Connect with us

Hi, what are you looking for?

Exclusive

മുസ്‌ലിം ലീഗിന് വേണ്ടി CPI യെ ചവിട്ടിത്തേച്ച CPM ന് മറുപടിയുമായി കാനം

സിപിഐ യ്ക്ക് നേരെ വിമർശന ശരങ്ങളെറിഞ്ഞ സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനം കൂടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു . സിപിഐ യെ വർഗ്ഗവഞ്ചകരെന്നായിരുന്നു ചിന്തയിലെ ലേഖനത്തിലൂടെ ഇ രാമചന്ദ്രൻ വിശേഷിപ്പിച്ചത്. വർഗ വഞ്ചകർ എന്ന വിശേഷണം അന്വര്ഥമാക്കുന്നവർ എന്നായിരുന്നു ലേഖനത്തിലെ സിപിഐ ക്കെതിരായ പരാമർശം. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിലുണ്ടാകുന്ന പുതിയ ചിന്തകളാണ് ചിന്തയിലെ ലേഖനത്തിന് പിന്നിലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലേഖനത്തിനെതിരെ നവയുഗത്തിലൂടെ മറുപടി പറയുമെന്നാണ് കാനം രാജേന്ദ്രന്‍ അറിയിച്ചത് .
ലേഖനത്തിലെ ആക്ഷേപം. കൂടാതെ റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സിപിഐ എന്നും ലേഖനത്തില്‍ പറയുന്നു.
ഇത്രയേറെ രൂക്ഷമായ ഭാഷയിൽ സിപിഐ ക്കെതിരെ കടന്നാക്രമണം നടത്താൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതിനു പിന്നിൽ വ്യക്തമായും മറ്റെന്തൊക്കെയോ ഗൂഢ ഉദ്യേശം ഇല്ലാതിരിക്കില്ല . സിപിഐയ്ക്കും ഈ സംശയം അമ്പടാവാതിരിക്കാൻ ഇടയില്ല . സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടാവാൻ ഇടയില്ല . അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സിപിഐ യുടെ മറുപടിയും കൃത്യമായ ആലോചനകൾക്ക് ശേഷം കരുതലോടെ മാത്രമേ ഉണ്ടാവൂ എന്നതാണ് കാനത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത് .
അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയ ശാസ്ത്രപരമായ തര്‍ക്കങ്ങള്‍ ആവാം. എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെയാണ് ആ വിമര്‍ശനം ശരിയാണോ എന്ന് ചിന്തിക്കേണ്ടത് എന്നും കാനം പറഞ്ഞു . സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ ചിന്തക്കുള്ള മറുപടി പറയുമെന്നും കാനം കൂട്ടിച്ചേർത്തു.

പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിനായി മുൻപ് സിപിഐ തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി തുടരുമെന്ന പരാമര്ശമുണ്ടായിരുന്നു . ഈ സാഹചര്യവും കൂടി കണക്കിലെടുത്തുകൊണ്ടാണ് ‘തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരില്‍ ചിന്തയിലൂടെ സിപിഎം മറുപടി ലേഖനമെഴുതിയത്.

ഈ ഇടെയായി സിപിഎമ്മും സിപിഐ യും തമ്മിലുള്ള തുർന പോരുകൾക്ക് പലപ്പോഴും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. ഭൂപരിഷ്‌കരണത്തിനായുള്ള തോട്ട നിയമ ഭേദഗതിയില്‍ അടക്കം സിപിഐ സിപിഎം നിലപാടുകളോട് പിൻതിരിഞ്ഞാണ് നിൽക്കുന്നത്. എന്നാൽ സിപിഐയുടെ പിന്തുണയില്ലാതെ തന്നെ എല്ലാം നിയമമാക്കാനുള്ള അംഗബലം സിപിഎമ്മിന് നിയമസഭയിലുള്ളത് കൊണ്ട് തന്നെ സിപിഎം – സിപിഐ വാക് പോരുകളിൽ അന്തിമ വിജയം സിപിഎമ്മിന് തന്നെയാവാറാണ് പതിവ് .
എന്നാലിപ്പോൾന സിപിഐ ക്കെതിരെ നടത്തിയിരിക്കുന്ന ഈ വിമർശനങ്ങൾ സിപിഎം മുസ്‌ലിം ലീഗിലേക് അടുക്കുന്നതിന്റെ മുന്നോടിയാണെന്ന തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
മുസ്ലിം ലീഗുമായി സിപിഎം ഒന്നാവാന് ശ്രമിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ ഉയർന്നു വരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ച്‌ കോട്ടയത്തും പത്തനംതിട്ടയിലും ഇടതിന്റെ കരുത്തു കൂട്ടിയതു പോലെ ലീഗുമായുള്ള സഹകരണമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന ആരോപണത്തിന് ആക്ക്മ കൂട്ടുന്നതാണ് സിപിഐ യെ തള്ളിക്കൊണ്ടുള്ള ഈ നീക്കങ്ങൾ. ഈ ലക്‌ഷ്യം മുന്നിൽ വെച്ചാണ് സിപിഐയെ സിപിഎം ലേഖനമെഴുതി കുത്തുന്നതെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. മുസ്ലിം ലീഗും സിപിഐയും കൂടി ഒരേ സമയം ഇടതുപക്ഷത്ത് നില്‍ക്കുകയെന്നത് അസാധ്യമാണ്.
ഈ സാഹചര്യത്തിലാണ് ചിന്തയിലെ ലേഖനവും ചര്‍ച്ചയാകുന്നത്.

ചിന്തയിലെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

ചരിത്രത്തിലെ ചില അദ്ധ്യായങ്ങള്‍ ഇടയ്ക്കിടെ ഓര്‍മിക്കപ്പെടേണ്ടതായുണ്ട്. ശതാബ്ദി പിന്നിട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അത്തരം അനേകം സന്ദര്‍ഭങ്ങളുണ്ട്.

സിപിഐ എം അതിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിലേക്കും, സിപിഐ ഇരുപത്തിനാലാമത് സമ്മേളനങ്ങളിലേക്കും കടക്കുന്നതിനിടെയാണ് സിപിഐ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി എന്ന് സ്വയം അവകാശപ്പെട്ടു രംഗത്തു വന്നിരിക്കുന്നത്. മുന്‍പ് പലപ്പോഴും വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ട്. എന്നാലിത്തവണ അവരാ പട്ടം സ്വയം എടുത്തണിഞ്ഞിരിക്കയാണ്.

ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളുടെ മുഖ്യ അജന്‍ഡ കഴിഞ്ഞകാല രാഷ്ട്രീയനിലപാടുകളുടെയും സമര – സംഘടനാപ്രവര്‍ത്തനങ്ങളുടെയും പുനഃപരിശോധനയാണ്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ നിശിതമായ വിമര്‍ശനസ്വയംവിമര്‍ശനാടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്തി, വന്നു പോയ പോരായ്മകളെയും ദൗര്‍ബല്യങ്ങളെയും അടയാളപ്പെടുത്തുക, ഭാവിയില്‍ അവ ആവര്‍ത്തിക്കാതിരിക്കാനുള്ള അഴിച്ചുപണികള്‍ നടത്തുക, സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ പാളിച്ചകള്‍ കണ്ടെത്തി കൂടുതല്‍ ശരിയായ രാഷ്ട്രീയ നയത്തില്‍ എത്തിച്ചേരുക. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ സ്വയം തിരുത്തുന്നതിനുള്ള പ്രക്രിയയാണ് നടത്തിപ്പോരുന്നത്. എന്നാല്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിപിഐ നേതൃത്വം ഈ പ്രസ്താവത്തെ നിഷേധിച്ചിട്ടും ഇല്ല

അവിഭക്ത സിപിഐയിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്നു ഒന്നര ദശാബ്ദത്തോളം രാഷ്ട്രീയ ചര്‍ച്ചകളില്‍ മുന്‍ നിന്നിരുന്ന ഒരു വാക്കാണ് തിരുത്തല്‍വാദം. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനനിലപാടുകളില്‍ നിന്നു വലത്തോട്ടുള്ള വ്യതിയാനം എന്ന അര്‍ത്ഥത്തില്‍ ആണ് ആ പദം സിപിഐ ക്കെതിരെ പ്രയോഗിക്കപ്പെട്ടത്.

സ്റ്റാലിന്റെ മരണാനന്തരം 1956ല്‍ ചേര്‍ന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് അവതരിപ്പിച്ച നയ വ്യതിയാനങ്ങളാണ് റിവിഷനിസം എന്നപേരില്‍ അറിയപ്പെട്ടിരുന്നത് (ബേണ്‍സ്റ്റീനും കൗട്‌സികിയും മറ്റുമാണ് റിവിഷണലിസത്തിന്റെ ആദ്യ പഥികര്‍. റിവിഷണിസത്തിന്റെ തത്സമം ആയാണ് മലയാളത്തില്‍ തിരുത്തല്‍ വാദം എന്നറിയപ്പെട്ടത്). സ്റ്റാലിന്‍കാലത്തെ ജനാധിപത്യ വിരുദ്ധ അതിക്രമങ്ങളുടെയും, സമഗ്രാധിപത്യത്തിന്റെയും കാലം എന്നധിക്ഷേപിച്ച ക്രൂഷ്‌ചേവ്, പാര്‍ട്ടി യെക്കുറിച്ചും സോഷ്യലിസ്റ്റ് ജനാധിപത്യത്തേക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമെല്ലാമുള്ള മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സങ്കല്പനങ്ങളെ തള്ളിപ്പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വം, സമാധാനപരമായ മത്സരം, സമാധാനപരമായ പരിവര്‍ത്തനം തുടങ്ങി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ലോകമാസകലം കമ്യൂണിസ്റ്റുകാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടിനെ ഉപയോഗപ്പെടുത്തി മാര്‍ക്‌സിസ്റ്റ് ചിന്തയ്ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമെതിരെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ പ്രചണ്ഡമായ പ്രചാരണം ആരംഭിച്ചു.

ക്രൂഷ്‌ചേവിന്റെ നിലപാടുകളെയും, ഇരുപതാം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയത്തെയും തിരുത്തല്‍ വാദം എന്ന് വിശേഷിപ്പിച്ച്‌ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തി. എന്നാല്‍ ജര്‍മനി ഉള്‍പ്പടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭരണം കയ്യാളിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുഴുവന്‍ റഷ്യന്‍ നിലപാടിനൊപ്പം നിന്നു. യുറോ കമ്യൂണിസം എന്നപേരില്‍ കുറേക്കൂടി വലതുപക്ഷത്തേക്ക് നീങ്ങുകയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ പാര്‍ട്ടികള്‍ പിന്നീട് ചെയ്തത്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് നേരത്തെതന്നെ രൂപപ്പെട്ടു വന്നിരുന്ന നയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ സോവിയറ്റ് പാര്‍ട്ടികോണ്‍ഗ്രസിനെത്തുടര്‍ന്ന് രൂക്ഷമാകാന്‍ തുടങ്ങി. ക്രൂഷ്‌ചേവിന്റെ സമാധാന പരമായ സഹവര്‍ത്തിത്വം, സമാധാനപരമായ പരിവര്‍ത്തനം തുടങ്ങിയ ആശയങ്ങള്‍ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചു. ഇന്ത്യയുടെ വിപ്ലവമാര്‍ഗം ദേശീയ ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവും തമ്മില്‍ ഐക്യപ്പെടുന്നതിലൂടെ ആയിരിക്കും എന്ന പുതിയ സിദ്ധാന്തം അവര്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. കോണ്‍ഗ്രസ് – കമ്യൂണിസ്റ്റ് ഐക്യത്തിലൂടെ ദേശീയ ജനാധിപത്യവിപ്ലവം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കപ്പെട്ടു.

വര്‍ഗസഹകരണത്തിന്റേതായ ഈ വാദം, മാര്‍ക്‌സിസം ലെനിനിസത്തില്‍ നിന്നുള്ള വേറിട്ടുപോകലാണ് എന്ന് വിമര്‍ശിച്ച്‌ പാര്‍ട്ടിയിലെ മറു വിഭാഗം ചെറുത്തുനിന്നു. ഇക്കാര്യത്തില്‍ സോവിയറ്റ് തിരുത്തല്‍ വാദത്തെ എതിര്‍ക്കാന്‍ മുന്നോട്ടു വന്ന ചൈനയുടെ വിപ്ലവ നിലപാടാണ് ശരി എന്നവര്‍ വാദിച്ചു.

പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ നീറിപ്പടരുന്ന ഈ ഘട്ടത്തിലാണ് 1962ല്‍ ഇന്ത്യയും ചൈനയും തമ്മിലെ അതിര്‍ത്തിത്തര്‍ക്കം യുദ്ധമായി മാറിയത്. കമ്യൂണിസ്റ്റു ചൈനക്കെതിരെ അധിക്ഷേപങ്ങള്‍ കോരിച്ചൊരിഞ്ഞ ഇന്ത്യന്‍ ഭരണവര്‍ഗവും വലതുപക്ഷ പാര്‍ട്ടികളും ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. രാജ്യരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും വികാരവിക്ഷോഭത്തിലേക്ക് അവര്‍ ജനങ്ങളെ തള്ളിവിട്ടു. കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളും ചൈനീസ് ചാരന്മാരുമാണ് എന്ന് അവര്‍ ആക്രോശിച്ചു. നിര്‍ണായകമായ ഈ സന്ദര്‍ഭത്തെ പാര്‍ട്ടിയിലെ വലതു നേതൃത്വം കൗശല പൂര്‍വം ഉപയോഗിച്ചു. ചരിത്രത്തില്‍ ദീര്‍ഘകാല സൗഹൃദം പുലര്‍ത്തിപ്പോന്ന ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ആയുധപ്പന്തയത്തിലൂടെയല്ല നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന നിലപാട് എടുത്ത പാര്‍ട്ടി നേതാക്കന്മാരെ അവര്‍ പൊലീസിന് ഒറ്റുകൊടുത്തു. സ്വന്തം സഖാക്കളെ വര്‍ഗശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് ചൈനചാരന്മാര്‍ എന്ന് മുദ്ര കുത്തി ജയിലറകളില്‍ അടച്ചു. തിരുത്തല്‍ വാദം എന്ന വ്യതിയാനം എത്ര നികൃഷ്ടമായ പ്രവൃത്തികളിലേക്കും നയിച്ചേക്കാം എന്നതിന്റെ തെളിവായി ചരിത്രത്താളുകളില്‍ ഈ സംഭവം അടയാളപ്പെട്ടു കിടക്കുന്നുണ്ട്.

1964ല്‍ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ രൂക്ഷമാവുകയും പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്തു. തുടര്‍ന്ന് അവശിഷ്ട സിപിഐ യുടെ ഏഴാം കോണ്‍ഗ്രസ് ബോംബെയിലും, സിപിഐ എമ്മിന്റേത് കല്‍ക്കത്തയിലും സമ്മേളിച്ചു… ‘മുതലാളിത്തവികസനപാത നടപ്പിലാക്കുന്നതിനായി, വിദേശ ഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബുര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ, ബുര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തെ മാറ്റി തല്‍സ്ഥാനത്ത് തൊഴിലാളികര്‍ഷകസഖ്യത്തിലധിഷ്ഠിതമായ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്ന ജനകീയ ജനാധിപത്യ വിപ്ലവ പരിപാടി അംഗീകരിച്ചു.സിപിഐ ആകട്ടെ, പുരോഗമന വീക്ഷണമുള്ള ദേശീയ ബൂര്‍ഷ്വാസിയാണ് ഭരണകൂടത്തെ നയിക്കുന്നതെന്നും വന്‍കിടമുതലാളികളും, ഭുപ്രഭുത്വവും അതിനെ സ്വാധീനിച്ച്‌ വലത്തോട്ടു നീക്കിക്കൊണ്ടിരിക്കുകയാണ് എന്നും വിലയിരുത്തി. ദേശീയ ബൂര്‍ഷ്വാസിയുടെ പുരോഗമന നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തൊഴിലാളി വര്‍ഗം അവരുമായി ഐക്യപ്പെടണം. ക്രൂഷ്‌ചേവ് നിര്‍ദ്ദേശിച്ച സമാധാനപരമായ പരിവര്‍ത്തനത്തിന്റെ ഇന്ത്യന്‍ മാര്‍ഗത്തിന് അവര്‍ ദേശീയജനാധിപത്യവിപ്ലവം എന്ന് പേരിട്ടു.അതിന്റെ പ്രായോഗിക രൂപമായി കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ് ഐക്യം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചു.

സിപിഐ യുടെ പരിപാടി മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം ആണ് എന്ന് വ്യക്തമായിരുന്നു. വര്‍ഗസമരമാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി എന്നതിന്റെ നിഷേധമാണ് വര്‍ഗ സഹകരണം. അതായിരുന്നു സിപിഐ പരിപാടിയുടെ സത്ത. തിരുത്തല്‍വാദം അഥവാ പരിഷ്‌കരണവാദം എന്ന് ഈ നിലപാടിനെ സിപിഐ എം വിമര്‍ശിച്ചു.

പാര്‍ട്ടി പിളര്‍പ്പിന് ശേഷം ആദ്യ ബലപരീക്ഷണം കേരള സംസ്ഥാനനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്നപ്പോഴും കോണ്‍ഗ്രസ് ഗവര്‍മെന്റിന്റെ ജനവിരുദ്ധ, കേരളവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ചു പൊരുതാമെന്ന നിര്‍ദ്ദേശം സിപിഐ എം മുന്നോട്ടുവെച്ചു.സിപിഐ അതിനെ തള്ളിക്കളയുക മാത്രമല്ല, ഇന്ത്യയിലെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതെന്നു തെളിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. പക്ഷേ ഒന്നോ രണ്ടോ സീറ്റുകളിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച കാശു നഷ്ടപ്പെട്ട് ആ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നാണം കെട്ടു. സിപിഐ എം ആകട്ടെ, രൂപംകൊണ്ടിട്ട് ഏതാനും നാളുകളായേ ഉള്ളുവെങ്കിലും, സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന പദവിയിലേക്ക് ഉയര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട ഇടത് എം എല്‍ എ മാരില്‍ ഏറെയും ജയിലില്‍ കിടന്നു മത്സരിച്ച ‘ചൈനാചാരന്മാര്‍ ‘ആയിരുന്നു. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല എന്ന വാദത്തിന്മേല്‍ നിയമസഭ വിളിച്ചു കൂട്ടാതെ പിരിച്ചു വിടുകയാണ് അന്ന് ഗവര്‍ണര്‍ ചെയ്തത്.

1967ല്‍ വീണ്ടും തിരഞ്ഞെടുപ്പായപ്പോള്‍ സിപിഐഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ അംഗമാകാന്‍ സിപിഐ തയ്യാറായി. ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും മന്ത്രിമാരായി.

എന്നാല്‍ വര്‍ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാരിനെ പുറത്താക്കാന്‍ ആ പാര്‍ട്ടി മുന്നോട്ടു വന്നു.കേരളത്തിലെ ജാതിജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കാരനിയമം നിയമസഭ പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസം അവര്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചു.രാജ്യസഭാമെമ്ബറായിരുന്ന സി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം ആരംഭിച്ചു.

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി ഇന്ദിരഗാന്ധി ബാങ്ക് ദേശസാത്കരണം, പ്രിവിപേഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ നടപടികളിലൂടെ ഒരിടതുപക്ഷ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. മോറാര്‍ജി ദേശായി, നിജലിംഗപ്പ, കാമ രാജ് തുടങ്ങിയവര്‍ തങ്ങളുടെ അക്കാലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീവ്ര വലതുപക്ഷ നിലപാടുകള്‍ അതിനവര്‍ക്ക് സഹായകമായി. പ്രിവിപേഴ്‌സും ബാങ്ക് ദേശസാല്‍ക്കരണവും സംബന്ധിച്ച നിയമനിര്‍മ്മാണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പിന്തുണ നല്‍കിയ സിപിഐ എം, പക്ഷെ, ഇന്ദിരഗാന്ധിയുടെ കപട പ്രതിച്ഛായാനിര്‍മ്മാണത്തിന് ഒപ്പം നിന്നില്ല. സിപിഐ ആകട്ടെ, ദേശീയ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കാനുള്ള അവസരമായാണ് ഈ സംഭവവികാസങ്ങളെ കണ്ടത്. കേരളത്തിലെ അച്യുതമേനോന്‍ ഗവണ്‍മെന്റ് ദേശീയജനാധിപത്യ ഭരണകൂടത്തിന്റെ മാതൃകയായി വാഴ്‌ത്തപ്പെട്ടു.

വലതുപക്ഷ സിണ്ടിക്കറ്റിനെതിരെ നടത്തിയ വമ്ബിച്ച പ്രചാരണങ്ങളും ബംഗളാദേശിന്റെ വിമോചനത്തെ തുടര്‍ന്നു ലഭിച്ച പരിവേഷവും 1971ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര കോണ്‍ഗ്രസിന് അതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തു. എന്നാല്‍, ഇന്ദിരയുടെ ഭരണം പാവങ്ങളുടെ ജീവിതത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം താറുമാറാക്കി. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ അഴിമതിയും ധൂര്‍ത്തും ജനവികാരം ഉണര്‍ത്തി. റയില്‍വേ തൊഴിലാളികളുടെയും, കമ്ബിത്തപാല്‍ ജീവനക്കാരുടെയും മറ്റ് വിഭാഗം തൊഴിലാളികളുടെയും സമരങ്ങള്‍ ജനങ്ങളുടെ അസംതൃപ്തി പ്രതിഫലിപ്പിച്ചു.

ഇതിനിടെ സജീവരാഷ്ട്രീയത്തില്‍ നിന്നു വിട്ട് സര്‍വോദയ പ്രവര്‍ത്തനവുമായി കഴിഞ്ഞിരുന്ന ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ ജയപ്രകാശ് നാരായണ്‍ സമ്ബൂര്‍ണ വിപ്ലവം എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും വന്‍തോതില്‍ ജെ പി പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പഴിമതിക്കേസില്‍ അവരെ സ്ഥാനഭ്രഷ്ടയാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി കൂടി വന്നതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

ഭരണഘടന സസ്‌പെന്‍ഡ് ചെയ്തും പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും റദ്ദ് ചെയ്തും പ്രതിപക്ഷനേതാക്കളെയും സ്വന്തം പാര്‍ട്ടിയിലെ തന്നെ എതിരഭിപ്രായക്കാരെയും തുറുങ്കില്‍ അടച്ചും കൊണ്ടാണ് ഇന്ദിരാ ഗാന്ധി ഏകാധിപത്യ വാഴ്ചയിലേക്ക് നീങ്ങിയത്.ഫാസിസത്തിന്റെ അരങ്ങേറ്റം ആയാണ് എ കെ ജി ഉള്‍പ്പടെ ഈ സംഭവവികാസത്തെ വിശേഷിപ്പിച്ചത്. സിപിഐ ആകട്ടെ, വലതുപക്ഷത്തിനെതിരായ വിപ്ലവമുന്നേ റ്റമായി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ വാഴ്‌ത്തുകയാണ് ചെയ്തത്. സോവിയറ്റ് യൂണിയന്‍ ഇന്ദിരയെ പിന്താങ്ങിയതും അവരുടെ നിലപാടിനുള്ള സാധൂകരണമായി

രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ സിപിഐ അടിയന്തരാവസ്ഥയുടെ പ്രചരണം ഏറ്റെടുത്തു. സോവിയറ്റ് പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം നടത്തി ഇന്ദിരയെ ജനാധിപത്യ സംരക്ഷകയായി വാഴ്‌ത്തിപ്പാടി. തൊഴിലാളികളുടെ ബോണസ് അവകാശം നിഷേധിച്ചപ്പോള്‍ രാജ്യത്തിന്റെ വിശാല താല്പര്യങ്ങളുടെ പേരില്‍ അതിനെ അനുകൂലിച്ചു. 1975ജൂണ്‍ 25മുതല്‍ 18 മാസക്കാലം ഇന്ത്യന്‍ ജനത ക്രൂരമായ ചൂഷണത്തിനും പീഡനങ്ങള്‍ക്കുമിരയായി. പൊലീസും ഗുണ്ടകളും അഴിഞ്ഞാടി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെക്കൊണ്ട് ജയിലുകള്‍ നിറഞ്ഞു.

കേരളത്തില്‍ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അച്യുതമേനോന്‍ ഗവണ്‍മെന്റ് ആണ്. ആഭ്യന്തരമന്ത്രി കരുണാകാരന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥാപിച്ച രഹസ്യ ക്യാമ്ബുകള്‍ യുവാക്കളുടെ കൊലയറകളായി മാറി. അടിയന്തരാവസ്ഥാനന്തരം പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച്‌ പന്ത്രണ്ടായിരം യുവാക്കള്‍ ആണ് ഈ കൊലയറകളില്‍ ഭേദ്യം ചെയ്യപ്പെട്ടത്. കക്കയം ക്യാമ്ബില്‍ രാജന്‍ ഉള്‍പ്പടെ പതിനഞ്ചു പേര്‍ കൊലചെയ്യപ്പെട്ടു. ആയിരത്തി ഇരുന്നൂറു പേര്‍ നിത്യ രോഗികളായി.

1977ലെ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടിച്ചു. ഇന്ദിരഗാന്ധിയും മകന്‍ സഞ്ജയ ഗാന്ധിയും ഉള്‍പ്പടെ കോണ്‍ഗ്രസ് നേതൃത്വമാകെ തോറ്റു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് ഭരണാധികാരം നഷ്ടപ്പെട്ടു. എന്നാല്‍ കേരളത്തിലെ ജനവിധി തിരിച്ചായിരുന്നു. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമായപ്പോള്‍ അതിന്റെ ഉപജ്ഞാതാക്കളായ സിപിഐ എമ്മും സ ഖ്യകക്ഷികളും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സിപിഐ സഖ്യം വീണ്ടും ഭരണത്തിലെത്തി.

ഇന്ദിരാ സ്വേച്ഛാധിപത്യത്തിനും, അടിയന്തിരാവസ്ഥക്കുമേതിരെ പോരാടുമ്ബോഴും, അവസാനം തെരഞ്ഞെടുപ്പ് പോരാട്ടത്തിലും വലതു പക്ഷപാര്‍ട്ടികളുമായി ഐക്യപ്പെടാന്‍ സിപിഐ എം സന്നദ്ധമായിരുന്നില്ല. സ്ഥിരമായി കൂടെ നിന്നിരുന്ന സോഷ്യലിസ്റ്റുകള്‍ പോലും ഇന്ദിരാവിരുദ്ധ മഹാസഖ്യത്തില്‍ ചേര്‍ന്നപ്പോഴും സിപിഐ എം സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിച്ചു. കേരളത്തിലെ ചില ചെറിയ പാര്‍ട്ടികള്‍ മാത്രമേ ഈ നിലപാടിന് ഒപ്പമുണ്ടായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പിനുശേഷം മഹാസഖ്യ കക്ഷികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിക്കുകയും മൊറാര്‍ജി ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും ചെയ്തു. മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണം ലഭിച്ചെങ്കിലും സിപിഐ എം അത് നിരസിക്കുകയായിരുന്നു. പുറത്തു നിന്നുകൊണ്ട് സര്‍ക്കാരിനെ പിന്തുണക്കാനായിരുന്നു തീരുമാനം.

1972ലെ മധുരാ കോണ്‍ഗ്രസിന് ശേഷം സിപിഐ എമ്മിന്റെ പത്താം കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത് 1975ലായിരുന്നു. നേതാക്കളും പ്രവര്‍ത്തകരും വലിയ തോതില്‍ ജയിലില്‍ അടക്കപ്പെടുകയും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളാകെ നിരോധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആ കോണ്‍ഗ്രസ് അന്ന് നടക്കുകയുണ്ടായില്ല. അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷമാണ് 78ല്‍ ജലന്ധറില്‍ വെച്ച്‌ സിപിഐ എം പത്താം കോണ്‍ഗ്രസ്സ് നടത്തിയത്.

അതേസമയം സിപിഐ യഥാകാലംതന്നെ അവരുടെ പത്താം കോണ്‍ഗ്രസ് നടത്തി.മുന്‍കാലത്തേക്കാള്‍ എല്ലാം ആര്‍ഭാടത്തോടെ, സോവിയറ്റ് യൂണിയനുള്‍പ്പെടെ ഭരണത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. സിപിഐ യാണ് ഇന്ത്യയിലെ ഏക കമ്യുണിസ്റ്റ് പാര്‍ട്ടിയെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ഉള്ള ഔദ്ധത്യംപോലും അവര്‍ പ്രകടിപ്പിച്ചു.

അടിയന്തിരാവസ്ഥ പരാജയപ്പെട്ട ശേഷം സിപിഐ എം പത്താം പാര്‍ട്ടി കോണ്‍ഗ്രസ് പഞ്ചാബിലെ ജലന്ധരില്‍ നടക്കുന്നതിന്റെ തൊട്ടപ്പുറത്ത് പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുകയായിരുന്നു സിപിഐ. അങ്ങിനെയാണ് ഒരു കോണ്‍ഗ്രസ് മുന്നിലെത്തി അവര്‍ സ്വയം വല്യേട്ടനായത്. പക്ഷേ ജലന്ധറിലും ഭട്ടിണ്ടായിലും തികച്ചും വ്യത്യസ്തമായിരുന്നു അന്തരീക്ഷം അടിയന്തരാവസ്ഥയെ പിന്താങ്ങേണ്ടതാണെന്ന രാഷ്ട്രീയനയം മാത്രമല്ല, പാര്‍ട്ടി പരിപാടി തന്നെയും സിപിഐ കോണ്‍ഗ്രസില്‍ നിശിത വിമര്‍ശനത്തിനിടയായി. ചര്‍ച്ചകള്‍ കാടുകയറുകയും, കൃത്യമായ മറുപടികള്‍ ലഭിക്കാതെ പ്രതിനിധികള്‍ ആശയക്കുഴപ്പത്തിലും നിരാശയിലും ആണ്ടു പോവുകയും ചെയ്തു. അടിയന്തരാവസ്ഥയെ പിന്താങ്ങിയത് തെറ്റായെന്ന് സമ്മേളനം കുറ്റസമ്മതം നടത്തി.നിശിത വിമര്‍ശനത്തിന് വിധേയമായ പാര്‍ട്ടി പരിപാടി മാറ്റി വെക്കാനും തീരുമാനമായി.

ജലന്ധറിലാകട്ടെ, കോണ്‍ഗ്രസിലെ പിളര്‍പ്പും അടിയന്തരാവസ്ഥയും ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളെ പൊതുവില്‍ ശരി വെക്കുകയും ജനതാ ഗവര്‍മെന്റിനോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു.

ഭട്ടിണ്ടാ കോണ്‍ഗ്രസിന്റെ തീരുമാന പ്രകാരം സിപിഐ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയും, കേരള മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.1980ല്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കപ്പെട്ടു.

ബുര്‍ഷ്വാ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ജൂനിയര്‍ പങ്കാളിയാകാന്‍ സിപിഐ എം ഒരിക്കലും തയ്യാറായില്ല. പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോള്‍ പോലും അത് നിരാകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു സംശയവുമുണ്ടായില്ല.അതേസമയം സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബുര്‍ഷ്വാപാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സിപിഐക്ക് ഒരു മടിയും ഉണ്ടായില്ല. (1996ല്‍ രൂപീകരിക്കപ്പെട്ട കേന്ദ്രത്തിലെ ഐക്യമുന്നണി മന്ത്രിസഭയില്‍ സിപിഐ പങ്കാളികളായിരുന്നു. 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അതില്‍ പങ്കാളിയാകാന്‍ സിപിഐ താല്‍പര്യപ്പെട്ടിരുന്നു. സിപിഐ എം അതിനു സന്നദ്ധമല്ലാതിരുന്നതിനാല്‍ അവസാനം ആ ശ്രമം പരാജയപ്പെട്ടു). സ്വന്തം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്നുള്ള മുന്‍കൈയും നേതൃത്വവും ഉള്ളിടത്ത് മാത്രമേ അധികാരത്തില്‍ പങ്കാളിയാകു എന്ന വിപ്ലവകരമായ നിലപാട് സിപിഐ എം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ചു. സിപിഐ ആകട്ടെ, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടുകളാണ് പിന്തുടര്‍ന്നത്.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ക്രൂഷ്‌ചേവ് തുടങ്ങിവെച്ച തിരുത്തല്‍വാദപരമായ പരിഷ്‌കാരങ്ങളുടെ അവസാന അധ്യായമായിരുന്നു ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും, പെരിസ്‌ട്രോയ്ക്കയും.1991ഓടെ ഗോര്‍ബച്ചേവും, യല്‍സ്ടിനും ചേര്‍ന്ന് ലോകത്തിലാദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തെ ഭൂപടത്തില്‍ നിന്നു മായിച്ചു കളഞ്ഞു. സോവിയറ്റ് തിരുത്തല്‍വാദത്തെ പിന്തുടര്‍ന്ന കിഴക്കന്‍ യൂറോപ്പിലെ ജര്‍മനി ഉള്‍പ്പടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ മുതലാളിത്തത്തെ സ്വയം വരിച്ചു.സിപിഐ യുടെ സഹചാരികള്‍ ആയിരുന്ന നിരവധി പാര്‍ട്ടികള്‍ കമ്യൂണിസ്റ്റ് എന്ന പേരും ചെങ്കൊടിയും ഉപേക്ഷിച്ച്‌ സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു.സ്വാഭാവികമായും അവര്‍ക്കൊപ്പം സിപിഐയും ചേരേണ്ടതായിരുന്നു. തിരുത്തല്‍ ശക്തി എന്നൊക്കെയുള്ള പട്ടങ്ങള്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന മലയാള മനോരമ തന്നെ അതാവശ്യപ്പെടുകയും ചെയ്തു.

റഷ്യന്‍സംഭവവികാസങ്ങളുടെപശ്ചാത്തലത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉടന്‍ പിരിച്ചുവിടണം എന്നായിരുന്നു മനോരമ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.അതിന് മറുപടി പറഞ്ഞത് ഇ എം എസ് ആണ്. റഷ്യയില്‍ പരാജയപ്പെട്ടത് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ ഒരു പരീക്ഷണമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ശൂന്യാകാശത്തേക്ക് തൊടുത്തുവിട്ട ഒരു ദൗത്യം പരാജയപ്പെട്ടാല്‍ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞര്‍ ഗവേഷണം ഉപേക്ഷിച്ചുപോകാറില്ല.. മാര്‍ക്‌സിസം ശാസ്ത്രമാണ്. അതിന്റെ പ്രയോഗത്തില്‍ വന്ന തകരാറാണ് സോവിയറ്റ് പരാജയത്തിനിടയാക്കിയത്. അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടു കൊണ്ട് കമ്യൂണിസ്റ്റുകാര്‍ വിപ്ലവ പതാകയുമായി മുന്നോട്ടു പോകും എന്ന് സഖാവ് വ്യക്തമാക്കി. സിപിഐ എം മുന്‍കൈ എടുത്ത് കല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത ലോകത്തിലെ അവശേഷിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം ഇതേ നിലപാട് അംഗീകരിച്ചു

പ്രതിസന്ധി ഘട്ടത്തില്‍ ലോക വിപ്ലവപ്രസ്ഥാനത്തിന് ആത്മവിശ്വാസം നല്‍കാന്‍ സമ്മേളനത്തിന് കഴിഞ്ഞു. സിപിഐ യും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എതിര്‍പ്പുകാരുടെ (മുതലാളിത്തത്തിന്റെ) ആകര്‍ഷണവലയത്തില്‍ വിപ്ലവപ്രസ്ഥാനം പെട്ട് പോകുമ്ബോഴാണ് തിരുത്തല്‍വാദം പാര്‍ട്ടിയെ ഗ്രസിക്കുന്നതും അത് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതും.

‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്നൊക്കെയുള്ള വലതുപക്ഷ മാധ്യമ വായ്ത്താരികളെ വാരിപ്പുണരുന്നതും, മാറത്തണിയുന്നതുമൊക്കെ റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമായേ കണക്കാക്കേണ്ടതുള്ളൂ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...