കള്ളപ്പണക്കേസിലും മയക്കുമരുന്ന് കേസിലുമൊക്കെ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒടുവില്‍ കണ്ണൂരിലെ തന്റെ സുഹൃത്തുക്കളുടെ അടുത്തെത്തി. ബിനീഷ് കോടിയേരിയുടെ ചങ്ക് ഫ്രന്റ്സ് എന്നു പറയുന്നത് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും സംഘവുമാണ്. ഒരു വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവനുമൊത്തു കുറച്ച് നിമിഷങ്ങള്‍ എന്നുപറഞ്ഞാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫോട്ടോ പങ്കുവയ്ക്കുന്നതിലൊന്നും ആര്‍ക്കും ഒരു കൂസലുമില്ല. കാണുന്ന നമ്മള് പൊട്ടന്മാരാണോ എന്നാണ് ചോദ്യം. ജാമ്യത്തിലിറങ്ങി കൊലപാതകിയും കള്ളപ്പണ കേസ് പ്രതിയുമൊക്കെ ആഘോഷിക്കുന്നു. ഈ കേരളത്തില്‍ മാത്രമേ ഇതൊക്കെ സംഭവിക്കുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ഇവര്‍ ഒത്തുകൂടിയത്. ടിപി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി പരോളിലാണുള്ളത്. സിപിഎമ്മിന്റെ മിക്ക പരിപാടികളിലും ഷാഫി എത്താറുണ്ടെന്നുള്ള പല തെളിവുകള്‍ ഫോട്ടോകള്‍ സഹിതം പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനൊപ്പവും. നേരത്തെയും ഇരുവരുടെയും ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. കരിപ്പൂര്‍ സ്വര്‍ണ കടത്ത് അടക്കമുള്ള കേസുകളിലും ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ് എന്നതും ഓര്‍ക്കണം. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കുഞ്ഞനന്തന് മരിച്ചപ്പോള്‍ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആംബുലന്‍സില്‍ യാത്ര ചെയ്തവരില്‍ ഒരാളായിരുന്നു ബിനീഷ്.
പല ഫോട്ടോകളും പുറത്തുവന്നപ്പോള്‍ പിജെ ആര്‍മ്മിയുടെ പേരില്‍ പാര്‍ട്ടിയില്‍ ഇവര്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബിനീഷ് ജാമ്യത്തിലിറങ്ങി ഇവര്ക്കടുത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, കവര്‍ച്ച സംഘങ്ങള്‍ക്ക് വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിലൊരു ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയ്ക്കൊപ്പമാണ് ഇപ്പോഴും ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന ബിനീഷ് നില്ക്കുന്നതും.
ഒരു വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവനുമായി കുറച്ച് നിമിഷങ്ങള്‍ എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്. വിയ്യൂര്‍ ജയിലിലും മറ്റും ഷാഫിക്ക് സുഖ ജീവിതമായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ സ്വന്തം സഹായി ആയത് സിപിഎം സ്വാധീനം ഉള്ളതുകൊണ്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോടിയേരി ബാലകൃഷ്ണനെ പോലുള്ള മുതിര്‍ന്ന സഖാവിന്റെ പിന്തുണ മതിയല്ലോ ഷാഫിയെപോലുള്ള ക്രിമിനല്‍സിന് വിലസാന്‍ എ്ന്നാണ് വിമര്‍ശകര്‍ പറയുന്നത്.