കരുവന്നൂർ തട്ടിപ്പിന് കണ്ടു ഞെട്ടിയിരിക്കുന്ന മലയാളിക്ക് മുന്നിലേക്ക് അടുത്ത തട്ടിപ്പിന്റെ കഥകൾ കൂടി വരികയാണ്. അത് അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പാണ്. ഈ അയ്യന്തോൾ സഹകരണ ബാങ്കും സി പി എം നിയന്ത്രണത്തിലാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനിൽ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. ബേബി ജോണിന്റെ മകൾക്കാണ് ജോലിയുള്ളത്. ഈ ബാങ്കിലാണ് തട്ടിപ്പ് തെളിയുന്നത്. കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ പി സതീഷ്‌കുമാർ അയ്യന്തോൾ ബാങ്കിലൂടെ വെളുപ്പിച്ചെടുത്തത് 40 കോടിയുടെ കള്ളപ്പണമാണ്. 10 വര്ഷം കൊണ്ടാണ് ഈ കള്ളപ്പണം വെളുപ്പിക്കൽ നടന്നത്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇപ്പോൾ സതീഷ്‌കുമാർ എന്ന വെളപ്പായ സതീഷിനെ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പത്തോളം സഹകരണ ബാങ്കുകളിലാണ് ഈ സംഘം തട്ടിപ്പുകൾ നടത്തിയത്.
സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി കണ്ടെടുത്തു.
കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ അംഗം പി കെ ഷാജന്റെ ഭാര്യ അയ്യന്തോൾ ബാങ്കിലെ ജീവനക്കാരിയാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ബേബി ജോണിന്റെ മകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ സിപിഎമ്മിന് വലിയ സ്വാധീനം ഈ ബാങ്കിലുണ്ട്. അതിനിടെ സിപിഎം. നേതാക്കൾ കൈപ്പറ്റിയ വലിയ തുക വെളുപ്പിക്കുന്നതിനായി തൃശ്ശൂരിൽ ധനകാര്യസ്ഥാപനം തുടങ്ങിയതായി സൂചനയും പുറത്തു വരുന്നു. പൂത്തോൾ ആസ്ഥാനമാക്കിയാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് അറിയുന്നത്.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പങ്കാളികളായ സിപിഎം. നേതാക്കളാണ് ഇതിന്റെ ഡയറക്ടർമാർ എന്നാണ് വിവരം. ഇതും ഇഡി അന്വേഷിക്കും. ബോർഡ് വയ്ക്കാതെയും പൂർണ മേൽവിലാസം വെളിപ്പെടുത്താതെയുമാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം.
2013 ഡിസംബർ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതിൽ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. 2014 മാർച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിൻവലിച്ചു. അതേവർഷം മെയ് 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിൻവലിച്ചു. വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.
പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവലിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം. വെളപ്പായ സതീശന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച അയ്യന്തോൾ സഹകരണ ബാങ്കിൽ പത്തുകൊല്ലത്തിനിടെ നടന്ന ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്. ഇഡി ശേഖരിച്ച സതീശന്റെ ബാങ്ക് രേഖകളുടെ പകർപ്പ് പുറത്തു വന്നു. പൂർണമായും സിപിഎം നിയന്ത്രണത്തിലുള്ള അയ്യന്തോൾ ബാങ്കും കരുവന്നൂരിന് പിന്നാലെ കള്ളപ്പണം വെളിപ്പിക്കാനുള്ള സുരക്ഷിത ഇടമായി ചിലർ മാറ്റിയോ എന്നതിലാണ് പരിശോധന.
പത്തുകൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് സതീശന്റെയും കുടുംബാങ്ങളുടെയും അയ്യന്തോൾ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. എന്നാലിപ്പോൾ അക്കൗണ്ടുകളിലുള്ളത് ചെറിയ തുക മാത്രമാണ് അതായത് പണമായി അയ്യന്തോൾ ബാങ്കിൽ നിക്ഷേപിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും പിൻവലിക്കുകയും ചെയ്തിരിക്കുന്നു. ഇത് കള്ളപ്പണം വെളിപ്പിക്കലാണെന്നാണ് സൂചന. തെളിവ് കിട്ടിയതിന് പിന്നാലെയാണ് അയ്യന്തോളിലെ സതീശന്റെയും കുടുംബാഗങ്ങളുടെയും അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചത്. ഇഡി ആവശ്യപ്പെട്ടത് പ്രകാരം അക്കൗണ്ട് വിവരങ്ങളുടെ വിശദമായ സ്റ്റേറ്റ്മെന്റും ബാങ്ക് കൈമാറിയിട്ടുണ്ട്.
ഇതിനിടെ കരുവന്നൂർ കേസിൽ ജിജോറിന്റെ മൊഴികളും നൽകിയ വിവരങ്ങളും ഏറെ നിർണായകമാണ്. സതീഷ്‌കുമാറിന്റെ 6 മാസത്തെ ഫോൺവിളികളുടെ വിശദാംശങ്ങൾ ഇ.ഡി പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ജിജോറിനെതിരായ ഫോൺവിളികളും കണ്ടെടുത്തത്. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി കരുതുന്ന നോട്ട് നിരോധന കാലത്തു സതീഷ്‌കുമാറിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായിരുന്നു ജിജോർ. ഇത് പുറത്തറിയാതിരിക്കാനായിരുന്നു ഗൂഢാലോചനയെന്ന് വ്യക്തം. എന്നിട്ടും സിപിഎം അന്വേഷണ കമ്മീഷനിൽ ഇതൊന്നും കണ്ടെത്തിയില്ലെന്നതാണ് വസ്തുത.
ഏതാനും മാസങ്ങളായി സതീഷും സംഘവും ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ, സതീഷിന്റെ ഇടപാടുകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ജിജോർ എതിരെ മൊഴിനൽകിയാലോ എന്നായിരുന്നു ഇവരുടെ പ്രധാന ഭയം. സിപിഎം പ്രാദേശിക നേതാവുമായി സതീഷ് നടത്തുന്ന ഫോൺവിളികളിൽ ഈ ആശങ്ക പലവട്ടം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ മുൻ വനിതാ എംപി.യുടെ ബന്ധുവാണെന്ന് സ്വയം പ്രഖ്യാപിച്ച് തൃശ്ശൂരിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയ സതീശന് തൃശ്ശൂരിനു പുറമേ കണ്ണൂരിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ജിജോർ വെളിപ്പെടുത്തിയിരുന്നു.
