Connect with us

Hi, what are you looking for?

Exclusive

എടോ പേടിത്തൊണ്ടൻ പിണറായീ.. V .D . സതീശന്റെ തീപ്പൊരി പ്രസംഗം ..

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നമ്മുടെ നാട്ടില്‍ ഇപ്പോഴും ഭയം തന്നെയാണോ ഭരിക്കുന്നതെന്ന് മലയാളിയെ വിദേശത്ത് വച്ച്‌ കാണുമ്ബോള്‍ ആരും ചോദിക്കരുത് എന്നും സതീശൻ പരിഹസിച്ചു. അഴിമതിക്ക് കുടപിടിച്ചു തരാമെന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നും എല്ലാ അഴിമതി നിരോധന സംവിധാനങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആണ് നടക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി . ഓര്‍ഡിനന്‍സ് കൊണ്ടു വരേണ്ട അടിയന്തിര സാഹചര്യമെന്ത്?മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ ഇരിക്കുന്നതുകൊണ്ടു മാത്രമാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയത്.
ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് നിയമ സഭയിൽ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. വാക്കൗട്ടിന് മുൻപായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇത്തരം പരാമർശങ്ങൾ ഉന്നയിച്ചത് .

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് വിചിത്രമാണെന്നും ലോകായുക്തയുടെ ഒരു അധികാരവും സര്‍ക്കാര്‍ എടുത്ത് കളഞ്ഞിട്ടില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായ ദേഭഗതിയാണ് ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നുമായിരുന്നു മന്ത്രി പി രാവുജീവിന്റെ വിശദീകരണം . എജിയുടെ പരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഭേദഗതിക്ക് തീരുമാനിച്ചത് എന്നും ലോകായുക്തയുടെ അധികാരം കവരുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ് എന്നും നയീയീകരിച്ച രാജീവ് ഇന്ത്യയിൽ അഴിമതി കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

എന്നാൽ ഇതോടെ മന്ത്രിയുടെ വാദങ്ങളെ എതിർത്തുകൊണ്ട് സണ്ണി ജോസഫ് രംഗത്തെത്തുകയായിരുന്നു . സഭ പാസാക്കിയ ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ മുന്നോട്ടോ പിന്നോട്ടോ എന്ന് വ്യക്തമാക്കണം എന്ന സണ്ണി ജോസഫ് പറഞ്ഞു.
ഭരണ തലങ്ങളില്‍ അഴിമതി ശക്തമാണ്, കോവിഡ് പ്രതിസന്ധി പോലും കൊള്ളയടിക്കാനുള്ള അവസരമാക്കിമാറ്റിയെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

കടിക്കുന്ന നായയാണ് ലോകായുക്ത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നായയുടെ പല്ല് പിഴുതെടുത്തത് എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു . മുഖ്യമന്ത്രിക്കെതിരെ നാല് കേസുകള്‍ ലോകായുക്തയില്‍ വന്നത് കാരണമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . ഇനി എന്തിനാണ് ലോകായുക്ത എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഓര്‍ഡിനന്‍സ് വിഷത്തില്‍ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തണം എന്നും പ്രതിപക്ഷത്ത് നിന്നും ആവശ്യം ഉയര്‍ന്നു.എന്നാല്‍, സിപിഎം സിപിഐ തർക്കം എടുത്തു കാട്ടുന്ന പ്രതിപക്ഷം ആദ്യം രമേശ് ചെന്നിത്തല എവിടെ എന്ന പറയണമെന്ന് നിയമ മന്ത്രി തിരിച്ചടിച്ചു. ആദ്യം പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കണം. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ മുന്‍ പ്രതിപക്ഷനേതാവ് എവിടെ എന്നും നിയമ മന്ത്രി ചോദിച്ചു.
തുടർന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷം വി ഡി സതീശന്റെ നേതൃത്വത്തിൽ വാക് ഔട്ട് നടത്തി .

വി ഡി സതീശന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ …

ലോകായുക്ത ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനങ്ങള്‍ പാടെ ഇല്ലാതായതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. ഏത് അഴിമതി കാണിച്ചാലും നിങ്ങള്‍ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും നിലവിലില്ല. ഞങ്ങളോട് ചേര്‍ന്ന് നിന്നാല്‍ അഴിമതിക്ക് കുടപിടിച്ചു തരാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ അഴിമതി നിരോധന സംവിധാനങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. നിയമ മന്ത്രി വിചിത്രമായ വാദങ്ങളാണ് ഉയര്‍ത്തുന്നത്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലുള്ള വ്യവസ്ഥകള്‍ ഉണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

22 വര്‍ഷം മുന്‍പ് നായനാര്‍ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമ മന്ത്രിയുമായി ഇരിക്കുന്ന കാലത്ത് ഗൗരവകരമായി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത നിയമത്തെയാണ് ഈ സര്‍ക്കാര്‍ ഇപ്പോള്‍ കഴുത്ത് ഞെരിച്ചു കൊന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തതൊന്നും ഇവിടെ വേണ്ടെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ 59 വര്‍ഷം മുന്‍പ് നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം ഇല്ലാതാക്കുമോ? ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ പാസാക്കിയ ഭൂ പരിഷ്‌ക്കരണ നിയമം ഉള്‍പ്പെടെ അഭിമാനകരമായ നിയമങ്ങള്‍ കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. ഓംബുഡ്സ്മാന്‍ കുരയ്ക്കുകയേയുള്ളൂ ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019-ല്‍ പറഞ്ഞ മുഖ്യമന്ത്രി 2022 ആയപ്പോള്‍ ലോകായുക്തയുടെ കടിക്കുന്ന പല്ല് പറിച്ചെടുക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

നിയമസഭ കൂടാന്‍ തീരുമാനിക്കുന്നതിന്റെ തൊട്ടു തലേദിവസം ഗവര്‍ണറെക്കൊണ്ട് ഓര്‍ഡിനന്‍ഡസ് ഒപ്പുവയ്‌പ്പിക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നെന്ന് നിയമ മന്ത്രി വ്യക്തമാക്കണം. 22 വര്‍ഷമായി ഒരു ദ്രോഹവും ചെയ്യാതിരുന്ന ഈ നിയമം ഭേദഗതി ചെയ്യാന്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് മുഖ്യമന്ത്രിക്കെതിരായി നാല് കേസുകള്‍ ലോകായുക്തയില്‍ നില്‍ക്കുന്നുവെന്ന ഭയം കാരണമാണ്. ആര്‍ട്ടിക്കിള്‍ 213 അനുസരിച്ച്‌ ഓര്‍ഡിനന്‍സ് കൊണ്ടു വരേണ്ട അടിയന്തിര സാഹചര്യം എന്തെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയുന്നില്ല.

മുന്നണിയിലോ പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തില്ല. ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തിനു നേരെ ഈ ഓര്‍ഡിന്‍സ് തുറിച്ചു നോക്കുമെന്നും പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയേറുന്നു എന്നുമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. അതുകൊണ്ട് നിയമ മന്ത്രി ആദ്യം ബോധ്യപ്പെടുത്തേണ്ടത് കാനത്തെയും സിപിഐ മന്ത്രിമാരെയുമാണ്.

ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച്‌ ഗവര്‍ണറുടെ പ്ലഷറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ നിലനില്‍ക്കുന്നതെന്നാണ് നിയമ മന്ത്രിയുടെ വാദം. ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പനുസരിച്ച്‌ ഒരാളെ അയോഗ്യനാക്കിയാല്‍ ആ മന്ത്രി മാറിയേ പറ്റൂ. അവിടെ ഗവര്‍ണറുടെ പ്ലഷര്‍ ബാധകമല്ല. കോവാറണ്ടോ റിട്ട് കോടതി അനുവദിച്ചാലും മന്ത്രിക്ക് തുടരാനാകില്ല. ജയലളിതയ്ക്ക് എതിരായ കേസില്‍ ആര്‍ട്ടിക്കിള്‍ 164 ന് മേല്‍ കോ വാറണ്ടോ നില്‍ക്കുമെന്ന് കോടതി വിധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജയലളിതയ്ക്ക് രാജിവയ്ക്കേണ്ടി വന്നത്.

നാട്ടിലെ നിയമത്തെയും ഭരണഘടനയെയും അനുസരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത നിയമ മന്ത്രിയാണ് ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പറയുന്നത് ആ നിയമം അനുസരിക്കേണ്ടതില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാനുള്ള അധികാരം കോടതിക്കു മാത്രമേയുള്ളൂ. നിയമസഭയ്ക്കോ പാര്‍ലമെന്റിനോ പോലും അധികാരമില്ല. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്നു നിയമ മന്ത്രി പറഞ്ഞത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

ലോകായുക്ത ജുഡീഷ്യല്‍ പ്രക്രിയയിലൂടെ ഒരാള്‍ അഴിമതിക്കാരനാണെന്ന് തീരുമാനമെടുത്താല്‍ നിലവിലെ ഓര്‍ഡിന്‍സ് അനുസരിച്ച്‌ സര്‍ക്കാരിന് ആ തീരുമാനം തള്ളിക്കളയാം. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ഒരു ജുഡീഷ്യല്‍ തീരുമാനം വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു അഡീഷണല്‍ സെക്രട്ടറിക്ക് അത് തള്ളാം. അങ്ങനെയെങ്കില്‍ ലോകായുക്തയെന്ന സംവിധാനം എന്തിനാണ്? ഇഷ്ടക്കാരെ രക്ഷിക്കാനാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയത്.

രാജ്യസഭയില്‍ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ലോകായുക്തയെ കുറിച്ച്‌ നടത്തിയ പ്രസംഗത്തിന് വിരുദ്ധമായാണ് കേരളത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തേക്കാള്‍ വലിയ സംസ്ഥാന കമ്മിറ്റിയാകുമ്ബോള്‍ ഇങ്ങനെയുള്ള തീരുമാനങ്ങളൊക്കെ നിങ്ങള്‍ക്കെടുക്കാം. സര്‍ക്കാരന് ഇന്ത്യ ടുഡേയുടെ അവാര്‍ഡ് കിട്ടിയതിനെ കുറിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. 2002-ല്‍ ഏറ്റവും നല്ല ക്രമസമാധാനത്തിനുള്ള അവാര്‍ഡ് ഇന്ത്യ ടുഡേ കൊടുത്തത് മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനാണ്. അതേ വര്‍ഷം തന്നെയാണ് ഗുജറാത്ത് കലാപമുണ്ടായത്.

മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. കേസ് വന്നപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് ലോകായുക്തയുടെ പല്ല് പറിച്ചെടുക്കുന്നു. ഇത് കൂടാതെ മുന്‍ മന്ത്രി കെ.ടി ജലീലിനെ വിട്ട് ലോകായുക്തയ്ക്കെതിരെ ആരോപണമുന്നയിക്കുന്നു. അതേക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ജലീല്‍ പാര്‍ട്ടി അംഗമല്ലെന്നു പറയുന്നു. ഇടത് സര്‍ക്കാര്‍ തന്നെ നിയമിച്ച ലോകായുക്തയ്ക്കെതിരെയാണ് ജലീല്‍ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്. അത് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെയായിരുന്നു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. നമ്മുടെ നാട്ടില്‍ ഇപ്പോഴും ഭയം തന്നെയാണോ ഭരിക്കുന്നതെന്ന് മലയാളിയെ വിദേശത്ത് വച്ച്‌ കാണുമ്ബോള്‍ ആരും ചോദിക്കരുത്. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ ഇരിക്കുന്നതുകൊണ്ടു മാത്രമാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...