കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.

പൊതുഗതാഗതം തടസപ്പെടുത്തിയെന്ന കുറ്റം നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യവര്‍ഷം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്.

2021 നവംബറില്‍ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ നവംബര്‍ ഒന്നിന് കൊച്ചിയില്‍ ഡിസിസി നടത്തിയ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇടപ്പള‌ളി-വൈറ്റില-അരൂര്‍ ബൈപാസില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തില്‍ നടനും അകപ്പെട്ടുപോയിരുന്നു. കേസ് റദ്ദാക്കുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച്‌ ജോജു ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു. എന്നാല്‍ പരാതിപിന്‍വലിച്ചാലും പൊതുജനങ്ങള്‍ക്കെതിരായ കുറ്റകൃത്യം റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന്‍ എ.കെ സാജന്റെ ചിത്രത്തിന്റെ ചര്‍ച്ചയ്‌ക്കായി കാണാന്‍ പോകവെയാണ് നടന്‍ സമരത്തില്‍ പെട്ടത്. സമരത്തെ ശക്തമായി വിമര്‍ശിച്ച ജോജു അടുത്തുള‌ള വാഹനത്തില്‍ കീമോതെറാപ്പിയ്‌ക്ക് ശേഷം വീട്ടിലേക്ക് പോകാനാകാതെ ഒരു കുട്ടിയുമായെത്തിയ കുടുംബത്തിന്റെ അവസ്ഥ പറയുകയും ചെയ്‌തു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകരുകയും ചെയ്‌തു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് അന്ന് കേസെടുത്തിരുന്നത്. ജോജു മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുകയും ചെയ്‌തിരുന്നു