
ഡോക്ടർമാരുടെ സുരക്ഷയ്ക്ക് പ്രോട്ടോകോൾ നടപ്പാക്കാൻ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്സിന് മുന്നിൽ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാൻ ആകില്ല. പൊലീസ് അകമ്പടി ഇല്ലാതെയും ആളുകൾ ഡോക്ടർമാരുടെ മുന്നിൽ വരുന്നു. പ്രോട്ടോകോൾ നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം ചോദിച്ചതോടെയാണ് കോടതി പൊട്ടിത്തെറിച്ചത്. ഡോ.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരമാര്‍ശം.
ഇന്ന് ഡോക്ടർമാർക്ക് സംഭവിച്ചത് നാളെ സാധാരണക്കാർക്കും സംഭവിക്കാം. ആശുപത്രി സംരക്ഷണത്തിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് എല്ലാ വശങ്ങളും ഉൾപ്പെടുത്തിയതായി കരുതുന്നുവെന്ന് കോടതി വ്യക്തമാക്കി. കൂടാതെ കോടതി ഹൗസ് സർജൻസി ചെയ്യുന്നവരുടെ മാതാപിതാക്കൾ എന്ത് ധൈര്യത്തിലാണ് വീടുകളിൽ ഇരിക്കേണ്ടതെന്നും ആരാഞ്ഞു. പല താലൂക്ക് ആശുപത്രികളിലും ആളും അർത്ഥവുമില്ല. ഇതുപേടിച്ച ഡോക്ടർമാർ തങ്ങളുടെ തൊഴിൽ ചെയ്യാതിരിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയെന്നോ വേണ്ടത്. ഡോക്ടർമാർ പേടിച്ച് ഇപ്പോൾ റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല.പല കേസുകളും മെഡിക്കൽ കോളേജിലേക്കോ പ്രൈവറ്റ് ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നു.ഇത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. രോഗികൾ തന്നെ കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കുന്ന രീതിയാണ് ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നത്.
ജുഡീഷ്യൽ ഓഫീസേഴ്സ് അസ്സോസിയേഷനെ കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു. ഡോ.വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണോ എന്നത് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം എന്ത് കൊണ്ട് നൽകിയില്ല എന്ന് പോലും കോടതി ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. അതെല്ലാം സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിന് വിടുന്നു. പക്ഷെ പ്രോട്ടോകോൾ നടപ്പാക്കുന്ന കാര്യത്തിൽ മറിച്ചൊരു തീരുമാനമില്ലെന്നു വ്യക്തമാക്കിയ കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിനിടയാക്കിയ സംഭവത്തിൽ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് ആശുപത്രികളിൽ 24 മണിക്കൂർ സുരക്ഷാ സംവിധാനം വേണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.ആശുപത്രിയിൽ പ്രതിയെ കൊണ്ടുപോകുമ്പോഴുള്ള പ്രോട്ടോകോൾ ഉടൻ തയ്യാറാക്കണമെന്നായിരുന്നു സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വന്ദനാ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അതിവേഗം നിയമിക്കുന്നതും സർക്കാരിന് പരിഗണിക്കാവുന്നതാണെന്ന് കോടതി ഇതിനു മുമ്പ്വ്യ കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവൻ ത്വജിച്ചും പൊലീസ് ഡോ.വന്ദനയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നീരീക്ഷിച്ചു.
എല്ലാ ദിവസവും ചെയ്യുന്ന റൂട്ടീൻ പോലെ ആയിപ്പോയി പ്രതിയെ കൈകാര്യം ചെയ്തത്,എല്ലാവരും ഓടി രക്ഷപെട്ടപ്പോൾ ഒരു പാവം പെണ്‍കുട്ടി പേടിച്ച് വിരണ്ടുപോയി.ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന പറഞ്ഞ് തള്ളികളയാനാവില്ല. സംഭവത്തെ ന്യായികരിക്കരുതെന്നും പൊലീസിനോട് കോടതി പറഞ്ഞു. പ്രതി ആക്രമിച്ചപ്പോൾ വന്ദനയെ രക്ഷിച്ചെടുക്കേണ്ട പൊലീസുകാർ എവിടെയായിരുന്നു.
അന്വേഷണം വന്ദനക്ക് നീതി കിട്ടാൻ വേണ്ടിയാകണം. അല്ലങ്കിൽ വന്ദനയുടെ ആത്മാവ് പൊറുക്കില്ല. ഇനി ഒരു ഡോക്ടർക്കും ഈ അവസ്ഥ ഉണ്ടാകാത്ത വിധമുളള പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ പൊലീസിന് കഴിയണം. അംഗീകരിച്ചാലും ഇല്ലെങ്കിലും സംവിധാനത്തിന്‍റെ പരാജയമാണെന്നും കോടതി അന്ന് കോടതി പറഞ്ഞിരുന്നു.