കേരള ബ്ലാസ്‌റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് പി വി ശ്രീനിജൻ എംഎൽഎ തടഞ്ഞതിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. നൂറിലധികം കുട്ടികളെ മണിക്കൂറുകൾ പെരുവഴിയിൽ നിർത്തിയ സംഭവം വിവാദമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ നൂറിലധികം കുട്ടികൾ നാലര മണിക്കൂർ പെരുവഴിയിൽ നിൽക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി,ബ്ലാസ്റ്റേഴ്സ് ടീം എന്നിവരോട് റിപ്പോർട്ട് തേടി . രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കഴിഞ്ഞ തിങ്കൾ രാവിലെയാണ് സെലക്ഷൻ ട്രയൽസ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പി.വി.ശ്രീനിജിൻ പൂട്ടിയിട്ടത്. ഭക്ഷണമോ, ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയൽസിനെത്തിയവർ ബുദ്ധിമുട്ടി.മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെ വലിയതോതിൽ പ്രതിഷേധമുണ്ടായി. തുടർന്ന് കോർപ്പറേഷൻ കൗൺസിലർമാർ ഇടപെട്ടാണ് ഗ്രൗണ്ട് തുറന്നു നൽകിയത്. ജില്ലാ സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക കുടിശിക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎൽഎയുടെ നടപടി. വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. വാടക കുടിശിക കിട്ടിയില്ലെന്ന പി.വി.ശ്രീനിജിന്റെ വാദം സംസ്ഥാന സ്പോർട്സ് കൗൺസിൽ തള്ളിയിരുന്നു. കുടിശിക മുഴുവൻ കിട്ടിയെന്ന് സംസ്ഥാന പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു