണ്ടത് ആവശ്യമാണെന്ന വാദം പ്രോസിക്യൂഷനും ശരി വച്ചു. എന്നാൽ, ഹൈക്കോടതി ഉത്തരവ് 19-07.2023 വരെ രജിസ്റ്റർ ചെയ്ത കേസുകൾക്ക് മാത്രമാണ് ബാധകമെന്നും, 30-08-2023 ൽ എടുത്ത പുതിയ കേസിന് ഇതുബാധകമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഷാജന് എതിരെ പുതിയ കേസ് എടുത്തതിൽ പൊലീസിന് എതിരെ കോടതി വാക്കാൽ വിമർശനം ഉന്നയിച്ചിരുന്നു. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിന് എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന് പോലും വ്യക്തത ഇല്ലാത്തത് അതിശയപ്പെടുത്തുന്നു. പ്രോസിക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത്. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എവിടെ എന്നും കോടതി ചോദിച്ചു.
പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഷാജനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട, കേസ് ഇനി പരിഗണിക്കുമ്പോൾ മാത്രം മുന്നോട്ട് നടപടികൾ നോക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്‌കറിയക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരത്ത് നിന്നും കേസെടുത്തിരുന്നു. കേസിൽ കോടതി അറസ്റ്റ് തടഞ്ഞതാണ്. അതേ കേസിൽ എന്തിനാണ് ആലുവ പൊലീസ് എഫ്‌ഐആർ ഇടുകയും കേസെടുക്കുകയും ചെയ്തത് എന്ന് പ്രോസിക്യൂഷനോട് ചോദിച്ചപ്പോൾ പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വിശദമായ നിർദ്ദേശങ്ങൾ ആവശ്യമാണെന്നും, തന്റെ പക്കൽ കേസ് റെക്കോഡുകൾ ഇല്ലെന്നും കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ കൂടുതൽ സമയം തേടിയിരുന്നു. സൈബർ ക്രൈം പൊലീസ് എടുത്ത സമാന കേസിൽ, അന്വേഷണം തുടരുകയായതുകൊണ്ട് ഹർജി തീർപ്പാക്കും വരെ പരാതിക്കാരന് ഇടക്കാല സംരക്ഷണം നൽകാമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സെഷൻസ് കോടതിയിലെ കേസ് തീർപ്പാകും വരെ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ആലുവ ഈസ്റ്റ് സിഐക്ക് ജഡ്ജി പി കെ മോഹൻദാസ് നിർദ്ദേശം നൽകി. കേസ് ഇനി സെപ്റ്റംബർ അഞ്ചിന് പരിഗണിക്കും.
ഷാജൻ സ്‌കറിയയ്ക്ക് എതിരായ പുതിയ കേസിൽ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസിന് രാവിലെ കോടതി നിർദ്ദേശം നൽകിയിരുന്നു. ആലുവ പൊലീസ് എടുത്ത കേസിന്റെ വിശദാംശങ്ങളാണ് അറിയിക്കേണ്ടിയിരുന്നത്. വീണ്ടും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം എന്ന് ഷാജൻ സ്‌കറിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എഫ് ഐ ആർ പോലും രഹസ്യമാക്കിയെന്നും വിശദീകരിച്ചു. ഇതോടെയാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്നാണ് കേസ് വൈകിട്ട് 3 മണിക്ക് എറണാകുളം ജില്ലാ കോടതി വീണ്ടും പരിഗണിച്ചത്. അതിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.
