കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്.തന്നെ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചതോടെയാണ് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
2022 സെപ്റ്റംബർ 20ന് ആണ് സരുൺ സജിയെ കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കള്ളക്കേസിൽ കുടുക്കിയത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 10 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തിലാണ് അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥർ കണ്ടെത്തിയത്. അതേതുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അടക്കം 7 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു സസ്‌പെൻഡു ചെയ്തു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽ കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ ആർ ഷിജിരാജ് വി സി ലെനിൻ ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ കെ എൻ മോഹനൻ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്.
കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും കേസ് പിന്‍വലിക്കാതിരുന്നതിനെ തുടര്‍ന്ന് സരുണ്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും വനം വകുപ്പ് അധികൃതര്‍ നടപടികള്‍ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് വനം മന്ത്രി സരുണിന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ യുവാവിനെ കേസില്‍ നിന്നൊഴിവാക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതിന്റെ പേരില്‍ നടപടി നേരിട്ട ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വനം വകുപ്പ് തിരിച്ചെടുത്തു.
കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ പലതവണ സരുണ്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മനുഷ്യാവകാശ-ഗോത്ര വര്‍ഗ കമിഷനുകള്‍ ഇടപെട്ടതോടെയാണ് 2022 ഡിസംബര്‍ 5ന് 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായത്.
കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് സരുണിന്റെ ആരോപണം.
