കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനുപിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന് എംപി. പട്ടികയെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ പുറത്തിറക്കിയത് അന്തിമ ലിസ്റ്റാണ്. അതില്‍ പൊതുചര്‍ച്ച ശരിയല്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടോയെന്ന ചോദ്യത്തിന് ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ അല്ലെന്ന് മുരളീധരന് പ്രതികരിച്ചു.പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നാണ് മുരളീധരന് പറയുന്നത്. അത് പരസ്യമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഒരു പൊതു ചര്‍ച്ച നടന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ പ്രശ്നങ്ങളില്ലാതെ കൊണ്ടുപാകാന്‍ സാധിക്കുമായിരുന്നുവെന്നും മുരളീധരന് പറയുന്നു.
കെപിസിസി ഭാരവാഹി നിര്‍ണയത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ നേരത്തെയും നേതാക്കള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതൃപ്തി അറിയിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗോപിനാഥുമൊക്കെ രംഗത്തെത്തിയിരുന്നു. പലരും രാജിവെച്ച് പുറത്തുപോകാനുവരെ ഈ ഭാരവാഹി പട്ടിക കാരണമായിരുന്നു.
കെപിസിസി പട്ടികയില്‍ പാര്‍ട്ടിയില്‍ ഒരു പരാതിയോ കലാപമോയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞത്. പരാതിയുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചു. അതേസമയം, പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. പട്ടികയില്‍ എല്ലാവര്ക്കും പ്രാതിനിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗീകാരം കിട്ടേണ്ടവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവരെ മറ്റ് ഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.