
നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഇനി തുടർ നടപടികള്‍ ആരംഭിക്കും. കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബഞ്ചാണ് നടന്റെ ഹർജി തള്ളിയത്. ഒരു ഇളവ് കോടതി നൽകിയിട്ടുണ്ട്.വിചാരണ വേളയില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടന് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെടാം. നിലവില്‍ കേസ് റദ്ദാക്കേണ്ട സാഹചര്യം നിലവിലില്ല, ഒത്തുതീർപ്പിന് തയാറല്ലെന്നു പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് പരാതിക്കാരി തന്നെ രംഗത്ത് വരികയായിരുന്നു. തന്റെ വ്യാജ ഒപ്പിട്ട രേഖകളാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ സമർപ്പിച്ചതെന്നായിരുന്നു പരാതിക്കാരി വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് കേസിലെ തുടർ നടപടികള്‍ക്കുള്ള സ്റ്റേ ഫെബ്രുവരിയിൽ ഹൈക്കോടതി നീക്കിയിരുന്നു.
2017 ഓഗസ്റ്റ് 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്ന യുവതിയോട് നടൻ മോശമായി പെരുമാറി എന്ന് യുവതി പരാതിയിൽ പറയുന്നു,
തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് അവിടെ നിന്നും ഇറങ്ങാന്‍ നോക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഉണ്ണി മുകുന്ദൻ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം യുവതി പോലീസിൽ പരാതി നൽകുകയും നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉണ്ണിക്ക് നോട്ടീസ് അയച്ചെങ്കിലും പരാതി വ്യാജമാണെന്നായിരുന്നു നടന്റെ അവകാശവാദം. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ പരാതി നൽകുകയും ചെയ്തു. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പരാതിയിൽ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്ന ആരോപണത്തോടെ നടനെതിരെ മറ്റൊരു പരാതിയും യുവതി നല്‍കി. ഈ പരാതികള്‍ നിലനില്‍ക്കെയാണ് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി 2021 മേയ് 7 നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്യുന്നത്. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.