തിരുവനന്തപുരത്തെ കാട്ടാക്കട ക്രിസത്യൻ കോളേജിലെ ആൾമാറാട്ട വിവാദം ആറിത്തണുക്കും മുമ്പേ എസ എഫ് ഐ എന്ന സംഘടനയുടെ അടുത്ത ലീലാവിലാസങ്ങൾ പുറത്ത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവിനെതിരെ കേസെടുത്തു. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യയാണ് (വിദ്യ വിജയൻ) ഗെസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അതും വെറും കേസിൽ മാത്രം ഒതുങ്ങാനാണ് സാധ്യത. നടപടികളൊന്നും ഉണ്ടാകില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. രണ്ടുപേരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ ഇപ്പോൾ പോരാളി സൈബർ സഖാക്കൾ ശക്തി തെളിയിക്കാൻ പുറത്തു വിട്ടിട്ടുണ്ട്.
എന്തായാലും വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പിടിക്കപ്പെട്ട കെ. വിദ്യ ചില്ലറക്കാരിയല്ല. ഇടത് സാംസ്‌കാരിക രംഗത്ത് പേരെടുത്ത എഴുത്തുകാരിയാണ്. 2021- ൽ വിദ്യ തന്റെ ചെറുകഥ സമാഹാരം പുറത്തിറക്കിയിരുന്നു. 2021 -ൽ പുറത്തിറങ്ങിയ വിദ്യയുടെ കവിതാ സമാഹാരം ഇടത് സഹയാത്രികനും കാലടി സർവകലാശാല അദ്ധ്യപകനുമായ സുനിൽ പി. ഇളയിടമാണ് പ്രകാശനം ചെയ്തത്.
2021 മെയ് അഞ്ചിനായിരുന്നു വളരെ കുറച്ചുപ്പേർ മാത്രം പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് നടന്നത്. സുനിൽ പി ഇടയിടം തന്റെ പുസ്തകം മറ്റൊരു പുസ്തകത്തിൽ നിന്ന് പകർത്തിയതിൽ ആരോപണം നേരിട്ടിരുന്നു. സുനിൽ പി ഇളയിടത്തിന്റെ പുസ്തകത്തിൽ 85 ശതമാനം അടക്കം സാഹിത്യചോരണം നടന്നു എന്നായിരുന്നു ആരോപണം. സജീവ ഇടതുപക്ഷ പ്രവർത്തകയായ വിദ്യ ഇക്കഴിഞ്ഞ ദിവസമാണ് വ്യാജ സർട്ടിഫിക്കേറ്റുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്കായി ശ്രമിച്ചത്. എന്നാൽ സർട്ടിഫിക്കേറ്റിൽ സംശയം തോന്നിയ കോളേജ് അധികൃതർ ഇത് സംബന്ധിച്ച് മഹാരാജസുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
പയ്യന്നൂർ കോളേജിൽ നിന്നാണ് വിദ്യ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്‌ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. സ്വയംഭരണാവകാശമുള്ള കോളേജ് ആണ് മഹാരാജാസ്. അതുമുതലെടുത്താണ് എസ എഫ് ഐയുടെ ഈ തോന്ന്യവാസങ്ങൾ നടക്കുന്നത്. ഇതിനു കൃത്യമായും നേതാക്കളുടെ പിന്തുണയുണ്ടെന്ന ആക്ഷേപവും പരക്കെയുണ്ട്. മുൻപ് നടന്ന സംഭവങ്ങളിലൊന്നും നടപടികളൊന്നും ഇല്ലാത്തതാണ് ഇതിനു കാരണം.
വിദ്യയുടെ സുഹൃത്തും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം.ആർഷോ എഴുതാതെ ‘ജയിച്ച’ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നതോടെ സംഭവങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു. മഹാരാജാസ് കോളജ് കേന്ദ്രീകരിച്ച് എസ്എഫ്‌ഐയുടെ ഗൂഢപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ തട്ടിപ്പുകൾ പുറത്തു വരുന്നത്.
കാലടി സംസ്‌കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ മുൻപ് മഹാരാജാസിലും എസ്എഫ്‌ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഒരേ സമയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അസാമാന്യ ബുദ്ധിവൈഭവം ഉള്ളയാൾ എന്നർത്ഥം.
ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പൊലീസിനു നൽകിയ പരാതിയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണം അഗളി പൊലീസിനു കൈമാറും.മുൻപ് പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കാസർകോട്ടും മഹാരാജാസിലെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എസ്എഫ്‌ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ച് അന്നും ജോലി നേടിയതെന്ന് ആരോപണമുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഇത്തരം ഇടപെടൽ സംശയിക്കുന്നു.
ഇതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായി മാർക്ക്ലിസ്റ്റ് പുറത്തു വന്നിരുന്നു. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോയ്ക്കു മാർക്കോ ഗ്രേഡോ ഇല്ല. എന്നാൽ, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോൾ വിവാദത്തിലായത്. കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പരീക്ഷാഫലത്തിന്റെ ലിങ്കിൽ തിരുത്തു വരുത്തി. ആർഷോയുടെ ഫലത്തിനു നേരെ ‘ആബ്‌സന്റ്’ എന്നും ‘ഫെയ്ൽഡ്’ എന്നുമാണ് ഇപ്പോഴുള്ളത്. മാർക്ക് ലിസ്റ്റ് തയാറാക്കുന്ന എൻഐസിയുടെ (നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ) സോഫ്റ്റ്‌വെയറിലെ വീഴ്ചയാണു പ്രശ്‌നമായതെന്നും മുൻപും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. വി എസ്.ജോയ് പറയുന്നു.
