കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ എന്തും കൈക്കൂലിയായി സ്വീകരിക്കുന്ന ആളാണെന്നു നാട്ടുകാർ. ഒരു സർട്ടിഫിക്കറ്റിന്‌ പോയാൽ കുറഞ്ഞത് 500 രൂപയെങ്കിലും വാങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു വിജിലെൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയാണ് സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയത്. പണമടങ്ങിയ കവറുകൾ പോലും മുറിയിൽ അലക്ഷ്യമായാണ് ഇയാൾ ഇട്ടിരുന്നത്. എത്രയധികം പണം സൂക്ഷിച്ചിട്ടും ബുദ്ധിപൂർവം ലളിത ജീവിതം നയിച്ചു. ആർക്കും സംശയം തോന്നാതിരിക്കാനുള്ള അടവായിരുന്നു ഇത്.അതുകൊണ്ടു തന്നെ ഇയാളുടെ മുറിയിൽ നിന്നും 35 ലക്ഷം രൂപ പിടിച്ചെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ നാട്ടുകാർ ഏറെ പാടുപെട്ടു. ലളിത ജീവിതം നയിക്കുന്നതുകൊണ്ടു തന്നെ ചില്ലറകൈക്കൂലി മാത്രമാണ് ഇയാൾ വാങ്ങിയിരുന്നതെന്നു എല്ലാവരും വിശ്വസിച്ചു.
വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞ വാദവും അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയത് വീട് വയ്ക്കാനാണെന്നാണ് ഇയാൾ പറഞ്ഞത്. തനിക്ക് സ്വന്തമായി വീടില്ല.അതുകൊണ്ടു സ്വന്തമായി വീട് വയ്ക്കണം എന്നായിരുന്നു ഇയാളുടെ ഞെട്ടിക്കുന്ന മറുപടി. ഏതായാലും ഇയാളുടെ വീട്ടിൽ കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണിത്തീർന്നിട്ടുണ്ട്. 9000 നാണയത്തുട്ടുകലാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.
ഇത്രയധികം പണം സമ്പാദിച്ചിട്ടും വീടുമാത്രമല്ല സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇയാൾക്ക് ഉണ്ടായിരുന്നില്ല. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൂടാതെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും ഉദ്യോഗസ്ഥർ ഇന്ന് തന്നെ നൽകും. മാസങ്ങളായി വാങ്ങിയ പണം മാത്രം കവറുകളിലാക്കി സൂക്ഷിതാണ് 35 രൂപ.ഇതിനു പുറമേയാണ് സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു. സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക പിടിച്ചെടുക്കുന്നത് ആദ്യമായാണെന്ന് വിജിലൻസ് അറിയിച്ചു. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശിയുടെ പക്കൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇതേ പരാതിക്കാരനിൽ നിന്ന് സുരേഷ് ബാബു മുൻപും കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു.