കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു.
സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളിൽ നൽകണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നൽകണം. പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാം. ട്രയല് അലോട്ട്മെൻ്റ് ജൂൺ 13ന് നടക്കും. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓൺലൈനായി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങൾക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും പരീക്ഷ ഫലം പ്രഖ്യാപന വേളയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33815 പേരാണ്. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.
ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അർഹരായവർ 22338 പേരും. ഏറ്റവും കൂടുതൽ വിജയം വയനാട്ടിലാണ്. 20 സ്കൂളുകൾ സമ്പൂർണ വിജയം നേടി. 373 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.
നല്ല റിസൾട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകും കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.