കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് തിരികെയെത്തിയ ബിനീഷ് കോടിയേരിയെക്കുറിച്ച് ഭാര്യ റനീറ്റ പറയുന്നതിങ്ങനെ. ബിനീഷിനെതിരായ അന്വേഷണം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നു. ലഹരിക്കേസില്‍ ബിനീഷ് അറസ്റ്റിലായത് മുതല്‍ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ തുറന്നുപറയുന്നു.ഒരാളും സഹായിച്ചില്ല. പാര്‍ട്ടിയും സഹായിച്ചിട്ടില്ല, അങ്ങനെ പാര്‍ട്ടിയും മറ്റുള്ളവരും ഇടപെട്ടിരുന്നുവെങ്കില്‍ ബിനീഷേട്ടന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കുമായിരുന്നില്ലെന്നും ഭാര്യ പറയുന്നു. പാര്‍ട്ടിയുടെ സഹായം കൊണ്ടാണ് ഇപ്പോള്‍ ബിനീഷ് പുറത്തിറങ്ങിയതെന്നാണ് പലരും പറയുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഇറങ്ങിയിട്ടും എല്ലാവരും അതുതന്നെയാണ് പറയുന്നതെങ്കില്‍ കഷ്ടമാണെന്നും അവര്‍ പറയുന്നു.
ഇ.ഡി ബിനീഷേട്ടനെ കൊണ്ട് ആരുടെയൊക്കെയോ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി ഏറ്റെടുക്കണമെന്നില്ലലോ. കോടിയേരി ബാലകൃഷ്ണന് നിസ്സഹായനായിരുന്നു. അച്ഛന് ഒരുരീതിയിലും ഇടപെടാന്‍ പറ്റിയിരുന്നില്ല. അച്ഛന് നില്ക്കുന്ന സാഹചര്യം വെച്ച് അദ്ദേഹത്തിന് ഇടപെടാന്‍ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. ബിനീഷേട്ടന്റെ കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. കോടിയേരി എന്ന പേരുള്ളത് കൊണ്ടാണ് ബിനീഷേട്ടനെ ഇങ്ങനെ വേട്ടയാടിയതെന്നും റനീറ്റ പറയുന്നു.
ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീട്ടില്‍ തിരിച്ചെത്തിയത്. ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതില്‍ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. കോടതിയില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ബിനീഷിന് ലഭിച്ചിരുന്നത്.
അതേസമയം, ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമാനത്താവളത്തില്‍ നേതാവിന്റെ മകനെ കാത്തിരുന്നത് വീരോചിത വരവേല്‍പ്പായിരുന്നു. അമ്പതോളം പേരാണ് സ്വീകരണത്തിന് എത്തിയത്. പാര്ട്ടിക്കാരന് നല്കിയ സ്വീകരണമല്ല. പിന്നെ പാര്‍ട്ടിക്കാരന്റെ മകന് നല്കിയ സ്വീകരണമായിരിക്കാം. അല്ലാതെ അയാള്‍ ഒരു സെലിബ്രിറ്റിയൊന്നുമല്ലല്ലോ ഇങ്ങനെ ആഘോഷിക്കാന്‍ എന്നാണ് വിമര്‍ശനങ്ങള്‍. ഇങ്ങനെ സ്വീകരിക്കാന്‍ ഇവന് സ്വര്‍ണം കൊണ്ടാണോ വരുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ഇതാരാ സ്വാതന്ത്ര്യസമര സേനാനിയോ ഇങ്ങനെ വീരോചിത വരവേല്‍പ്പ് നല്‍കാനെന്നും ചിലര്‍ വിമര്‍ശിക്കുന്നു.