
അപ്രതീക്ഷിത നീക്കങ്ങളാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്രേഡ് മാർക്ക്. ഇപ്പോൾ വൈറൽ ആകുന്നത് അർധരാത്രി നടത്തിയ ലോറി യാത്രയാണ്. ഇതിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്.
ദില്ലിയിൽ നിന്നും ഛണ്ഡീഗഢ് വരെയാണ് രാഹുൽ യാത്ര നടത്തിയത്. ഡ്രൈവർമാരുടെ പ്രശ്നങ്ങൾ അദ്ദേഹം യാത്രയിൽ ചോദിച്ചറിഞ്ഞതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു. ‘ജനനായകൻ രാഹുൽ ഗാന്ധി ട്രക്ക് ഡ്രൈവർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് ഒപ്പം യാത്ര നടത്തി. ദില്ലിയിൽ നിന്നും ഛണ്ഡീഗഢ് വരെയായിരുന്നു യാത്ര. രാജ്യത്ത് ഏകദേശം 90 ലക്ഷത്തോളം ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നാണ് കണക്കുകൾ. അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് അദ്ദേഹം അവരുടെ മൻ കി ബാത്ത് കേട്ടു. എന്നാണ് രാഹുലിന്റെ യാത്ര ചിത്രങ്ങളും വീഡിയോയും പങ്കിട്ട് കൊണ്ട് കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞത്. സംഭവം പ്രധാനമന്ത്രി മോഡിക്കുള്ള കൊട്ടായിരുന്നു അതെന്നു വ്യക്തം. അംബാലയിൽ നിന്നും രാഹുൽ വാഹനത്തിൽ കയറുന്നതാണ് വീഡിയോ. ഔദ്യോഗിക പരിപാടിയല്ലെന്നും പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം കഴിയുന്ന ഷിംലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ലോറിയിൽ യാത്ര ചെയ്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഇതിനുമുൻപും വയനാട് മുൻ എം പി ഇത്തരം അപ്രതീക്ഷിത യാത്രകൾ നടത്തിയിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ രാഹുൽ ഗാന്ധി ഡെലിവറി ഏജന്റിന്റെ സ്‌കൂട്ടറിൽ കയറി പിലിയൺ ഓടിച്ചിരുന്നു. ഇത് ബെംഗളൂരുവിലെ കോൺഗ്രസ് അനുഭാവികൾക്ക് അമ്പരപ്പുണ്ടാക്കി.
ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ രാഹുൽ ഗാന്ധി അവരെ അഭിവാദ്യം ചെയ്യുകയും കൈവീശുകയും ചെയ്യുമ്പോൾ അനുയായികൾ തടിച്ചുകൂടുന്നത് കാണാം. ആൾക്കൂട്ടത്തിനിടയിൽ കരയുന്നത് കണ്ട ഒരു ചെറുപ്പക്കാരനെ ആശ്വസിപ്പിക്കാനായും രാഹുൽ നിൽക്കുന്നു. രാഹുൽ തന്റെ ഹോട്ടലിലെത്താൻ സ്കൂട്ടറിൽ രണ്ട് കിലോമീറ്ററോളമാണ് സഞ്ചരിച്ചത്.
ഇതിനും മുമ്പ് രാഹുൽ ഗാന്ധി ഡൽഹിയിലെ മതിയ മഹൽ മാർക്കറ്റും ബംഗാളി മാർക്കറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളും സന്ദർശിച്ചിരുന്നു. ആ സന്ദർശന വേളയിൽ,അദ്ദേഹം പ്രദേശത്തെ ചില ജനപ്രിയ വിഭവങ്ങൾ കഴിക്കുകയും ചെയ്തു. മതിയ മഹൽ മാർക്കറ്റിൽ കയറി “ശർബത്ത്”കടയും മറ്റ് ഭക്ഷണശാലകളിലും ബംഗാളി മാർക്കെറ്റിൽ കയറി പ്രത്യേക ഭക്ഷണങ്ങളും കഴിച്ചു. ഡൽഹിയിലെ പ്രശസ്തമായ ഈറ്റിംഗ് പോയിന്റുകൾ ഗാന്ധി പലപ്പോഴും സന്ദർശിക്കുന്നത് നാം കണ്ടിട്ടുണ്ട്.
ഈ സമയത്തു തന്നെ രാഹുൽ ഡൽഹി സർവ്വകലാശാലയിലെ പുരുഷ ഹോസ്റ്റൽ സന്ദർശിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും അവിടെ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
തന്റെ അനുയായികളുമായി ബന്ധപ്പെടാൻ രാഹുൽ ഗാന്ധി എന്ന നേതാവ് തനത് ശൈലി തിരഞ്ഞെടുക്കുന്നത് ഇതാദ്യമല്ല. ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതൽ, സ്വയമേവയുള്ള സന്ദർശനങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും സാധാരണക്കാരുമായി വ്യക്തിപരമായി എത്തിച്ചേരാനും സാധാരണക്കാരുമായി ഇടപഴകാനുമുള്ള തന്റെ ശ്രമങ്ങൾ രാഹുൽ ശക്തമാക്കിയിട്ടുണ്ട്.