പുരാവസ്തുവിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി നടന് ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മോന്സന് മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന് ബാല ഇടപെട്ടിരുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോന്‍സണ്‍ന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന ഡ്രൈവറായിരുന്നു അജിത്. അജിതിനെതിരെ മോന്സന് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കുന്ന ശബ്ദരേഖയാണ് നിങ്ങളിപ്പോള്‍ കേട്ടത്. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെതിരേ പരാതി നല്‍കിയതെന്ന് അജിത് പറയുന്നുണ്ട്.
ഞാന്‍ പെണ്ണുപിടിയനാണെന്നും ഞാന്‍ 20 കിലോ കഞ്ചാവ് മോന്‍സണ്‍ന്റെ വണ്ടിയില്‍ കൊണ്ടുപോയി വെക്കുമെന്നും പുള്ളീടെ തലവെട്ടി കളയുമെന്നുമൊക്കെ ആരോടോ പറഞ്ഞുവെന്നാണ് മോന്സണ് ആരോപിക്കുന്നത്. അങ്ങനെയൊരു നുണ കഥയാണ് മോന്സണ് ഉണ്ടാക്കിയതെന്നാണ് അജിത് ബാലയോട് പറയുന്നത്. പത്ത് വര്‍ഷം മോന്സണ് വേണ്ടി പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസെന്നും അജിത് പറയുന്നു.
കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുന്നുണ്ട്. ബാലയുടെ യൂട്യൂബ് ചാനലില്‍ മോന്‍സനെ അഭിമുഖം ചെയ്തിരുന്നു. മോഹന്‍ലാല്‍ മോന്‍സന്റെ വീട്ടിലെത്തിയതും ബാല വഴിയാണെന്ന് സൂചനയുണ്ട്. മോന്‍സന്റെ പക്കല്‍ പുരാവസ്തുശേഖരമുണ്ടെന്ന് ലാലിനോട് പറയുന്നത് താനാണെന്ന് ബാല പറയുന്നുണ്ട്.