
‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.
ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് ആണ് ആദിപുരുഷിന്‍റെ ടിക്കറ്റുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവ് ആളുകൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കാൻ കഴിയുന്ന ഒരു Google ഫോം ലിങ്കും പങ്കുവച്ചു.
”ആദിപുരുഷിന് 10,000 ടിക്കറ്റുകൾ നൽകും, തെലങ്കാനയിലുടനീളമുള്ള വൃദ്ധസദനങ്ങൾ,സ്കൂളുകൾക്കും സൗജന്യമായി ടിക്കറ്റുകൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ സഹിതം ഗൂഗിൾ ഫോം പൂരിപ്പിക്കുക. https://bit.ly/CelebratingAdipurush #JaiShreeRam ന്റെ ഗാനങ്ങൾ എല്ലാ ദിശകളിലും മുഴങ്ങട്ടെ” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ചിത്രം കളിക്കുന്ന എല്ലാ തീയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
കഴിഞ്ഞ ദിവസം തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിൽ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും പ്രദർശിപ്പിച്ചിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയം താരകരാമ പവലിയനിലാണ് ആദിപുരുഷ് പ്രീ റിലീസ് ഇവന്റ് നടന്നത്. പരിപാടിയിൽ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്. വേദിയിലേക്കെത്തിയ പ്രഭാസിനെ ‘ബാഹുബലി’ എന്ന ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നിലവിൽ ചിത്രത്തിന്റെ വിദേശ ബുക്കിംഗ് ആരംഭിച്ചു, തദ്ദേശീയ ഭാഷകളിലുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും.500 കോടി നിര്‍മ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുന്‍പ് അതിന്‍റെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്. മികച്ച ഓപ്പണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍