ഇ ഡി ഊണും ഉറക്കവുമില്ലാതെ കേരളത്തിലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കണ്ടെത്താൻ ഇറങ്ങിയിരിക്കുകയാണ്. കരുവന്നൂരിന് പിന്നാലെ ഇപ്പോൾ ഇ ഡി പാഞ്ഞെത്തിയിരിക്കുന്നത് തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലേക്കാണ് എന്നതാണ് പുതിയ വിവരം. ഈ അന്വേഷണങ്ങൾക്കെല്ലാം തുടക്കമിട്ടത് കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കലിലെ അന്വേഷണമാണ്. ഇപ്പോൾ കേരളത്തിലെ പത്തോളം ബാങ്കുകളാണ് ഇ ഡി റഡാറിൽ പെട്ടിരിക്കുന്നത്. തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിന് പുറമെ അയ്യന്തോൾ സഹകരണ ബാങ്കിലേക്കും ആധാരമെഴുത്ത് സ്ഥാപനങ്ങളിലേക്കുമാണ് ഇ ഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സി പി എം നേതാവായ എം കെ കണ്ണൻ ആണ് ഈ ബാങ്കിന്റെ പ്രസിഡന്റ്. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് കണ്ണൻ. ഇയാളുടെ സാന്നിധ്യത്തിലാണ് കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്ഡെന്നാണു വിവരം. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പം സായുധ സേന അംഗങ്ങളുടെ സുരക്ഷയ്ക്ക് നടുവിലായിരുന്നു റെയ്ഡ്. കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
വിദേശത്തുനിന്നെത്തിച്ചു കള്ളപ്പണം വെളുപ്പിച്ചതിനു പുറമേ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം വൻതോതിൽ കൈക്കൂലിപ്പണവും സതീഷ് കുമാർ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മാസപ്പലിശയ്ക്കു സതീഷിന്റെ കയ്യിൽ പണം കൊടുക്കുകയായിരുന്നു ഇവരുടെ രീതി. ഇക്കൂട്ടത്തിൽ നീതിന്യായ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനടക്കമുണ്ടെന്നു പരിശോധനയിൽ വ്യക്തമായി. ഇവരിൽനിന്നു സ്വരൂപിച്ച പണമടക്കം വിവിധ സഹകരണ ബാങ്കുകളിലെ ബെനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുക്കുകയായിരുന്നു സതീഷിന്റെ രീതി.
സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ പി.സതീഷ്കുമാർ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണമാണെന്നാണു വിവരം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെടുത്തു. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.
അയ്യന്തോൾ ബാങ്കിൽ 2013 ഡിസംബർ 12 മുതൽ 2023 സെപ്റ്റംബർ 5 വരെയുള്ള സതീഷിന്റെ ഇടപാടുകളുടെ രേഖ പരിശോധിച്ചതിൽനിന്ന് ഇ.ഡിക്കു വ്യക്തമായ വിവരങ്ങൾ:
2013 ഡിസംബർ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതിൽ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി.
2014 മാർച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിൻവലിച്ചു.
അതേവർഷം മേയ് 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിൻവലിച്ചു.
വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.
2018 ജൂൺ ആറിന് ഒറ്റ ദിവസം 30 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റ്. ഇതിനിടെ പല ദിവസങ്ങളിലും 7–10 ലക്ഷം രൂപയുടെ കാഷ് ഡിപ്പോസിറ്റുകൾ.
പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവലിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ അംഗം പി കെ ഷാജന്റെ ഭാര്യ അയ്യന്തോൾ ബാങ്കിലെ ജീവനക്കാരിയാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ബേബി ജോണിന്റെ മകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ സിപിഎമ്മിന് വലിയ സ്വാധീനം ഈ ബാങ്കിലുണ്ട്. അതിനിടെ സിപിഎം. നേതാക്കൾ കൈപ്പറ്റിയ വലിയ തുക വെളുപ്പിക്കുന്നതിനായി തൃശ്ശൂരിൽ ധനകാര്യസ്ഥാപനം തുടങ്ങിയതായി സൂചനയും പുറത്തു വരുന്നു. പൂത്തോൾ ആസ്ഥാനമാക്കിയാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് അറിയുന്നത്.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പങ്കാളികളായ സിപിഎം. നേതാക്കളാണ് ഇതിന്റെ ഡയറക്ടർമാർ എന്നാണ് വിവരം. ഇതും ഇഡി അന്വേഷിക്കും. ബോർഡ് വയ്ക്കാതെയും പൂർണ മേൽവിലാസം വെളിപ്പെടുത്താതെയുമാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം.
ഇതിനിടെ കരുവന്നൂർ കേസിൽ ജിജോറിന്റെ മൊഴികളും നൽകിയ വിവരങ്ങളും ഏറെ നിർണായകമാണ്. സതീഷ്‌കുമാറിന്റെ 6 മാസത്തെ ഫോൺവിളികളുടെ വിശദാംശങ്ങൾ ഇ.ഡി പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ജിജോറിനെതിരായ ഫോൺവിളികളും കണ്ടെടുത്തത്. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി കരുതുന്ന നോട്ട് നിരോധന കാലത്തു സതീഷ്‌കുമാറിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായിരുന്നു ജിജോർ. ഇത് പുറത്തറിയാതിരിക്കാനായിരുന്നു ഗൂഢാലോചനയെന്ന് വ്യക്തം. എന്നിട്ടും സിപിഎം അന്വേഷണ കമ്മീഷനിൽ ഇതൊന്നും കണ്ടെത്തിയില്ലെന്നതാണ് വസ്തുത.
