യൂട്യൂബില്‍ ലക്ഷക്കണക്കിന് പേര് കാണുന്ന ഒന്നാണ് പ്രാങ്ക് വീഡിയോ. വളരെ രസകരമായ പ്രങ്ക് വീഡിയോ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനുള്ള വഴി കൂടിയാണ് പലര്‍ക്കും എന്നാല്‍ ചില പ്രാങ്ക് വീഡിയോകള്‍ പലപ്പോഴും അതിര് വിട്ടു പോകാറുമുണ്ട്. അത്തരത്തില്‍ അതിരു വിട്ട് പ്രാങ്ക് വീഡിയോ ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പൊതുവിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ പ്രാങ്ക് വീഡിയോ എടുത്ത യു ട്യൂബറാണ് അറസ്റ്റിലായത്. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.
എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് പൊലീസ് നടപടി. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയാണ് ഇയാള്‍ ചെയ്തിരുന്നത് എന്നാണ് നോര്‍ത്ത് പൊലീസ് പറയുന്നത്.
വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.ഈ വീഡിയോള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ എടുത്തതായി പൊലീസ് അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച യുട്യൂബറുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചോളം വീഡിയോകള്‍ ഇയാളുടെ യൂട്യൂബ് അക്കൌണ്ടില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട് എന്നും പോലീസ് പറയുന്നു