Connect with us

Hi, what are you looking for?

Exclusive

കൗതുക കാഴ്ചയുണര്‍ത്തിയ ചൈനയിലെ ആനക്കൂട്ടം മടങ്ങുന്നു

ചൈനയ്ക്കുള്ള മുന്നറിയിപ്പ് എന്നോണം കുട്ടത്തോടെയുള്ള ആനകളുടെ പലായനം സംബന്ധിച്ച വാര്‍ത്ത് ഇതിനോടകം തന്നെ ശ്രദ്ധനേടിയതാണ്. ചൈനയിലെ തെരുവുകളിലൂടെ ആനകള്‍ നടന്ന് നീങ്ങിയത് സോഷയല്‍ മീഡിയയിലെ കൗതുക കാഴ്ചയായിരുന്നു.


വെള്ളപൊക്കം താറുമാറാക്കിയ ചൈനയില്‍ നിന്നും സുരക്ഷത സ്ഥാനം തേടിയുള്ള യാത്രയായിരുന്നു ആനകളുടേത് എന്ന നിഗമനങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും ഒരു കൊല്ലത്തിലേറെ നീണ്ട യാത്രക്കൊടുവില്‍ ചൈനയിലെ ആനക്കൂട്ടം സ്വന്തം ‘സാമ്രാജ്യത്തിലേക്ക്’ മടങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. വിവിധ വലിപ്പത്തിലും പ്രായത്തിലുമുള്ള ആനകളടങ്ങുന്ന സംഘം തങ്ങളുടെ പ്രകൃത്യാലുള്ള താവളമായ ഷിങ്ഹുവാന്‍ബന്ന ദായ് ഓട്ടോണമസ് പ്രിഫക്ചറിലേക്ക് മടങ്ങുന്നതായാണ് സൂചന. ഞായറാഴ്ച രാത്രി സംഘം യുന്നനിലെ യുവാന്‍ജിയാങ് നദി കടന്നു.

17മാസങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയടുത്ത് തിരികെയെത്താന്‍ ഇനിയും 200 കിലോമീറ്ററോളം സംഘം സഞ്ചരിക്കണം. ഇതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാമെങ്കിലും ആനക്കൂട്ടത്തിന്റെ ‘വിനോദയാത്ര’യില്‍ ആശങ്കപ്പെട്ടിരുന്നവര്‍ക്കും കൗതുകം കൊണ്ടവര്‍ക്കും ഇനി ആശ്വസിക്കാം.

സ്വന്തം താവളത്തില്‍ നിന്ന് ഇതിനോടകം 500 കിലോമീറ്ററിലധികം(300 മൈല്‍) യാത്ര ചെയ്ത ശേഷമാണ് ആനക്കൂട്ടത്തിന്റെ മടക്കം. ഈ ആനയാത്ര ലോകത്തെമ്പാടുമുള്ള ആനപ്രേമികളുടേയും മൃഗസ്നേഹികളുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അതേസമയം യാത്രക്കിടെ ഭക്ഷണവും ഉല്ലാസവും തേടി വയലുകളിലേക്കും മറ്റും തിരിഞ്ഞ സംഘം ഇക്കാലത്തിനിടെ 6.8 ദശലക്ഷം യുവാന്‍(ഏകദേശം 77 കോടി രൂപ) വിലമതിക്കുന്ന നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് കണക്ക്. യാത്രക്കിടെ സംഘത്തില്‍ നിന്ന് വേറിട്ട് ഒറ്റയ്ക്ക് അലഞ്ഞ കൊമ്പനെ പിന്നീട് തളച്ച് ഷിഹുവാന്‍ബന്നയിലേക്ക് തിരികെയെത്തിച്ചിരുന്നു. ഒരു മനുഷ്യന്റേയോ മൃഗത്തിന്റേയോ ജീവന്‍ ഈ സംഘത്തിന്റെ യാത്ര മൂലം നഷ്ടപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആനകളുടെ യാത്രയ്ക്ക് ‘സഹായ’മായി അധികൃതര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഇടവേളയില്ലാതെ സഞ്ചാരം നിരീക്ഷിക്കാന്‍ 410 ഉദ്യോഗസ്ഥരേയും 374 വാഹനങ്ങളും 14 ഡ്രോണുകളും ഏര്‍പ്പെടുത്തി. ആനകള്‍ക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സംഘത്തിന്റെ സഞ്ചാരപാതയിലെ റോഡുകളിലെ ഗതാഗതം നിയന്ത്രിച്ചും വൈദ്യുതി വിച്ഛേദിച്ചും ആനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. പഴക്കുലകളുള്‍പ്പെടെ വഴിയില്‍ സൂക്ഷിച്ച് ആനകളുടെ സഞ്ചാരഗതി നിയന്ത്രിച്ചു. ആനകള്‍ കടന്നു പോകുന്ന വഴിയില്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നവംബറില്‍ ആനക്കൂട്ടത്തില്‍ ഒരു കുട്ടി പിറന്നതും സംഘത്തിന്റെ യാത്ര ‘പിന്തുടര്‍ന്നവര്‍’ക്ക് കൗതുകമായി. യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റ ആനക്കുട്ടിയെ സംഘം വഴിയിലുപേക്ഷിച്ചെങ്കിലും അതിനെ പിന്നീട് രക്ഷപ്പെടുത്തിയിരുന്നു. നാല്‍പത് പേരടങ്ങുന്ന ഫോറസ്ട്രി ഫയര്‍ഫൈറ്റേഴ്സിന്റെ സംഘത്തിനായിരുന്നു ആനക്കൂട്ടത്തിന്റെ യാത്രയുടെ നിരീക്ഷണചുമതല. കാടുകളിലും മേടുകളിലും ഇരുപത്തിനാല് മണിക്കൂറും ആനകളെ നിരീക്ഷിച്ചു. പ്രവേശനം പ്രയാസകരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇങ്ങനെ ആനകളുടെ സുരക്ഷിതത്വം എല്ലാ സമയത്തും ഉറപ്പാക്കി.

ആനകളുടെ പലായനത്തിന്റെ കാരണം ചൈനയില്‍ ദുരന്തങ്ങള്‍ വരാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടാണ് എന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും

ആനകളുടെ ‘ഇറങ്ങിപ്പോക്കി’ന്റെ കൃത്യമായ കാരണം ഇതുവരെയും വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ അവയുടെ ഉറക്കവും, തീറ്റയും ഉല്ലാസവുമെല്ലാം ലോകത്തിന് കൗതുകക്കാഴ്ചകളായി. ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. പല മാധ്യമങ്ങളും ആനസഞ്ചാരത്തിന്റെ ലൈവ് സ്ട്രീമിങ് നടത്തി. ലക്ഷ്യമില്ലാത്ത യാത്ര അവസാനിപ്പിച്ച് സംഘത്തെ മടക്കി അയക്കാനുള്ള ശ്രമം തുടങ്ങി. ഇഷ്ടഭക്ഷണം കാണിച്ച് പ്രലോഭിപ്പിച്ച് ആനകളെ ‘വഴി തെറ്റിക്കാനുള്ള’ ശ്രമമായി. എന്തായാലും ആനകള്‍ മടങ്ങുകയാണ്.

ഏഷ്യന്‍ ആനകളുടെ എണ്ണം കുറവായതിനാല്‍ ചൈനയില്‍ അവയുടെ സംരക്ഷണം അതീവഗൗരവമായ വിഷയമാണ്. തണുത്ത കാലാവസ്ഥയിലുണ്ടാകുന്ന വിഷക്കൂണുകള്‍ ഉള്ളിലാക്കുന്നത് ആനകള്‍ക്ക് ദോഷകരമാകാമെന്നതിനാല്‍ കൂണുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്തായാലും ആനക്കൂട്ടത്തെ ഭയപ്പെടുത്താതെ, അവയെ പ്രകോപിപ്പിക്കാതെ, കൈതചക്കയും പഴക്കുലയും കാട്ടി പ്രലോഭിപ്പിച്ച് താവളത്തിലേക്ക് തിരികെയെത്തിക്കാനുള്ള ചൈനീസ് അധികൃതരുടെ ‘ഒളിപ്പോരിനെ’ അഭിനന്ദിക്കാതിരിക്കാന്‍ ലോകത്തിനാവില്ല. തന്റെ അനിയന്ത്രിത കയ്യേറ്റങ്ങളാണ് മറ്റു ജീവികളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ അകറ്റുന്നതെന്ന കാര്യം മനുഷ്യന്‍ മറക്കാതിരിക്കുന്നതാണ് സ്വന്തം നിലനില്‍പ്പിനും നല്ലത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...