സോളാര്‍ തട്ടിപ്പ് കേസില്‍ വീണ്ടും സരിത എസ് നായരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് അറസ്റ്റിലായിരിക്കുന്നു. കോഴിക്കോട് കസബ പോലീന്റേതാണ് നടപടി. സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതിയുടെ നിരന്തര വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിത ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. കോടതിയില്‍ ഹാജരാക്കാനായി പോലീസ് സരിതയെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി.
അറസ്റ്റിനു സിറ്റി പോലീസ് കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയത്. സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരേയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിട്ടുള്ളത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.
2012ല്‍ കോഴിക്കോട് കസബ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം.