പള്ളി നിർമ്മാണത്തിലെ കണക്ക് ചോദിച്ച വിശ്വാസികളോട് കേരള മുഖ്യന്റെ ആക്ഷൻ എടുത്ത് പള്ളിവികാരി. കൂടുതൽചോദ്യം ചോദിച്ചാൽ ചോദിക്കുന്നവനോട് കടക്ക് പുറത്തെന്നാണ് മുഖ്യന്റെ മറുപടിയെങ്കിൽ അച്ചൻ ഒരു പടികൂടി കടന്ന് മാസ് പ്രകടനമാണ് നടത്തിയത്. ഒന്നും നോക്കീല വിശ്വാസികളുടെ കൂട്ട മരണ പ്രാർത്ഥന അങ്ങു നടത്തി. അപ്പോൾ അച്ഛനെ വെട്ടുന്ന വിശ്വാസികൾ അവരുടെ തന്നെ ഏഴാം ദിന ചരമ പ്രാർത്ഥന അങ്ങ് നടത്തി.
തൃശൂർ പൂമല ലിറ്റിൽ ഫ്ലവർ പള്ളിയിലാണ് സംഭവം. പഴയപള്ളി പൊളിച്ചതുമായി ബന്ധപ്പെട്ടാണ് വികാരിയും വിശ്വാസികളും തമ്മിൽ തർക്കം ഉടലെടുത്തത്. ഫാ. ജോയിസൺ കോറോത് ആണ് യാതൊരു വികാരവുമില്ലാതെ കൂടാതെ മരണ പ്രാർത്ഥന നടത്തിയ ഈ കലിപ്പന്‍ വികാരി.
പഴയ പള്ളി പൊളിച്ചപ്പോൾ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മര ഉരുപ്പടികൾ എവിടെ, പള്ളിയുടെ വസ്തുക്കൾ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയിൽ എന്തുകൊണ്ട് സിസിടിവി വെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ആണ് വികാരിക്ക് നേരെ സംരക്ഷണ സമിതി ഉന്നയിച്ചത്.
അഞ്ചരക്കോടി രൂപയാണ് പള്ളി നിർമ്മാണത്തിനായി വികാരി പിരിച്ചെടുത്തത്. പള്ളി നിർമ്മാണം കഴിഞ്ഞത്തോടെ കണക്ക് അവതരിപ്പിക്കാൻ വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും പള്ളി വികാരി വകവച്ചില്ല. ഇതോടെ വിശ്വാസികൾ ഈ വിവരം രൂപതയിൽ എത്തിച്ചു. ഇതോടെയാണ് തർക്കം ഉടലെടുക്കുന്നത്. ഇതുസംബന്ധിച്ച പരാതി രൂപതയിൽ എത്തിയതോടെ കണക്ക് അവതരിപ്പിക്കാൻ വികാരിക്ക് നിർദേശം കിട്ടി. ഇതോടെ വിശ്വാസികൾ ഈ ആവശ്യമുയർത്തിയതിന്റെ ഏഴാം മാസം കണക്ക് അവതരിപ്പിച്ചു. അച്ചൻ അവതരിപ്പിച്ച കണക്കിൽ വിശ്വാസികൾ തൃപ്തർ ആയില്ല. ഇത് പറഞ്ഞു അച്ചനും വിശ്വാസികളും തമ്മിൽ പൊരിഞ്ഞ അടിയായി. ഇതോടെ പൂമല ചെറുപുഷ്പ ദേവാലയ സംരക്ഷണ സമിതി വികാരിക്കെതിരെ വിശ്വാസികൾ സംഘടിച്ചു.
ഇതുസംബന്ധിച്ച ബോർഡുകളും പള്ളിമുറ്റത്ത് സ്ഥാപിച്ചു. പള്ളി സംബന്ധമായ പണമിടപാട് വികാരി നേരിട്ട് നടത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.
തനിക്കെതിരെ സംരക്ഷണ സമിതിയുടെ ഫ്ലെക്സും ബോർഡും ഉയർന്നത് ഫാ. ജോയിസൺ കോരോത്തിനു സഹിച്ചില്ല. ഇതോടെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിശ്വാസികളുടെ കൂട്ടമരണ പ്രാർത്ഥന നടത്തിയത്.
തനിക്കെതിരെ ഈ ആരോപണങ്ങളും ഫ്ലെക്സും ബോർഡുകളും എല്ലാം ഉയർന്നിട്ടും ഇടവക വിശ്വാസികൾ പ്രതികരിച്ചില്ലെന്നായിരുന്നു ഫാ. ജോയിസൺ ന്യായം പറഞ്ഞത്. താനിവിടെ വന്നിട്ട് ഏഴ് വർഷവും പള്ളി പണിയും കഴിഞ്ഞപ്പോഴാണ് ഈ ആരോപണങ്ങൾ വന്നത്.
ഈ ആരോപണങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ സംരക്ഷണ സമിതിക്ക് കഴിഞ്ഞിട്ടില്ല. കോടികളുടെ ആരോപണം അച്ചനെതിരെ ഉയർന്നിട്ടും നിങ്ങൾ ആരെങ്കിലും പ്രതികരിച്ചോ, ആരും പ്രതികരിച്ചില്ല. ഇവിടെ എനിക്കെതിരെ ഫ്ളക്സ് വച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടോ.. ഈ ഇടവകയിൽ എന്ത് തോന്ന്യവാസവും ആകാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ ഇടവകക്കാർ മരിച്ചവരാണ്, പ്രതികരണ ശേഷി ഇല്ലാത്ത മരിച്ചവർ. ഇതായിരുന്നു മരണ കുർബാന നടത്തുന്നതിന് മുൻപുള്ള മാസ്സ് ഡയലോഗ്. പെന്തക്കുസ്താ നാളിലാണ് വികാരി കൂട്ട മരണ പ്രാർത്ഥന ഇടവകക്കാർക്കായി നടത്തിയത്.
എന്തായാലും കൂട്ടമരണ പ്രാർത്ഥന എന്തായാലും വിവാദമായി. പള്ളിപ്രസംഗവും കഴിഞ്ഞു പ്രാർത്ഥനയും നടത്തിയതോടെ അച്ചന് അനുകൂലമായി നിന്നവർ പോലും എതിരായി. ഇതോടെ വിശ്വാസികളും വിട്ടുകൊടുത്തില്ല. അവർ ഈ ഞായറാഴ്ച പ്രതീകാത്മകമായി തങ്ങളുടെ ഏഴാം ചരമദിന പ്രാർത്ഥന നടത്തി. കൂടാതെ കൂട്ടമരണ പ്രാർത്ഥന നടത്തിയ വികാരിക്ക് അഭിനന്ദനം അറിയിച്ച് ഫ്ലെക്സും സ്ഥാപിച്ചു. താടികൾ കെട്ടിയും കറുത്ത കൈയുറകൾ ധരിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.
ഇതോടെ ഫ്ളക്സ് സ്ഥാപിച്ചതിനു എതിരെയും തന്നെ കൈയേറ്റം ചെയ്യാൻ സാധ്യത ഉണ്ടെന്നും കാണിച്ച് വികാരി പോലീസിൽ പരാതി നൽകി. വിസ്വാസികൾ ഒരു പാടി മുകളിൽ കടന്ന് അച്ചനിട്ടു പണികൊടുക്കാനുള്ള പണിയും ചെയ്തു. മറ്റൊന്നുമല്ല. അച്ചന്റെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്ത് മോട്ടോർ വാഹന വകുപ്പിന് ഇട്ടുകൊടുത്തു. അതിൽ തോക്കിന്റെ ചിത്രമുണ്ടായിരുന്നു. ഇതോടെ എം വി ഡി മൂവായിരം രൂപ പിഴയിട്ടു. എന്തായാലും തർക്കം ഇതുവരെ ഒത്തുതീർന്നിട്ടില്ലെന്നാണ് വിവരം.
