ന്യൂഡല്‍ഹി: മുന്‍ ബിജെപി കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രംഗരാജന് കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ഡല്‍ഹിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സ്ഥിരമായെത്താറുള്ള അലക്കുകാരന്റെ നേതൃത്വത്തില്‍ കവര്‍ച്ച ലക്ഷ്യമിട്ട് കയറിയ സംഘം കിറ്റിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അലക്കുകാരനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കവര്‍ച്ചയ്ക്കായി കൊലപാതകികള്‍ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാള്‍ കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന വീട്ടുജോലിക്കാരിയെ കെട്ടിയിട്ടു, തുടര്‍ന്ന് സംഘത്തിലെ മറ്റ് രണ്ടുപേര്‍ വീട്ടില്‍ കയറി കവര്‍ച്ചയും കൊലപാതകവും നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു
തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കിറ്റിയെ കൊലപ്പെടുത്തിയത്. കവര്‍ച്ചക്കാര്‍ തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി പരിശ്രമിച്ച് കെട്ടുകളഴിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്നും, തങ്ങളെത്തുമ്പോള്‍ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെക്കുറിച്ച് അലക്കുകാരന് വിവരം നല്‍കിയിട്ടുണ്ട്, അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.