Connect with us

Hi, what are you looking for?

Exclusive

നടിയെ ആക്രമിച്ച കേസിൽ വിഐപി പ്രതിയായി; അടുത്തത് മാഡത്തിന്റെ ഊഴം

നടിയെ ആക്രമിച്ച കേസിൽ വിഐപി പ്രതിയായി.
ഇനി മാഡത്തിന് എന്തു സംഭവിക്കും? നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. അത് ശരിവച്ച്‌ ശരത്തിനെ കേസിൽ പ്രതിയാക്കി അറസ്റ്റു ചെയ്തു. പക്ഷേ ജാമ്യവും നൽകി. ഇനി മാഡത്തിന്റെ ഊഴമാണ്. ആരാണ് മാഡമെന്ന് പൊലീസിന് വ്യക്തമായി അറിയാം. പക്ഷേ ഇതുവരെ മാഡത്തെ കേസിൽ പ്രതി ചേർത്തില്ല. ഇനി മാഡത്തെ പ്രതിയാക്കിയാലും ശരത്തിന് സംഭവിച്ചത് പോലെ മാത്രമേ സംഭവിക്കാൻ ഇടയുള്ളൂ. അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിടും. ശരത്തിന് പൊലീസ് നൽകിയ ജാമ്യം നടിയെ ആക്രമിച്ച കേസിൽ ഒത്തു തീർപ്പുകൾ ഉണ്ടായോ എന്ന സംശയമാണ് ബലപ്പെടുത്തുന്നത്.


ശരത്തിനെതിരെ ഗൗരവമേറിയ കുറ്റാരോപണമാണ് പൊലീസ് നടത്തുന്നത്. എന്നാൽ വകുപ്പുകളിൽ അത് പ്രകടവുമല്ല. അതുകൊണ്ടാണ് ജാമ്യം നൽകുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം എന്തുണ്ടാകുമെന്നാണ് എല്ലാവരേയും ആകാംഷയിലാക്കുന്നത്. കേസിൽ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റു ചെയ്ത് ഉടൻ വിട്ടയയ്ക്കുമെന്നാണ് ശരത്തിന് നൽകിയ ആനുകൂല്യത്തോടെ പുറംലോകത്ത് മനസ്സിലാകുന്നത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് ഉണ്ടായ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ് ഇതെന്ന വാദവും ശക്തമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശരത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളെ കണ്ടത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളിൽ യാഥാർഥ്യമൊന്നുമില്ലെന്ന് നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ ശരത് ജി.നായർ പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തു ശരത്തിനെ വിട്ടയച്ചത് ദിലീപ് ക്യാമ്ബിന് ആശ്വാസമാണ്. എന്നാൽ ഇനിയും കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇത് ആശങ്കയുമാണ്.
‘ഈ കേസിൽ ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാൻ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു പറയാൻ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ ശരത് വ്യക്തമാക്കി.
നായർ സമുദായാംഗമായ തന്നെ ഇക്കയെന്ന് ആരെങ്കിലും വിളിക്കുമോ എന്ന ചോദ്യമാണ് ശരത് ഉയർത്തുന്നത്. കാവ്യയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ശരത്. അതുകൊണ്ട് തന്നെ ‘ഇക്ക’ മൊഴി കോടതിയിൽ നിൽക്കാനുള്ള സാധ്യത കുറവാണ്. നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോൾ ശരത്തിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. നടിയെ ആ്ക്രമിച്ച കേസിലെ പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റ് കൂടിയാണ് ഇത്. ഇതോടെ പുതിയ വിവരങ്ങൾ കോടതിയിൽ വ്യക്തമാകുമെന്ന് ഉറപ്പായി.
സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്ബോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.
നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.
മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്ബോഴാണ് അന്ന് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു അറസ്റ്റ്.. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്ബോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഒരു ചെറുകിട ഹോട്ടലിൽ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്ബാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ ‘നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ‘സൂര്യ’ എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്.
ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്ബ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്ബോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.


ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...